പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 'തിരിച്ചടി തീരുവകൾ' യുഎസ് സ്റ്റോക്ക് മാർക്കറ്റുകളെ ഉലയ്ക്കുകയും ഡോളറിനു പരുക്കേൽപിക്കയും ചെയ്‌തെന്ന റിപ്പോർട്ടുകൾക്കിടയിൽ ലോകമൊട്ടാകെ നേതാക്കൾ അദ്ദേഹത്തിന്റെ നടപടിയെ അപലപിച്ചു.
ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഡൗ ജോൺസ് 900 പോയിന്റിലധികം വീണു. എസ്&പി 500 ഫ്യച്ചേഴ്‌സ് 3.9% തകർന്നപ്പോൾ നാസ്ഡാക് 4.7% വീഴ്ച്ച കാണിച്ചു.
സാങ്കേതിക ഭീമന്മാരിൽ എൻവിഡിയ കോർപറേഷൻ, ടെസ്‌ല, മൈക്രോസോഫ്റ്റ്, ഡെൽറ്റ എയർലൈൻ, സൗത്‌വെസ്റ് എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ് ഇവയുടെയെല്ലാം ഓഹരികൾ കൂപ്പുകുത്തി.
എല്ലാ രാജ്യങ്ങളിൽ നിന്നും ഇറക്കുമതിക്ക് അടിസ്ഥാന തീരുവ 10% എന്നു നിശ്ചയിക്കുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പുവച്ചത്. "ആർക്കും പ്രയോജനമില്ലാത്ത തെറ്റ്" എന്നാണ് ലോകം പ്രതികരിച്ചത്.
ബ്രസീലിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 10% താരിഫ് കൂടി ചുമത്തുന്നത് വേൾഡ് ട്രേഡ് ഓർഗനൈസേഷനോടുള്ള ഉറപ്പുകളുടെ ലംഘനമാന്നെന്നു ബ്രസീൽ ചൂണ്ടിക്കാട്ടി. 2024ൽ ബ്രസീലുമായി യുഎസിന് $7 ബില്യൺ ചരക്കുകളിൽ തന്നെ അധികം ഉണ്ടായിരുന്നുവെന്നു വിദേശകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി. സർവീസസ് കൂടി കൂട്ടുമ്പോൾ അത് $28.6 ബില്യൺ ആയി. ലോകമൊട്ടാകെ എടുത്താലും യുഎസിന് കിട്ടുന്ന സർപ്ലസിൽ മൂന്നാം സ്ഥാനമാണിത്. കമ്മിയില്ല എന്നുമിരിക്കെ എന്ത് 'തിരിച്ചടി തീരുവ?'
ചർച്ച നടത്തുമെന്നാണ് ബ്രസീൽ പറയുന്നത്.
ഒത്തുപിടിച്ചു ചെറുക്കുമെന്നു കാർണി
തിരിച്ചടിക്കുക തന്നെ ചെയ്യുമെന്നു തിരഞ്ഞടുപ്പ് നേരിടുന്ന കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. "പ്രതിസന്ധിയിൽ നമ്മൾ ഒന്നിച്ചു നിന്നു പൊരുതുക തന്നെ വേണം.
കാനഡയുടെ നിർണായകമായ ഔഷധ നിർമാണം, മരം, സെമികണ്ടക്റ്റർ തുടങ്ങിയ വിഭാഗങ്ങൾ യുഎസ് ഭീഷണി നേരിടുകയാണ്.
വാഹന നിർമാണ കേന്ദ്രമായ വിൻഡ്‌സറിൽ മേയർ ഡ്രൂ ദിൽകാൻസ് പറഞ്ഞത് ആയിരക്കണക്കിന് ആളുകൾക്കു ജോലി നഷ്ടമാവും എന്നാണ്. "നഗരത്തിനു ഇത് വലിയ ദുരന്തമാവും."
വലതുപക്ഷ നേതാവായ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ട്രംപിന്റെ തീരുവയെ വിമർശിച്ചു. "ആർക്കും പ്രയോജനം ചെയ്യാത്ത തെറ്റ്" എന്നാണ് അവർ പറഞ്ഞത്.
അനാവശ്യമായ താരിഫുകളാണ് ട്രംപ് കൊണ്ടുവന്നതെന്നു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബാനിസ് പറഞ്ഞു. "ഒരു സുഹൃത്ത് ചെയ്യുന്ന കാര്യമല്ല ഇത്. ഒരു യുക്തിയും ഇല്ല."
ഓസ്‌ട്രേലിയ തിരിച്ചു താരിഫ് ചുമത്തുകയില്ലെന്നു അദ്ദേഹം പറഞ്ഞു.
ബ്രിട്ടനിൽ ഗവൺമെന്റും ബിസിനസും ആശങ്ക ഉയർത്തി. ഉഭയകക്ഷി വ്യാപാരത്തെ ഇത് ബാധിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. ചർച്ച നടത്തുക എന്ന സമീപനമാണ് ബ്രിട്ടൻ കൈക്കൊള്ളുക എന്നു ട്രേഡ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് പറഞ്ഞു. "വ്യാപാര യുദ്ധത്തിൽ ആർക്കും താല്പര്യമില്ല."
സ്കോച്ച് വിസ്കി ഏറ്റവും വാങ്ങുന്ന യുഎസിന്റെ നടപടിയിൽ സ്കോട്ലൻഡ് നിരാശ പ്രകടിപ്പിച്ചു.
World leaders react to Trump tariffs