Image

'എമ്പുരാൻ' ക്രൈസ്തവ വിശ്വാസങ്ങൾക്ക് എതിരെന്ന് ജോർജ് കുര്യൻ

Published on 02 April, 2025
'എമ്പുരാൻ' ക്രൈസ്തവ വിശ്വാസങ്ങൾക്ക് എതിരെന്ന്  ജോർജ് കുര്യൻ

ന്യൂഡൽഹി: ‘എമ്പുരാൻ’ സിനിമ ക്രൈസ്തവർക്കും അവരുടെ വിശ്വാസങ്ങൾക്കും എതിരാണെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന് നൽകിയ മറുപടിയിലാണ് മന്ത്രിയുടെ പരാമർശം. എമ്പുരാൻ സിനിമക്കെതിരെ നടന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണെന്നാണ് ബ്രിട്ടാസ് രാജ്യസഭയിൽ പറഞ്ഞത്. സിനിമയെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും രാജ്യദ്രോഹികളായി ചിത്രീകരിച്ച് സിനിമ റീ സെൻസർ ചെയ്യേണ്ടി വന്ന സാഹചര്യം ഭയപ്പെടുത്തുന്നതാണെന്നും ബ്രിട്ടാസ് പറഞ്ഞു.

ഇതിന് മറുപടിയായാണ് സിനിമ ക്രൈസ്തവ വിരുദ്ധമാണെന്ന ആരോപണം മന്ത്രി ജോർജ് കുര്യൻ ഉന്നയിച്ചത്. രാജ്യത്തെ എല്ലാ ക്രിസ്ത്യാനികളും ഈ സിനിമയെ എതിർക്കുന്നുവെന്നും കെ.സി.ബി.സി, സി.ബി.സി.ഐ പോലുള്ള ക്രൈസ്തവ സംഘടനകൾ എതിർപ്പുമായി രംഗത്ത് വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. താനൊരു ക്രിസ്ത്യാനിയാണെന്നും തങ്ങളെ അവഹേളിക്കരുതെന്നും പറഞ്ഞ ജോർജ് കുര്യൻ, കമ്മ്യൂണിസ്റ്റ് പാർട്ടി ക്രിസ്ത്യനികളെയും എല്ലാ മതങ്ങളേയും അവഹേളിക്കുകയാണെന്നും കുറ്റപ്പെടുത്തി.

അതേസമയം എമ്പുരാൻ സിനിമയെ ചൊല്ലി ഇന്ന് രാജ്യസഭയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ബ്രിട്ടാസിനെ കൂടാതെ കോൺഗ്രസ് എം.പി ജെബി മേത്തറും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. ഓർഗനൈസർ മുഖപത്രം സിനിമയെ അപകീർത്തിപ്പെടുത്തുകയാണെന്നും എം.പി രാജ്യസഭയിൽ ചൂണ്ടിക്കാണിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക