തിരുവനന്തപുരം വര്‍ക്കലയില്‍ അമിതവേഗതയിലെത്തിയ റിക്കവറി വാന്‍ ഇടിച്ച് വിദ്യാര്‍ത്ഥിനിയും അമ്മയും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. റിക്കവറി വാന്‍ ഡ്രൈവര്‍ ടോണി ആണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഞായറാഴ്ച രാത്രി 10ന് ആയിരുന്നു സംഭവം നടന്നത്.
വര്‍ക്കല പേരേറ്റില്‍ രോഹിണി, മകള്‍ അഖില എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ മറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തിന് പിന്നാലെ വാഹനത്തില്‍ നിന്ന് ഇ്‌റങ്ങി ഓടിയ പ്രതി പിന്നീട് ഒളിവിലായിരുന്നു. പേരേറ്റില്‍ കൂട്ടിക്കട തൊടിയില്‍ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയവര്‍ക്കിടയിലേക്കാണ് റിക്കവറി വാഹനം ഇടിച്ചുകയറിയത്.
പ്രതി സംഭവ സമയം മദ്യ ലഹരിയിലായിരുന്നുവെന്നും വാഹനം അമിത വേഗതയിലായിരുന്നെന്നും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. അമ്മയും മകളും കൊല്ലപ്പെട്ട അപകടത്തിന് മുന്‍പ് ഇയാള്‍ മറ്റ് വാഹനങ്ങളിലും ഇടിച്ചിരുന്നതായും ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയില്‍ വാഹനത്തിലുണ്ടായിരുന്ന പ്രതിയുടെ ഭാര്യ പിണങ്ങി വാഹനത്തില്‍ നിന്ന് ഇറങ്ങി പോയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.