Image

24-ാം പാർട്ടി കോൺഗ്രസിന് ആവേശ തുടക്കം ; ചുവപ്പണിഞ്ഞ് മധുര: കേരള സർക്കാരിനെ പ്രശംസിച്ച് പ്രകാശ് കാരാട്ട്

Published on 02 April, 2025
24-ാം പാർട്ടി കോൺഗ്രസിന് ആവേശ തുടക്കം ; ചുവപ്പണിഞ്ഞ് മധുര: കേരള സർക്കാരിനെ പ്രശംസിച്ച് പ്രകാശ് കാരാട്ട്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് തമിഴ്‌നാട്ടിലെ മധുരയില്‍ തുടക്കമായി. 

ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തിയതോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായത്. പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, മണിക് സര്‍ക്കാര്‍, എംഎ ബേബി, ബൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കൾ സന്നിഹിതരായിരുന്നു. 

പ്രതിനിധി സമ്മേളനം പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.

 കേരള സർക്കാരിനെ പ്രശംസിച്ച പ്രകാശ് കാരാട്ട് തെറ്റായ കേന്ദ്ര നയങ്ങൾക്കെതിരെ കേരളം സർക്കാർ ശക്തമായി പോരാടുന്നുവെന്ന്  പറഞ്ഞു. രാജ്യത്താകെ ഇടതുപക്ഷത്തിന് കരുത്ത് നൽകുന്നുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ബിജെപിക്കെതിരെ വിശാല മതേതര കൂട്ടായ്‌മ വേണമെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.

മുന്‍കാല തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിലെ വീഴ്ചയിലും, പാര്‍ട്ടിയുടെ ബഹുജന അടിത്തറ നഷ്ടപ്പെടുന്നതിലും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന അവലോകന റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനമുണ്ട്. പാര്‍ട്ടി അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കേണ്ടതിന്റെ വിശദമായ പദ്ധതിയും പാര്‍ട്ടി കേഡര്‍മാരില്‍ പാര്‍ട്ടി വിദ്യാഭ്യാസം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ട് അടിവരയിടുന്നു.

മുന്‍കാലങ്ങളെ അപേക്ഷിച്ച്, പാര്‍ലമെന്ററി സ്ഥാനങ്ങളോട് നേതാക്കള്‍ക്കിടയില്‍ താല്‍പ്പര്യം വര്‍ധിക്കുന്നു. ഈ പ്രവണത ബഹുജനങ്ങള്‍ക്കും തൊഴിലാളി വര്‍ഗങ്ങള്‍ക്കുമിടയില്‍ നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. അധികാര കേന്ദ്രങ്ങളുമായും സാമ്പത്തികമായി സമ്പന്നരായ വര്‍ഗവുമായും വിട്ടുവീഴ്ച ചെയ്യുന്ന പ്രവണതയും വര്‍ധിച്ചു വരുന്നു. സ്വാഭാവികമായും തൊഴിലാളിവര്‍ഗത്തോടുള്ള സമീപനത്തെ ഇത് ബാധിക്കുന്നുവെന്നും അവലോകന രേഖയില്‍ കുറ്റപ്പെടുത്തുന്നു.

ഭരണമുളള ഏക സംസ്ഥാനം എന്ന നിലയില്‍ കേരളത്തോട് പ്രത്യേക കരുതല്‍ വേണം എന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്. സര്‍ക്കാരിനെതിരായ പ്രചരണങ്ങളെ പ്രതിരോധിക്കണം. പിണറായി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ് പങ്കാളിയാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. അധിക വരുമാനം കണ്ടെത്താനുള്ള കിഫ്ബി അടക്കമുള്ള സംവിധാനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയും പ്രമേയത്തില്‍ ഉണ്ടെന്നാണ് വിവരം. 

പാര്‍ട്ടിയുടെ സ്വതന്ത്ര ശക്തിയും രാഷ്ട്രീയ ഇടപെടല്‍ ശേഷിയും വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. പാര്‍ട്ടി മുമ്പ് പല അവസരങ്ങളിലായി നിരവധി രാഷ്ട്രീയ, സംഘടനാ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഇവ പാര്‍ട്ടിക്കുള്ളില്‍ മതിയായ ഗൗരവത്തോടെ നടപ്പിലാക്കണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ബഹുജന, വര്‍ഗ പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത പിന്തുണ തെരഞ്ഞെടുപ്പ് നേട്ടങ്ങളാക്കി മാറ്റുന്നതില്‍ പാര്‍ട്ടി പരാജയപ്പെടുന്നു. വര്‍ഗീയ പ്രചാരണത്തെ ഫലപ്രദമായി നേരിടാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. അതേസമയം, തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി പാര്‍ട്ടി നയത്തില്‍ വിട്ടുവീഴ്ച പാടില്ല. വിവിധ പ്രദേശങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ പാര്‍ട്ടി ശക്തമായി ഇടപെടണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ 19 പ്രമേയങ്ങളായിരിക്കും അവതരിപ്പിക്കുക. ജാതി സെന്‍സസ് അടിയന്തരമായി നടത്തണമെന്ന ആവശ്യവും പ്രമേയമായി ഉന്നയിക്കും. രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെക്കുറിച്ച് വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന സെമിനാറില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുക്കുന്നുണ്ട്.

നീണ്ട 52 വര്‍ഷത്തിനു ശേഷമാണു മധുരയിൽ പാർട്ടി കോൺഗ്രസ്. വൈകീട്ട് 6 വരെയാണ്‌ സമ്മേളനങ്ങളും യോഗങ്ങളും നടക്കുക.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമുൾപ്പടെ കേരള നേതാക്കൾ മധുരയിലുണ്ട്. മന്ത്രിമാരോടൊപ്പം ഉദ്യോഗസ്ഥരും എത്തിയതോടെ കേരളത്തിന്‍റെ ഭരണസിരാകേന്ദ്രം മധുരയായി മാറി. ഒരാഴ്ച പിണറായി തങ്ങുന്ന മാരിയറ്റ് ഹോട്ടലിലെ മുറി മുഖ്യമന്ത്രിയുടെ ക്യാംപ് ഓഫിസ് ആയി പ്രവർത്തിക്കും.

കനത്ത സുരക്ഷയിലെത്തിയ പിണറായിയെയും കുടുംബത്തെയും തമിഴ്നാട് സർക്കാർ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷണ്മുഖം, മധുര എംപി സു വെങ്കിടേശന്‍ എന്നിവർ പാർട്ടിക്ക് വേണ്ടിയും സ്വീകരണമൊരുക്കി. 80 നിരീക്ഷകരടക്കം 811 പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാനത്തു നിന്നുള്ള 175 പ്രതിനിധികളാണ് മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.

75 വയസ് പ്രായപരിധി കര്‍ശനമായി തുടരാന്‍ ഈ പാര്‍ട്ടി കോണ്‍ഗസും തീരുമാനിച്ചാല്‍ കേരളത്തില്‍ നിന്നുള്ള എ. കെ ബാലനും പി.കെ ശ്രീമതിയും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും പുറത്താകും. കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ 75 വയസ് പിന്നിട്ട ഇരുവരെയും സംസ്ഥാന കമ്മിറ്റിയില്‍ നിന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കിയിരുന്നു.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ കേരളത്തില്‍ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക