തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ കൊലക്കേസിലെ പ്രതി ഷെറിനു ശിക്ഷാകാലയളവില്‍ ഇളവു നല്‍കി വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ തല്‍ക്കാലം മരവിപ്പിച്ചു.
ഷെറിനെ വിട്ടയയ്ക്കുന്നതില്‍ ബാഹ്യസമ്മര്‍ദമുണ്ടായെന്ന് ആരോപണമുയര്‍ന്നതിനാലും മന്ത്രിസഭാ തീരുമാനത്തിനുശേഷം ജയിലില്‍ സഹതടവുകാരിയെ കയ്യേറ്റം ചെയ്ത കേസില്‍ ഇവര്‍ പ്രതിയായതിനാലുമാണു പിന്‍മാറ്റം. ഷെറിന് അകാലവിടുതല്‍ നല്‍കാന്‍ ജനുവരിയില്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും രണ്ടുമാസം കഴിഞ്ഞിട്ടും ഫയല്‍ അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് അയച്ചില്ല.
ഷെറിനെ വിട്ടയയ്ക്കുന്നതിനെതിരെ ഗവര്‍ണര്‍ക്കു പരാതി ലഭിച്ചിരുന്നു. ഇതില്‍ ഗവര്‍ണര്‍ വിശദീകരണം ചോദിക്കുമെന്ന സൂചനയും സര്‍ക്കാരിനു ലഭിച്ചു. മന്ത്രിസഭാ തീരുമാനം ഗവര്‍ണറുടെ അംഗീകാരത്തിനു വിടാനുള്ള ഫയല്‍ ദിവസങ്ങള്‍ക്കകം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കൈമാറിയെങ്കിലും സാഹചര്യം എതിരായതോടെ പിന്നീട് അനങ്ങിയില്ല. കഴിഞ്ഞ ഓഗസ്റ്റില്‍ ചേര്‍ന്ന കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശകസമിതിയാണു ഷെറിന്റെ അകാല വിടുതലിനു ശുപാര്‍ശ നല്‍കിയത്.