ബ്രാംപ്ടൺ : സിപിഎം മുൻ പാർലമെന്റംഗം ഭഗത് റാം (84) കാനഡയിൽ അന്തരിച്ചു. പഞ്ചാബിലെ ഫില്ലോർ സംവരണമണ്ഡലത്തിൽനിന്ന് 1977ൽ വിജയിച്ച ഭഗത് റാം മൂന്നു പതിറ്റാണ്ടോളമായി മക്കൾക്കൊപ്പം ഇവിടെയായിരുന്നു. ലോക്സഭയിലേക്ക് ആറുതവണയും നിയമസഭയിലേക്ക് ഒരുതവണയും മൽസരിച്ചിരുന്നെങ്കിലും ഒരിക്കൽ മാത്രമാണ് വിജയം കുറിക്കാനായത്. സംസ്കാരചടങ്ങുകൾ ഏപ്രിൽ 12 ശനിയാഴ്ച മിസ്സിസാഗയിലെ സെന്റ് ജോൺസ് സെമിട്രി ആൻഡ് ക്രിമറ്റോറിയത്തിൽ നടക്കും.
കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടെ കാലാവധിയും പിരിച്ചുവിടലും റാങ്ക് കുറയ്ക്കലും സംബന്ധിച്ച 310, 311 അനുഛേദങ്ങൾക്കെതിരെ ഭരണഘടനാ ഭേദഗതി അവതരിപ്പിച്ചതിലൂടെയാണ് പാർലമെന്റിൽ ശ്രദ്ധേയനായത്. യൂണിയൻ നേതാക്കളെ പിരിച്ചുവിടാൻ ഈ നിയമം സർക്കാരുകൾ ദുരുപയോഗം ചെയ്യുന്നു എന്നതായിരുന്നു പ്രധാന ആക്ഷേപം. നാലു സിറ്റിങ്ങുകളിലായി അഞ്ചു മണിക്കൂറോളമാണ് ഭേദഗതി ചർച്ച ചെയ്തത്. വോട്ടിനിട്ട പ്രമേയം പക്ഷേ തള്ളിപ്പോയിരുന്നു. അന്ന് അവതരിപ്പിച്ച ഭേദഗതികളും ഇതുമായി ബന്ധപ്പെട്ട ചർച്ചകളും കഴിഞ്ഞവർഷം പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു.
മാസ്റ്റർ ഭഗത് റാം എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം പതിനാറ് വർഷത്തോളം മിഡിൽ സ്കൂൾ അധ്യാപകനായും പിന്നീട് ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജോലി രാജിവച്ച് രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലത്ത് ഭഗത് റാം രാഷ്രീയമായും മറ്റും ഏറെ ഭീഷണി നേരിട്ടിരുന്നു. സുരക്ഷാകാരണങ്ങളാലും മറ്റും കാനഡയിൽ പൊതുരംഗത്ത് സജീവമായിരുന്നില്ല. പഞ്ചാബിലെ സിപിഎം നേതാക്കളുമായി അവസാനകാലം വരെ അടുത്തബന്ധം പുലർത്തിയിരുന്നു. കഴിഞ്ഞ മേയിലാണ് അവസാനമായി നാട്ടിൽ പോയത്. പുതിയ പാർലമെന്റ് സന്ദർശിക്കാനും അന്നു സമയംകണ്ടെത്തി.
ബാറു റാമിന്റെയും ധൻദേവിയുടെയും മകനായി പഞ്ചാബ് ജലന്ധറിലെ ദാലിവാൽ കാദിയാനിൽ 1942 നവംബർ രണ്ടിനായിരുന്നു ജനനം. ഭാര്യ: പരേതയായ സത്യ ദേവി. പ്രൊമിള ജാക്കു (ബ്രാംപ്ടൺ), റീതാ അഹിർ (ബ്രാംപ്ടൺ), സുർജിത് മെഹ്മി (ജലന്ധർ), തെജിന്ദർ മെഹ്മി (ബ്രാംപ്ടൺ, കാനഡ) എന്നിവരാണ് മക്കൾ.
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടർക്കായി ജീവിതം സമർപ്പിച്ച ഭഗത് റാമിന് വായനയും ട്രേഡ് യൂണിയൻ പ്രവർത്തനവുമായിരുന്നു ഏറെ പ്രിയം. അധ്യാപക് ലെഹർ മാസികയുടെ എഡിറ്ററായിരുന്നു. പഞ്ചാബ് നൗജവാൻ സഭ കൺവീനർ, ഗവ. ടീച്ചേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.