അമേരിക്കയുടെ 'വിമോചന ദിനം' എന്നു പ്രഖ്യാപിച്ചു കൊണ്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച്ച നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള എല്ലാ ഇറക്കുമതിക്കും തീരുവ പ്രഖ്യാപിച്ചു. ഇവ ശനിയാഴ്ച്ച നിലവിൽ വരും.
കാനഡയും മെക്സിക്കോയും ഒഴികെ എല്ലാ വ്യാപാര പങ്കാളികൾക്കും പുതിയ അടിസ്ഥാന താരിഫ് 10% ആണ്; പക്ഷെ ഉറച്ച സഖ്യരാഷ്ട്രങ്ങൾ ഉൾപ്പെടെ ഒരു ഡസൻ രാജ്യങ്ങൾക്കു കൂടുതൽ പരുഷമായ നിരക്കുകൾ ചുമത്തിയിട്ടുണ്ട്. അതിൽ യൂറോപ്യൻ യൂണിയനും ജപ്പാനും ഇസ്രയേലും ഉൾപ്പെടുന്നു.
ട്രംപ് ജനുവരി 20നു അധികാരമേൽക്കുന്നതിനു മുൻപ് നിലവിൽ ഉണ്ടായിരുന്ന യുഎസ് താരിഫ് നിരക്കുകൾ ഈ 10% അടിസ്ഥാന നിരക്കോടെ മൂന്നിരട്ടിയായി.
ചൈനയുടെ ഉത്പന്നങ്ങൾക്കു ട്രംപ് 34% താരിഫ് പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവയ്ക്കു 20%, ജപ്പാന് 24%, ഇന്ത്യയ്ക്കു 26%.
ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാൻ ഈ താരിഫുകൾ അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയ ട്രംപ്, അതിനു വേണ്ടി ദേശീയ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.
'തിരിച്ചടി തീരുവ' എന്നു ആഴ്ചകളായി ട്രംപ് വിശേഷിപ്പിച്ചിരുന്ന പുതിയ നിരക്കുകൾ പ്രതീക്ഷിച്ചതിലും അപ്പുറം പോയെന്നു നിരീക്ഷകർ പറയുന്നു.
അടിസ്ഥാന 10 ശതമാനത്തിനു മേൽ ചുമത്തിയിട്ടുള്ളത് ഈ രാജ്യങ്ങൾക്കാണ്: കംബോഡിയ (49%), ഇന്ത്യ (26%), ഇറാഖ് (39%), സൗത്ത് ആഫ്രിക്ക (30%), സൗത്ത് കൊറിയ (25%), ശ്രീലങ്ക (44%), സ്വിറ്റ്സർലൻഡ് (31%), തായ്‌വാൻ (32%), തായ്‌ലൻഡ് (36%), വിയറ്റ്നാം (46%). വിയറ്റ്നാമും കംബോഡിയയും ചൈനീസ് ഉത്പന്നങ്ങൾ റീപാക്ക് ചെയ്തു യുഎസ് വിപണിയിലേക്ക് അയക്കുന്നുവെന്നു ട്രംപിന്റെ സഹായികൾ ആരോപിച്ചിരുന്നു.
‘ആഭ്യന്തര ഉത്പാദനം ഉഷാറാവും’
ബുധനാഴ്ച സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ വ്യാപാരം അവസാനിച്ച ശേഷമാണു ട്രംപ് വൈറ്റ് ഹൗസിന്റെ റോസ് ഗാർഡനിൽ പ്രഖ്യാപനം നടത്തിയത്. "നമ്മുടെ ഫാക്ടറികൾ ഒരു ഗർജ്ജനത്തോടെ ഉണരും," ട്രംപ് പറഞ്ഞു. "അത് സംഭവിച്ചു തുടങ്ങി എന്നു കാണാം. വ്യവസായ അടിത്തറ നമ്മൾ ഉഷാറാകും. വിദേശത്തു വ്യാപാരത്തിനു തടസമാവുന്ന വേലിക്കെട്ടുകൾ നമ്മൾ തകർക്കും."
'തിരിച്ചടി തീരുവകൾ' ഓരോ രാജ്യവുമായി യുഎസിനുള്ള വ്യാപാര കമ്മി കണക്കിലെടുത്താണ് നിശ്‌ചയിക്കുക. "നമ്മൾ അവർ നമ്മളുടെ മേൽ ചുമത്തുന്നതിന്റെ ഏതാണ്ട് പകുതിയാണ് നമ്മൾ തിരിച്ചു ചുമത്തുന്നത്. ആഭ്യന്തര ഉത്പാദനം വർധിക്കുമ്പോൾ മത്സരവും കൂടും. അതോടെ വിലകൾ കുറയും. അമേരിക്കയുടെ സുവർണ കാലമാണ് വരുന്നത്."
യുഎസിൽ നിന്നുള്ള ബീഫിന് ഓസ്‌ട്രേലിയയിലും പൗൾട്രിക്കു ഇ യുവിലും അരിക്ക് ജപ്പാനിലും ചുമത്തുന്ന തീരുവകളെ ട്രംപ് വിമർശിച്ചു. "താരിഫ് ചുമത്തുന്നതും സംരക്ഷണം ഏർപെടുത്തുന്നതും രാജ്യങ്ങളെ ദരിദ്രമാക്കുമെങ്കിൽ അത്തരം നയങ്ങൾ ഒഴിവാക്കാൻ ലോകത്തു എല്ലാ രാജ്യങ്ങളും ശ്രമിച്ചേനെ."
Trump announces harsher-than-expected tariffs