Image

വഖഫ് ഭേദഗതി ബില്‍ ; വിപ്പ് നൽകിയിട്ടും വിട്ട് നിന്ന് പ്രിയങ്ക ഗാന്ധി ; ചർച്ചയിൽ പങ്കെടുക്കാതെ രാഹുലും

Published on 03 April, 2025
വഖഫ് ഭേദഗതി ബില്‍ ; വിപ്പ് നൽകിയിട്ടും വിട്ട് നിന്ന് പ്രിയങ്ക ഗാന്ധി ; ചർച്ചയിൽ പങ്കെടുക്കാതെ രാഹുലും

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ ചര്‍ച്ച ചെയ്തപ്പോള്‍, പാര്‍ട്ടി എംപിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കിയപ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വിട്ടുനിന്നത് ചര്‍ച്ചയാകുന്നു. ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയുടെ ഒരു ഘട്ടത്തിലും പ്രിയങ്ക സഭയില്‍ പങ്കെടുത്തിരുന്നില്ല. പാര്‍ലമെന്റിലേക്ക് തന്നെയെത്തിയില്ല. വിപ്പു നല്‍കിയെങ്കിലും വോട്ടെടുപ്പിലും പങ്കെടുത്തില്ല. അസാന്നിധ്യത്തിന്റെ കാരണം പ്രിയങ്കയും കോണ്‍ഗ്രസ് നേതൃത്വവും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അതേസമയം പാര്‍ലമെന്റില്‍ എത്തിയെങ്കിലും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുത്തുമില്ല. കോണ്‍ഗ്രസില്‍ നിന്നും ഒമ്പതുപേരാണ് സംസാരിച്ചത്. ലോക്‌സഭയിലെ ഉപനേതാവ് ഗൗരവ് ഗൊഗോയ് ആണ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തില്‍ സഭയില്‍ ചര്‍ച്ച നടത്തിയപ്പോള്‍, പ്രതിപക്ഷ നേതാവായ രാഹുല്‍ ചര്‍ച്ചയില്‍ വിട്ടുനിന്നതും ദേശീയ തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.

ലോക്‌സഭയിലെ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന രാഹുല്‍ ഗാന്ധി എക്‌സില്‍ ബില്ലിനെതിരെ കുറിപ്പിട്ടിട്ടുണ്ട്. മുസ്ലീങ്ങളെ അരികുവല്‍ക്കരിക്കാനും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കാനും ലക്ഷ്യമിട്ടുള്ള ഒരു ആയുധമാണ് വഖഫ് ഭേദഗതി ബില്‍ എന്നാണ് രാഹുല്‍ കുറിച്ചത്.

ആര്‍എസ്എസും ബിജെപിയും അവരുടെ സഖ്യകക്ഷികളും ചേര്‍ന്ന് ഭരണഘടനയ്ക്കെതിരായ ഈ ആക്രമണം ഇന്ന് മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്. ഭാവിയില്‍ മറ്റ് സമുദായങ്ങളെയാകും ലക്ഷ്യം വയ്ക്കുക. മതസ്വാതന്ത്ര്യത്തിനുള്ള അവകാശമായ ആര്‍ട്ടിക്കിള്‍ 25 എന്ന മഹത്തായ ആശയത്തിനു മേലുള്ള കടന്നാക്രമണത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നുവെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ അഭിപ്രായപ്പെട്ടു.

വഖഫ് നിയമ ഭേദഗതി ബില്ലിലെ കോണ്‍ഗ്രസ് നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും, ബില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്നും സോണിയ ഗാന്ധി വ്യക്തമാക്കി. ഭരണഘടന ലംഘനമാണ് നടന്നത്. ബിജെപിയുടെ ധ്രുവീകരണ അജണ്ടയാണ് ബില്ലിന് പിന്നിലെന്നും സോണിയ ഗാന്ധി പറഞ്ഞു. വഖഫ് ബില്‍ വോട്ടെടുപ്പിലൂടെയാണ് ലോക്‌സഭ പാസ്സാക്കിയത്. വോട്ടെടുപ്പില്‍ 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക