Image

വഖഫ് ഭേദഗതി ബിൽ ഇനിമുതൽ ഉമീദ് ബിൽ: രാജ്യസഭയിൽ ചർച്ച പുരോഗമിക്കുന്നു

Published on 03 April, 2025
വഖഫ് ഭേദഗതി ബിൽ ഇനിമുതൽ ഉമീദ് ബിൽ: രാജ്യസഭയിൽ ചർച്ച പുരോഗമിക്കുന്നു

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ച് കേന്ദ്ര മന്ത്രി കിരൺ റിജിജു. ഉച്ചയ്ക്ക് ഒരു മണിയോടെ അവതരിപ്പിച്ച ബില്ലിന്മേൽ നിലവിൽ ചർച്ച പുരോഗമിക്കുകയാണ്. ഇനിമുതൽ വഖഫ് ഭേദഗതി ബിൽ ഉമീദ് ബിൽ ‌എന്നറിയപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

യൂനിഫൈഡ് വഖഫ് മാനേജ്മെന്‍റ് എംപവർമെന്‍റ് എഫിഷ്യൻസി ആന്‍റ് ഡെവലപ്മെന്‍റ് ബിൽ എന്നതിന്‍റെ ചുരുക്കപ്പെരാണ് ഉമീദ്. പ്രതീക്ഷ എന്നാണ് ഉമീദ് എന്ന വാക്കിന്‍റെ അർഥം.

അതേസമയം, വഖഫ് ബോർഡ് സ്വത്തുക്കളുടെ മേൽ നോട്ടം മാത്രമേ നടത്തൂ എന്നും കൈകാര്യം ചെയ്യില്ലെന്നും കിരൺ റിജിജു വ്യക്തമാക്കി. മതവികാരങ്ങളെ വ്രണപ്പെടുത്തുകയല്ല ബില്ലിന്‍റെ ലക്ഷ്യം. മുൻ സർക്കാരുകൾ പൂർത്തീകരിക്കാത്ത ജോലികൾ നിറവേറ്റുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല മുനമ്പത്തെ ഭൂമി പ്രശ്നത്തെക്കുറിച്ചും റിജിജു രാജ്യസഭയിൽ ഉന്നയിച്ചു. സാധാരണക്കാരായ 600 ഓളം ക്രിസ്റ്റ്യൻ കുടുംബങ്ങൾ താമസിക്കുന്ന സ്ഥലം വഖഫിന്‍റേതാണെന്നാണ് അവകാശവാദം. ഇതിനെതിരേ നിയമപോരാട്ടം നടക്കുകയാണ്. ബില്ല് പാസാവുന്നതോടെ പ്രശ്നങ്ങൾക്കൊക്കെ പരിഹാരമാവും അദ്ദേഹം അവകാശപ്പെട്ടു.

വഖഫ് ബിൽ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ഇന്ത്യയിൽ വലിയ മാറ്റങ്ങളുണ്ടാവും. എന്നാൽ പ്രതിപക്ഷം ഇതിനെ എതിർക്കുകയാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്‍റെ പിന്തുണ തേടുന്നതായും റിജിജു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക