ഡൽഹി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ നോട്ടീസ്. സംസ്ഥാന സർക്കാരിനാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ് രാജേഷ് ബിന്ദല്‍ എന്നിവരുടെ ബെഞ്ചാണ് സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചത്.
വിസ്മയ കേസില്‍ പത്തുവര്‍ഷം തടവു ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരേയാണ് പ്രതി കിരണ്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയത്. പ്രതിയുടെ ഇടപെടല്‍ കൊണ്ടാണ് ആത്മഹത്യയെന്ന് തെളിക്കാനായിട്ടില്ല. മാധ്യമ വിചാരണയുടെ ഇരയാണ് താനെന്നും കിരണ്‍കുമാര്‍ പറഞ്ഞിരുന്നു.
സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ഭർതൃ ഗൃഹത്തിൽ 2021 ജൂണില്‍ വിസ്മയ തൂങ്ങിമരിച്ചത്. ഭർത്താവിന്‍റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു.
കിരൺ കുമാറിന്‍റെ വീട്ടിലെ പീഡനങ്ങളെക്കുറിച്ച് സുഹൃത്തിനും ജേഷ്ഠ ഭാര്യയ്ക്കും മരിക്കുന്നതിന് മുൻപെ വിസ്മയ അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളുംപുറത്തു വന്നിരുന്നു. ഇതോടെ ഒളിവിൽ പോയ കിരൺ പിന്നീട് പൊലീസിൽ കീഴടങ്ങുകയായിരുന്നു