വാഷിങ്ടണ്‍, ഡി.സി: ഉയര്‍ന്ന താരിഫ് ചുമത്തുന്ന രാജ്യങ്ങള്‍ക്കു കൂടുതൽ താരിഫ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇക്കാര്യത്തിൽ താൻ ദയാലു ആണെന്നും പല രാജ്യങ്ങളും ചുമത്തുന്നത്ര താരിഫ് താൻ ചുമത്തുന്നില്ല എന്നും ട്രംപ് പറഞ്ഞു. ഡിസ്‌കൗണ്ട് നിരക്ക് എന്ന് വിശേഷിപ്പിച്ച് ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനവും ചൈനയ്ക്ക് 34 ശതമാനവും താരിഫ് ചുമത്തി. യൂറോപ്യന്‍ യൂണിയന് 20 ശതമാനം. ബ്രിട്ടന് പത്ത് ശതമാനവും ജപ്പാന് 24 ശതമാനമാണ് തീരുവ.
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള 10 ശതമാനം താരിഫിന് പുറമേയാണ് ഈ നിരക്കെന്ന വൈറ്റ് ഹൗസ് അറിയിച്ചു. എല്ലാ വ്യാപാര പങ്കാളികൾക്കും യുഎസ് 10 ശതമാനം അടിസ്ഥാന താരിഫ് ചുമത്തുമെന്ന് ട്രംപ് അറിയിച്ചു.
കൂടാതെ എല്ലാ വിദേശ നിർമ്മിത വാഹനങ്ങൾക്കും 25% ലെവിയും ബുധനാഴ്ച അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. എന്നാൽ, കാനഡയിലോ വടക്കേ അമേരിക്കയിലോ നിർമ്മിച്ച വാഹനങ്ങൾക്ക് ഓട്ടോ താരിഫിൽ എന്തെങ്കിലും ഇളവ് നൽകുമോ എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.
ട്രംപ് പ്രഖ്യാപിച്ച പരസ്പര താരിഫുകളുടെ ലിസ്റ്റ് :
ചൈന (34%), യൂറോപ്യൻ യൂണിയൻ (20%), ദക്ഷിണ കൊറിയ (25%), ഇന്ത്യ (26%), വിയറ്റ്നാം (46%), തായ്‌വാൻ (32%), ജപ്പാൻ (24%), തായ്‌ലൻഡ് (36%), സ്വിറ്റ്സർലൻഡ് (31%), ഇന്തോനേഷ്യ (32%), മലേഷ്യ (24%), കംബോഡിയ (49%) യുണൈറ്റഡ് കിംഗ്ഡം (10%), ദക്ഷിണാഫ്രിക്ക (30%), ബ്രസീൽ (10%), ബംഗ്ലാദേശ് (37%), സിംഗപ്പൂർ (10%), ഇസ്രായേൽ (17%), ഫിലിപ്പീൻസ് (17%), ചിലി (10%), ഓസ്‌ട്രേലിയ (10%), പാകിസ്ഥാൻ (29%), തുർക്കി (10%), ശ്രീലങ്ക (44%), കൊളംബിയ (10%).
'വര്‍ഷങ്ങളോളം മറ്റ് രാജ്യങ്ങള്‍ അമേരിക്കയെ കൊള്ളയടിച്ചു. ഇനി അതുണ്ടാകില്ല. അമേരിക്ക അതിന്റെ വ്യാപാരം തിരിച്ചുപിടിച്ച ദിവസമായ ഏപ്രില്‍ രണ്ട് 'വിമോചനദിന'മായി അറിയപ്പെടും. നമുക്ക് മേല്‍ താരിഫ് ചുമത്തുന്ന രാജ്യങ്ങളില്‍ നിന്ന് നാം പകരം താരിഫ് ചുമത്തുകയാണ്. അവര്‍ നമ്മളോട് ചെയ്തത് നാം തിരിച്ച് ചെയ്യുന്നു അത്രമാത്രം,' വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ ട്രംപ് പറഞ്ഞു.
10 ശതമാനമുള്ള തീരുവ ഏപ്രില്‍ അഞ്ച് മുതലും രാജ്യങ്ങള്‍ക്കുള്ള കൂടിയ തീരുവ ഏപ്രില്‍ ഒന്‍പതിനുമാണ് പ്രാബല്യത്തില്‍ വരിക.
ദക്ഷിണ കൊറിയയിലെയും ജപ്പാനിലെയും ഉയർന്ന താരിഫുകൾ യുഎസിൻ്റെ പ്രത്യേക പ്രശ്നങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി.
2025 ഏപ്രിൽ 2 അമേരിക്കൻ വ്യവസായം പുനർജനിച്ച ദിവസമാകുമെന്ന് ട്രംപ് അറിയിച്ചു. അമേരിക്ക ഒരിക്കൽ കൂടി സമ്പന്നമാക്കുമെന്നും ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘വിദേശികൾ നമ്മുടെ സ്വപ്നങ്ങൾ നശിപ്പിച്ചു. ജോലി അവസരങ്ങൾ തട്ടിയെടുത്തു. ഇനി അത് അനുവദിച്ച് കൊടുക്കില്ല. വിദേശ വ്യാപാര പ്രതിസന്ധിയെ മറികടക്കും, ട്രംപ് പറയുന്നു.