വാഷിംഗ്ടൺ: 2025 മാർച്ച് 25നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഓർഡർ 14248 പുറത്തിറക്കി. 'പ്രീസെർവിങ് ആൻഡ് പ്രൊട്ടക്റ്റിംഗ് ദി ഇന്റെഗ്രിറ്റി ഓഫ് അമേരിക്കൻ എലെക്ഷൻസ്' എന്നു പേരിട്ടിരിക്കുന്ന ഈ ഓർഡർ മൂലം എല്ലാ വോട്ടർമാരും രേഖാമൂലമുള്ള തെളിവുകൾ സഹിതം ഹാജരായാൽ മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കൂ.
തിരഞ്ഞെടുപ്പ് ദിവസത്തിന് മുൻപ് ചെയ്യുന്ന തപാൽ വോട്ടുകൾ മാത്രം എണ്ണുക, തെരെഞ്ഞടുപ്പ് ദിവസത്തിന് ശേഷം മെയിൽ ചെയ്യുന്ന വോട്ടുകൾ പരിഗണിക്കാതിരിക്കുക എന്നും ഈ എക്സിക്യൂട്ടീവ് ഓർഡറിൽ പറയുന്നുണ്ട്. ഈ രാജ്യത്തു നടത്തപ്പെടുന്ന തിരഞ്ഞെടുപ്പുകൾ എങ്ങനെ നടക്കണം എന്ന് തീരുമാനിക്കുവാനുള്ള ശ്രമമാണ് ഈ എക്സിക്യൂട്ടീവ് ഓർഡറിലൂടെ നടത്തുന്നത് എന്ന് വിമർശനം ഉണ്ടായി. ഇത് വരെ വോട്ടെടുപ്പ് തീയതിക്കു ശേഷം മെയിൽ ചെയ്ത ബാലറ്റുകളും എണ്ണിയിരുന്നു. എന്നാൽ ഇനി മുതൽ തിരഞ്ഞെടുപ്പ് തീയതി വരെ മെയിൽ ചെയ്ത വോട്ടുകൾ മാത്രം എണ്ണിയാൽ മതി എന്നാണ് എക്സിക്യൂട്ടീവ് ഓർഡർ പറയുന്നത്.
ഓർഡറിനെതിരെ പ്രധാനമായും ഡെമോക്രാറ്റിക് കോൺഗ്രസ് അംഗങ്ങൾ ഫയൽ ചെയ്ത ഹർജിയിൽ, ഈ ഓർഡർ ഒരു പറ്റം ഫെഡറൽ നിയമങ്ങളെ മറികടക്കുവാനാണ് ശ്രമിക്കുന്നത് എന്ന് ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് നിയമങ്ങൾ ആജ്ഞാപിക്കുവാൻ പ്രസിഡന്റിന് ഒരു അധികാരവും ഇല്ല എന്നാണ് പരാതി ആരംഭിക്കുന്നത് തന്നെ. ഭരണ ഘടനയുടെ ശിൽപികൾ മുൻകൂട്ടി കണ്ടതാണ് അവർ നിയമത്തിൽ ഉൾക്കൊള്ളിച്ചത്. സ്വന്തം താല്പര്യങ്ങളും സ്വയം വലുതാവാൻ ശ്രമിക്കുന്ന നേതാക്കളും നമ്മുടെ ഗവെർന്മെന്റ് സംവിധാനത്തെ പങ്കിലപ്പെടുത്താൻ ശ്രമിക്കുമെന്ന് അവർക്കറിയാമായിരുന്നു. അത് കൊണ്ടാണ് അവർ വികേന്ദ്രീകൃതമായ അധികാരകേന്ദ്രങ്ങൾ സൃഷ്ടിക്കുവാൻ ശ്രമിച്ചത്.
ഈ പരാതിയിൽ വളരെ അധികം കുറ്റങ്ങൾ ആരോപിക്കുന്നുണ്ട്. എക്സിക്യൂട്ടീവ് ഓർഡറിലെ പല വകുപ്പുകളും നിയമ വിരുദ്ധമാണ്, നിയമപരമായി ചോദ്യം ചെയ്യപ്പെടും, മറ്റു വകുപ്പുകൾ അധികാര വികേന്ദ്രീകരണവും ഭരണഘടനയുടെ പത്താം ഭേദഗതി ചോദ്യം ചെയ്യപ്പെടുന്നതാണ് എന്നും ആരോപിക്കുന്നു. പത്താം ഭേദഗതി വളരെ അപൂർവമായി മാത്രമേ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളൂ. കോടതിയിൽ ചോദ്യം ചെയ്ത് കേസുകൾ വിജയിച്ച ചരിത്രവും ഇല്ല എന്ന് നിയമജ്ഞർ പറയുന്നു.
മുപ്പതോളം സംസ്ഥാനങ്ങളിൽ പോൾ ചെയ്ത വോട്ടുകൾ, തിരഞ്ഞെടുപ്പിന്റെ അന്ന് ചെയ്യുന്ന വോട്ടുകൾ, ഒരു നിശ്ചിത സമയത്തിനുള്ളിൽ ലഭിക്കുകയാണെങ്കിൽ എണ്ണണം എന്ന നിയമത്തിനു പ്രാബല്യം ഉണ്ട്. ഇത് എലെക്ഷൻ കഴിഞ്ഞു രണ്ടു മൂന്ന് ദിവസത്തിന് ശേഷം വോട്ടു ചെയ്യുന്നത് പോലെയാണെന്നു ട്രംപ് പറയുന്നു. ഏതാണ്ട് ഏകകണ്ഠമായി വോട്ട് ബൈ മെയിൽ സമ്പ്രദായത്തിന് ഫെഡറൽ കോർട്ടുകളും അംഗീകാരം നല്കിയിട്ടുള്ളതിനാൽ ട്രംപിന് ശക്തമായ എതിർപ്പ് നേരിടേണ്ടി വരും.
അഞ്ചാം യു എസ് കോർട്ട് ഓഫ് അപ്പീൽസിലെ ജഡ്‌ജിമാർ മാത്രമാണ് ഇതിനെതിരെ നിന്നിട്ടുള്ളത്. 2024 ഒക്ടോബറിൽ ട്രംപ് നിയമിച്ച ജഡ്‌ജിമാർ മിസിസിപ്പി സംസ്ഥാനത്തു തിരഞ്ഞെടുപ്പ് ദിവസത്തിന് ശേഷം ലഭിക്കുന്ന വോട്ടുകൾ എണ്ണുന്നത് ഫെഡറൽ നിയമത്തിനു വിരുദ്ധമാണ് എന്ന് വിധിച്ചു. കോർട്ട് വിശദീകരിച്ചത് പ്രസിഡെൻഷ്യൽ എലെക്റ്റർഷിനെയും കോൺഗ്രസിലെ മെമ്പർമാരെയും തിരഞ്ഞെടുക്കുവാനുള്ള അവസാന തീയതി നവംബറിലെ ആദ്യ തിങ്കളാഴ്ചക്ക് ശേഷം വരുന്ന ചൊവ്വാഴ്ചയാണെന്നു 1845 മുതൽ പിന്തുടർന്ന് വരുന്ന കാര്യമാണ് എന്നായിരുന്നു.