Image

വഖഫ് ബില്ലിനെ കേരള പ്രതിനിധികള്‍ പിന്തുണയ്ക്കാത്തതില്‍ വിഷമമുണ്ടെന്ന് കെസിബിസി ; വഖഫ് നിയമ ഭേദഗതി ബില്‍ മുനമ്പം ജനതയ്ക്ക് ആശ്വാസം നല്‍കുന്നതെന്ന് സിറോ മലബാര്‍ സഭ

Published on 03 April, 2025
വഖഫ് ബില്ലിനെ കേരള പ്രതിനിധികള്‍ പിന്തുണയ്ക്കാത്തതില്‍ വിഷമമുണ്ടെന്ന് കെസിബിസി ; വഖഫ് നിയമ ഭേദഗതി ബില്‍ മുനമ്പം ജനതയ്ക്ക് ആശ്വാസം നല്‍കുന്നതെന്ന് സിറോ മലബാര്‍ സഭ

കൊച്ചി: വഖഫ് ബില്ലിനെ കേരള പ്രതിനിധികള്‍ പിന്തുണയ്ക്കാത്തതില്‍ വിഷമമുണ്ടെന്ന് കെസിബിസി. പാവപ്പെട്ട ജനങ്ങളുടെ പ്രശ്‌ന പരിഹാരത്തിനായാണ് ജനപ്രതിനിധികളോട് ആവശ്യം ഉന്നയിച്ചത്. ജനപ്രതിനിധികള്‍ ആവശ്യം അംഗീകരിക്കാത്തതില്‍ വേദനയുണ്ടെന്ന് കെസിബിസി വക്താവ് ഫാദര്‍ തോമസ് തറയില്‍ പറഞ്ഞു. ഇത് ആരുടേയും വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല. ബില്‍ മുനമ്പത്തിന് എങ്ങനെ ഗുണം ചെയ്യുമെന്ന് പഠിക്കണം. വഖഫ് ഭേദഗതി ബില്ലിന് നല്‍കിയ പിന്തുണയില്‍ രാഷ്ട്രീയമില്ലെന്നും കെസിബിസി വക്താവ് കൂട്ടിച്ചേര്‍ത്തു.

മുനമ്പം ജനതയ്ക്ക് ആശ്വാസം: സിറോ മലബാര്‍ സഭ

അതേസമയം വഖഫ് നിയമ ഭേദഗതി ബില്‍ മുനമ്പം ജനതയ്ക്ക് ആശ്വാസം നല്‍കുന്നതെന്ന് സിറോ മലബാര്‍ സഭ അഭിപ്രായപ്പെട്ടു. ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനമെടുത്തു. അത് ജനങ്ങളുടെ വേദന മനസ്സിലാക്കിക്കൊണ്ടാണ്. അതിനെ അനുകൂലിക്കുന്നു, സ്വാഗതം ചെയ്യുന്നു. അതേസമയം ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുന്ന ഒരു കാര്യത്തിനും സഭ കൂട്ടുനില്‍ക്കില്ലെന്നും സിറോ മലബാര്‍ സഭാ വക്താവ് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു.

വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം. ഇത്തരം കാര്യങ്ങളില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ആരും കവര്‍ന്നെടുക്കാത്ത രീതിയില്‍ നിലപാടുണ്ടാകണം എന്നാണ് സഭ ആവശ്യപ്പെടുന്നത്. ഇത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് പിന്തുണയല്ല. മാത്രമല്ല, മതവിശ്വാസങ്ങള്‍ക്ക് എതിരുമല്ലെന്ന് ഫാദര്‍ ആന്റണി വടക്കേക്കര പറഞ്ഞു.

ഭൂമി വഖഫ് ചെയ്യുക എന്നത് ഒരു മതവിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. അതു ചോദ്യം ചെയ്യാനില്ല. അവര്‍ അവരുടെ വിശ്വാസത്തില്‍ തുടരട്ടെ. അതില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള എല്ലാ അവകാശവും അവര്‍ക്കുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന, ഭൂമി സംബന്ധിച്ച റവന്യൂ അവകാശങ്ങളിലൂടെ സ്വന്തമാക്കാനുള്ള അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമായതു കൊണ്ടു മാത്രമാണ് അത് ചോദ്യം ചെയ്യാന്‍ സഭ ഇടയായത്.

ദേവസ്വം ബോര്‍ഡില്‍ ഹിന്ദുക്കളല്ലാത്തവരെ വെച്ചാല്‍ ഹൈന്ദവ വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. അതുപോലെ വഖഫ് ബോര്‍ഡില്‍ മുസ്ലീങ്ങളല്ലാത്തവരെ വെക്കുമ്പോള്‍ അവര്‍ക്ക് സ്വാഭാവികമായും ആശങ്കകളുണ്ടാവും. അത് പരിഗണിക്കേണ്ടതുണ്ട്. ജനങ്ങളുടെ വേദനയും ദുഃഖവും എന്താണെന്ന് മനസിലാക്കി അത് കൈകാര്യം ചെയ്യാനാണ് സഭ തീരുമാനിച്ചത്. അതിന് വേണ്ടിയാണ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത് എന്നും ആന്റണി വടക്കേക്കര പറഞ്ഞു.

എംപിമാരോട് സഹതാപം: കതോലിക്ക കോണ്‍ഗ്രസ്

അതേസമയം, വഖഫ് ബില്ലിനെതിരെ വോട്ടു ചെയ്ത എംപിമാരോട് സഹതാപമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ബില്‍ പാസാകുന്നതോടെ മുനമ്പത്തെ പ്രശ്‌നത്തിന് പരിഹാരമായി. സഭ സ്വീകരിച്ചത് വിഷയാധിഷ്ഠിതമായ നിലപാടാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ പറഞ്ഞു. പാര്‍ട്ടി വിപ്പു കൊടുത്താല്‍ അനുസരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. പക്ഷെ ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്യാതിരിക്കാനെങ്കിലും അവര്‍ക്ക് സാധിക്കുമായിരുന്നുവെന്ന് ഫാ. ഫിലിപ്പ് പറഞ്ഞു.

മുനമ്പത്തെ ജനങ്ങളുടെ കണ്ണീര് പ്രതിപക്ഷ എംപിമാര്‍ കണ്ടില്ല. അത് അടുത്ത തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും പ്രതിഫലിക്കും. എംപിമാരുടെ പ്രതിഷേധം മുനമ്പത്തെ ജനങ്ങളുടെ ഹൃദയത്തില്‍ വലിയൊരു മുറിവായി മാറി. മുനമ്പത്തെ ജനതയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെ പുലരിയാണിത്. പൗരന്മാരുടെ ആവശ്യമാണ് പരിഗണിക്കേണ്ടത്. അതല്ലാതെ അധികാരം നിലനിര്‍ത്താനുള്ള വഴികളല്ല തേടേണ്ടത്. ദുരിതമനുഭവിക്കുന്ന ആളുകളുടെ പക്ഷത്താണ് നിന്നത്. ബിജെപിക്ക് അനുകൂലമായ നിലപാട് സഭ എടുത്തിട്ടില്ലെന്നും ഫാ ഫിലിപ്പ് കവിയില്‍ പറഞ്ഞു.

Join WhatsApp News
Jayan varghese 2025-04-03 16:44:54
കേരളത്തിൽ പുത്തൻ രാഷ്ട്രീയത്തിന്റ പുതുമണം പരക്കുകയാണ്. മുനമ്പത്തുപേക്ഷിക്കപ്പെട്ട മൽസ്യത്തൊഴിലാളികളുടെയും ഗ്രാമാന്തരങ്ങളിൽ ആക്ഷേപിക്കപ്പെട്ട ആശത്തൊഴിലാളികളുടെയും കണ്ണീരെണ്ണയിൽ തിരി തെളിയിക്കുന്ന പ്രത്യാശയുടെ പുതു വെളിച്ചം ഒഴുകിപ്പടരുകയാണ് കേരളത്തിൽ.
Chacko Chumarthattil 2025-04-03 17:33:16
കൃസ്തീയ വിശ്വാസികളേക്കാൾ മുസ്‌ലിം വിശ്വാസികളല്ലേ കൂടുതൽ.അപ്പോൾ അധികാരം മാത്രം ലക്ഷ്യമാക്കുന്ന രാഷ്ട്രീയക്കാർ ക്ക് മുസ്‌ലിം പ്രീണനം ആവശ്യം. മുനമ്പ് പ്രശ്നത്തിൽ മുടന്തൻ ന്യായം കൊണ്ട് വന്നു വീണ്ടും അവർ കൃസ്ത്യാനികളെ വശത്താക്കാൻ നോക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക