പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏപ്രിൽ 2നു ആഗോള താരിഫുകൾ പ്രഖ്യാപിക്കുന്നതോടെ വാഹന വിലകൾ ഉയരുമെന്ന സാധ്യത കണക്കിലെടുത്തു മാർച്ചിൽ കാറുകൾ വാങ്ങാൻ തിരക്കേറിയെന്നു കാർ ഡീലർമാർ പറയുന്നു.
ഹ്യുണ്ടായി മോട്ടോഴ്‌സ് നോർത്ത് അമേരിക്ക പറയുന്നത് കഴിഞ്ഞയാഴ്ച്ച കണ്ടാൽ ദീർഘകാലത്തിനിടയിലെ ഏറ്റവും മികച്ച വിൽപ്പനയാണ് എന്നാണ്. കഴിഞ്ഞ വർഷത്തേക്കാൾ 13% വർധന.
ഫോർഡ് മോട്ടോഴ്‌സ് ആവട്ടെ, 19% കൂടുതൽ വില്പന കണ്ടു. ജനറൽ മോട്ടോഴ്‌സ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഈ വർഷത്തെ ആദ്യ മൂന്നു മാസം 17% വർധന കണ്ടെന്നു വെളിപ്പെടുത്തി: 693,000 വാഹനങ്ങൾ.
ഏപ്രിൽ 2നു നടപ്പിൽ വരുന്ന താരിഫുകൾ മെയ് 3 മുതൽ വാഹന പാർട്ട്സിനും ബാധകമാവുമെന്നു ട്രംപ് പറഞ്ഞിരുന്നു. യുഎസിൽ നിർമിക്കുന്ന ഒട്ടേറെ കാറുകൾക്ക് ഇറക്കുമതി ചെയ്ത പാർട്ടുകൾ ഉപയോഗിക്കുന്നുണ്ട്. പലപ്പോഴും അത് വാഹനത്തിന്റെ വിലയിൽ 50 ശതമാനത്തേക്കാൾ കൂടുതലാണ്.
നിരീക്ഷകർ പറയുന്നത് പല കാർ കമ്പനികൾക്കും ശരാശരി $10,000 വരെ വില കൂട്ടേണ്ടി വരും എന്നാണ്.
ഇലക്ട്രിക്ക് വാഹനങ്ങൾക്കും ഹൈബ്രിഡിനും വില്പന കൂടി. ടയോട്ട പറയുന്നത് ഹൈബ്രിഡ്-ഇലട്രിക് മോഡലുകൾക്കു നോർത്ത് അമേരിക്കയിൽ മാർച്ചിൽ 44% വില്പന കൂടി എന്നാണ്. വിറ്റത് 113,000 വാഹനങ്ങൾ. ഹൈബ്രിഡ് വില്പനയിൽ അവർ മുന്നിലാണ്.
ഫോർഡിനു ഹൈബ്രിഡ് മോഡലുകൾക്ക് ആദ്യ മൂന്നു മാസത്തിൽ 33% കൂടുതൽ വില്പന ഉണ്ടായി. മസ്താങ്-ഇ പോലുളള ഇലക്ട്രിക്ക് വാഹനങ്ങൾക്ക് 12 ശതമാനവും.
ഹൈബ്രിഡ് വില്പന 68% വർധിച്ചെന്നാണ് ഹ്യുണ്ടായി പറയുന്നത്. വെറും ഇലക്ട്രിക്ക് കാറുകൾ 3% കൂടുതൽ വിറ്റു. ബി എം ഡബ്ലിയുവിന്റെ ഇലക്ട്രിക്ക് കാറുകൾക്കു 26% വില്പന കൂടി.
ഹ്യുണ്ടായിക്കും കിയക്കും ജോർജിയയിലും അലബാമയിലും ഫാക്ടറികളിലുണ്ടെങ്കിലും വൻ തോതിൽ സൗത്ത് കൊറിയയിൽ നിന്ന് ഇറക്കുമതിയുണ്ട്.
Car sales soar ahead of tariffs