Image

ട്രംപ് പറയുന്ന കാര്യങ്ങളിൽ ഏറെ പെരുപ്പിക്കലെന്നു വിദഗ്ദർ; താരിഫ് വജ്രായുധമായി മാറണമെന്നില്ല (പിപിഎം)

Published on 03 April, 2025
ട്രംപ് പറയുന്ന കാര്യങ്ങളിൽ ഏറെ പെരുപ്പിക്കലെന്നു വിദഗ്ദർ; താരിഫ് വജ്രായുധമായി മാറണമെന്നില്ല (പിപിഎം)

വ്യാപാര പങ്കാളികൾ പതിറ്റാണ്ടുകളായി അമേരിക്കയെ ചൂഷണം ചെയ്തു വരികയാണെന്നും അത് അവസാനിപ്പിക്കാനാണ് താരിഫ് കൊണ്ടു വരുന്നതെന്നും പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് വാദിക്കുന്നു. അതായത്, വ്യാപാര ഏർപ്പാടുകൾ ന്യായമാക്കാൻ ഒരു വജ്രായുധം എടുത്തു പ്രയോഗിക്കയാണ് താൻ എന്നദ്ദേഹം കരുതുന്നു.

സഖ്യരാജ്യമല്ലാത്ത ചൈനയോടൊപ്പം ഉറച്ച സഖ്യമുളള യൂറോപ്യൻ രാജ്യങ്ങളും കാനഡയും അദ്ദേഹത്തിന്റെ 'ശിക്ഷ' ഏറ്റുവാങ്ങുന്നുണ്ട്.

ഫ്രീ മാർക്കറ്റ് പിൻതുടരുന്ന യുഎസ് ഒട്ടേറെ രാജ്യങ്ങളുമായി വ്യാപാര ബന്ധം സ്ഥാപിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങൾ ഇങ്ങോട്ടു തരുന്നതിനേക്കാൾ മെച്ചപ്പെട്ട വ്യവസ്ഥകൾ യുഎസ് അങ്ങോട്ടു കൊടുക്കുന്നുമുണ്ട്. സെമികണ്ടക്ടറുകൾ, മരുന്നുകൾ തുടങ്ങി നിർണായക ഉത്പന്നങ്ങൾ അടക്കം പലതിനും മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നു. പല രാജ്യങ്ങളും യുഎസ് വ്യാപാരത്തിന് തടയിട്ടിട്ടുമുണ്ട്--പ്രത്യേകിച്ച് ചൈന.

എങ്കിലും ട്രംപ് കൊണ്ടുവരുന്ന വാദങ്ങളിൽ ഒട്ടേറെ പെരുപ്പിക്കലും കാപട്യവും ഉണ്ടെന്നു ചില വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. യുഎസ് കാറുകൾക്ക് യൂറോപ്പും ബൈക്കുകൾക്ക് ഇന്ത്യയും ചുമത്തുന്ന തീരുവ അമിതമാണെന്നു ട്രംപ് പറയുമ്പോഴും യുഎസ് ചുമത്തുന്ന അമിത തീരുവകൾ യാഥാർഥ്യമായി തന്നെ നിൽക്കുന്നുണ്ട്. ഉദാഹരണത്തിന് ലൈറ്റ് ട്രക്കുകളുടെ തീരുവ.

ചരിത്രപരമായും വസ്തുതാപരമായും തെറ്റ് 

വാഷിംഗ്ടണിലെ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷനൽ സ്റ്റഡീസ് സീനിയർ അഡ്വൈസർ വില്യം റീഇൻഷ് പറയുന്നത് ട്രംപ് പറയുന്ന വ്യാപാര വാദങ്ങൾ വമ്പൻ പെരുപ്പിക്കലാണ് എന്നാണ്.   ചരിത്രപരമായും വസ്തുതാപരമായും ട്രംപ് പറയുന്നത് തെറ്റാണ്.

ദീർഘകാല നേട്ടങ്ങൾ ട്രംപ് കരുതുന്നതു പോലെ എളുപ്പമല്ലെന്നു വാൾ സ്ട്രീറ്റ് എക്സിക്യൂട്ടീവുകൾ ട്രംപിനു താക്കീതു നൽകിയിരുന്നു എന്നാണ് റിപ്പോർട്ട്. തീരുവകൾ നടപ്പാക്കുമ്പോൾ ഇറക്കുമതി ഉത്പന്നങ്ങൾക്കു വില കൂടും. മറ്റു രാജ്യങ്ങൾ ബദൽ തീരുവ അടിക്കുമ്പോൾ യുഎസ് ഉത്പന്നങ്ങൾക്കു വിദേശത്തു വില കയറും. മാന്ദ്യതയാണ് അതിന്റെ ഫലം.

യുഎസിൽ വാഹന നിർമാണവും കൂടുതൽ പാർട്സുകളുടെ നിർമാണവും ലക്‌ഷ്യം വയ്ക്കുന്നുണ്ട് ട്രംപ്. എന്നാൽ യുഎസിൽ നിർമിച്ച പാർട്സ് ഉപയോഗിച്ച് ഇവിടെ കാറുകൾ നിർമിക്കുന്നത് അസാധ്യമായ കാര്യമാണെന്ന് ആ  വ്യവസായത്തിലെ വിദഗ്ദർ പറയുന്നു. "താരിഫ് നയം വാഹന വിപണിയിൽ തികഞ്ഞ അരാജകത്വം സൃഷ്ടിക്കും," ഡാൻ ഐവ്സ് (വെഡ്‌ബുഷ്) പറയുന്നു. "യുഎസിൽ നിർമിച്ച ഭാഗങ്ങൾ മാത്രം ഉപയോഗിച്ച് യുഎസിൽ കാർ നിർമിക്കുക എന്നത് വെറും സാങ്കല്പിക കഥയാണ്. കാർ വാങ്ങുന്നവർ $5,000 മുതൽ $10,000 വരെ അധികം നൽകേണ്ടി വരും."

കാർഷിക രംഗത്ത് തിരിച്ചടി ഉണ്ടാവും. ചൈന അടക്കമുളള വിദേശരാജ്യങ്ങളിലേക്കു ധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.

പ്രകൃതി വാതക കയറ്റുമതിയെയും താരിഫ് ബാധിക്കും.

വ്യാപാര ബന്ധങ്ങളിൽ ഒട്ടേറെ കൊടുക്കലും വാങ്ങലുമുണ്ട്. സമ്മർദവും ഭീഷണിയും കൊണ്ട് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നത് ഫലപ്രദമായെന്നു വരില്ല.

Trump tariffs may not have desired effects 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക