ബഹിരാകാശത്ത് നിന്നു നോക്കുമ്പോള്‍ ഇന്ത്യ അതിമനോഹരമാണെന്ന് അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. അച്ഛന്റെ ജന്മനാടായ ഇന്ത്യ സന്ദര്‍ശിക്കുമെന്നും ബഹിരാകാശത്തെ അനുഭവങ്ങള്‍ അവിടുത്തെ ജനങ്ങളുമായി പങ്കുവെക്കുമെന്നും സുനിത വില്യംസ് ന്യുയോര്‍ക്കില്‍ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് നോക്കുമ്പോള്‍ ഇന്ത്യ എങ്ങനെ കാണപ്പെട്ടുവെന്നും, ബഹിരാകാശ പര്യവേഷണത്തിന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുമായി (ഐഎസ്ആര്‍ഒ) സഹകരിക്കാനുള്ള സാധ്യതയെ കുറിച്ചുമുള്ള ചോദ്യത്തിന്റെ മറുപടിയിലാണ് സുനിത അച്ഛന്റെ നാട് കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.
സുനിത വില്യംസിന്റെ അച്ഛന്‍ ദീപക് പാണ്ഡ്യ ഗുജറാത്ത് സ്വദേശിയാണ്. മെഡിസിൻ പരിശീലനത്തിനും ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനുമായി 1958ലാണ് അദ്ദേഹം യുഎസ് നഗരമായ ക്ലീവ്‌ലാന്‍ഡിലെ ഓഹിയോയില്‍ എത്തുന്നത്. ദീപക് പാണ്ഡ്യയുടെയും ഉര്‍സുലിന്‍ ബോണി പാണ്ഡ്യയുടെയും മകളായി ഓഹിയോയിലാണ് സുനിതയുടെ ജനനം.