Image

മേയർ എറിക് ആഡംസിനെതിരായ അഴിമതി കേസ് മൻഹാട്ടൻ കോടതി തള്ളി (പിപിഎം)

Published on 02 April, 2025
മേയർ എറിക് ആഡംസിനെതിരായ അഴിമതി കേസ് മൻഹാട്ടൻ കോടതി തള്ളി (പിപിഎം)

ന്യൂ യോർക്ക് മേയർ എറിക് ആഡംസിനെതിരായ അഴിമതി കേസ് മൻഹാട്ടൻ കോടതി തള്ളി. രണ്ടാം തവണ മേയറാവാനുള്ള മത്സരത്തിനു കുറച്ചു സമയം മാത്രം ശേഷിക്കുമ്പോഴാണ് ട്രംപ് ഭരണകൂടത്തിന്റെ ജസ്റ്റിസ് ഡിപ്പാർട്മെന്റ് വച്ച നിർദേശം സ്വീകരിച്ചു ഫെഡറൽ കോടതി ജഡ്‌ജ്‌ ഡെയ്ൽ ഹോ മേയറെ വിട്ടയച്ചത്.

ജോ ബൈഡൻ പ്രസിഡന്റായിരിക്കെ ജസ്റ്റിസ് ഡിപ്പാർട്മെന്റ് കൊണ്ടുവന്ന കേസ് രാഷ്ട്രീയ വേട്ടയാടൽ ആണെന്ന ഡെമോക്രാറ്റ് ആഡംസിന്റെ വാദം ട്രംപും അംഗീകരിച്ചിരുന്നു. ട്രംപുമായി ആഡംസ് ഉണ്ടാക്കിയ ധാരണകളെ തുടർന്നു കഴിഞ്ഞ മാസം ഡെപ്യൂട്ടി അറ്റോണി ജനറൽ എമിൽ ബോവ് ആണ് കേസ് അവസാനിപ്പിക്കാൻ കോടതിയോട് ശുപാർശ ചെയ്തത്.

ബൈഡന്റെ കാലത്തു നിയമിക്കപ്പെട്ട യുഎസ് അറ്റോണി ഡെമിയൻ വില്യംസ് കൊണ്ടു വന്ന കേസിൽ രാഷ്ട്രീയ ലക്‌ഷ്യം മാത്രമാണ് ഉണ്ടായിരുന്നതെന്നു ബോവ് കോടതിയിൽ പറഞ്ഞു.

മേയറെ നീക്കം ചെയ്യാൻ ഗവർണർ കാത്തി ഹോക്കൽ ആലോചിച്ചിരുന്നുവെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.

കൈക്കൂലിയും തട്ടിപ്പും ഉൾപ്പെടെ അഞ്ചു കുറ്റങ്ങളാണ് കഴിഞ്ഞ സെപ്റ്റംബറിൽ ആഡംസിനെതിരെ കൊണ്ടുവന്നത്. തുർക്കിയുടെ കോൺസലേറ്റ് അനുവാദമില്ലാത്ത മൻഹാട്ടനിൽ പണിയാൻ അനുമതി നൽകിയതിനു കൈക്കൂലി വാങ്ങി എന്നായിരുന്നു പ്രധാന ആരോപണം.

ആഡംസിനെതിരെ ഡെമോക്രാറ്റിക്‌ സ്ഥാനാർഥിത്വം നേടാൻ മുൻ ഗവർണർ ആൻഡ്രൂ കുവോമോ ഉൾപ്പെടെ പ്രബല സ്ഥാനാർഥികൾ രംഗത്തുണ്ട്.

Case against Eric Adams dismissed 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക