കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതി പള്‍സര്‍ സുനി. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടനും കേസിലെ പ്രതിയുമായ ദിലീപ് തന്നെയാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ടി വി നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് പള്‍സര്‍ സുനി കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
2017 ഫെബ്രുവരി 17ന് ആണ് കേസിന് ആസ്പദമായ സംഭവം. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് ഏതാനും പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.
സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലൂടെ കാര്‍ സഞ്ചരിക്കുന്ന സമയത്ത് കാറിനുള്ളില്‍ വച്ചായിരുന്നു ക്രൂരമായ പീഡനം. 2 മണിക്കൂര്‍ സമയമാണ് പീഡനം നടന്നത്. സ്വാഭാവികമായ രീതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി ദൃശ്യങ്ങള്‍ ചിത്രീകരിക്കാനാണ് ക്വട്ടേഷനില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ രീതിയില്‍ സഹകരിക്കാന്‍ നടിയോട് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുമെന്ന് ഭീഷണിപ്പെടുത്തി.
എന്നാല്‍, സഹകരിക്കാന്‍ തയ്യാറാകാത്ത അവര്‍ അക്രമം ഒഴിവാക്കിയാല്‍ എത്ര പണം വേണമെങ്കിലും നല്‍കാമെന്നു പറഞ്ഞിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി മെമ്മറി കാര്‍ഡ് ക്വട്ടേഷന്‍ നല്‍കിയ ആള്‍ക്ക് ഏല്‍പ്പിച്ചിരുന്നുവെന്നും പള്‍സള്‍ സുനി വെളിപ്പെടുത്തി.
കേസില്‍ 14 പേരാണ് പ്രതികള്‍. എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. കേസില്‍ ദിലീപിന് ഒരു ബന്ധവും ഇല്ലെന്നാണ് കോടതിയില്‍ ദിലീപിന്റെ അഭിഭാഷകന്‍ ആവര്‍ത്തിച്ചു വാദിച്ചു കൊണ്ടിരിക്കുന്നത്.