മാർച്ച് 31ന് രാത്രി കിടന്നുറങ്ങുമ്പോൾ നാളെ ആർക്കും എന്നെ വിഡ്ഢിയാക്കാൻ പറ്റില്ലെന്ന് പ്രതിജ്ഞയെടുത്തു ഉറങ്ങുന്നവരും നാളത്തെ വയ്യാവേലി എന്താണോ എന്തോ എന്നാകുലപ്പെടാത്തവരുമായി ആരും ഉണ്ടാകില്ല…അതെ, ശിക്ഷ ഭയക്കാതെ ആരെയും പറ്റിക്കാൻ കഴിയുന്ന ഒരേയൊരു ദിവസം ഏപ്രിൽ 1 അതായത് ലോക വിഡ്ഢിദിനം. ‘ലോകത്തിലെ എല്ലാ വിഡ്ഢികളുടെയും ദിനം’ എന്നറിയപ്പെടുന്ന ഏപ്രിൽ ഫൂൾ ദിനം വർഷത്തിലെ ഏറ്റവും രസകരമായ ദിവസങ്ങളിൽ ഒന്നാണ്. ഏപ്രിൽ 1-ാം തീയതിയാണ് ഇത് ആഘോഷിക്കുന്നത്.
ലോകമെമ്പാടുമുള്ള ആളുകൾ, പ്രത്യേകിച്ച് വടക്കേ അമേരിക്കയിലും, യൂറോപ്പിലും, ഏപ്രിൽ 1 ആഘോഷിക്കുന്നത് സഹോദരങ്ങളെയോ, പ്രിയപ്പെട്ടവരെയോ, സുഹൃത്തുക്കളെയോ കളിയാക്കുന്നതിലൂടെയാണ്. എന്നാൽ ഈ ആചാരം എങ്ങനെ പ്രാബല്യത്തിൽ വന്നുവെന്ന് അറിയാമോ?.വിഡ്ഢിദിനം വിഡ്ഢികളുടെയും വിഡ്ഢികളാക്കപ്പെടുന്നവരുടെയും ദിനമല്ലെന്നാണ് പ്രശസ്ത എഴുത്തുകാരൻ മാർക് ട്വയിൻ പറഞ്ഞിട്ടുണ്ട്. സ്വന്തം മണ്ടത്തരങ്ങളെക്കുറിച്ചോർത്ത് ചിരിക്കാൻ, വർഷത്തിലെ 364 ദിവസവും നമ്മൾ എന്തായിരുന്നു ചെയ്തുകൊണ്ടിരുന്നതെന്നും അതിനിടയിലെ അമളികളെക്കുറിച്ചും ഓർക്കാനുള്ള ദിനം, അതാണ് ഏപ്രിൽ 1 എന്നാണ് ട്വയിൻ പറഞ്ഞത്.
ഏപ്രിൽ ഫൂൾ ദിനം: ഉത്ഭവത്തിന്റെ കെട്ടുകഥകളും ചരിത്രവും ?
ജൂലിയൻ കലണ്ടറിൽ നിന്നും ഗ്രിഗോറിയൻ കലണ്ടറിലേയ്ക്കുള്ള മാറ്റത്തെ പരിഹസിക്കാൻ ഫ്രഞ്ചുകാർ ഏപ്രിൽ ഒന്ന് ഫൂൾസ് ഡേ ആയി തിരഞ്ഞെടുത്ത കഥയാണ് അതിൽ പ്രബലം. രണ്ടു കലണ്ടറുകൾ തമ്മിലുള്ള വിചിത്രമായ ഒരു പോരിൽ നിന്നാണ് വിഡ്ഢിദിനം ഉണ്ടായത്. ഫ്രാൻസിലായിരുന്നു സംഭവം. 1582ൽ ഫ്രാൻസിലായിരുന്നു ആ കലണ്ടർ മാറ്റം. 45 B C യിൽ ഫ്രാൻസ് ഭരിച്ചിരുന്ന ജൂലിയസ് സീസർ കൊണ്ടുവന്ന ജൂലിയൻ കലണ്ടറാണ് അതുവരെ എല്ലാവരും പിന്തുടർന്നിരുന്നത്. പക്ഷെ 1582ൽ അന്നത്ത മാർപ്പാപ്പ പോപ് ഗ്രിഗറി പതിമൂന്നാമൻ ആ പഴയ കലണ്ടർ പരിഷ്‌കരിച്ചു. പുതിയൊരു കലണ്ടർ തുടങ്ങി. അതാണ് ഗ്രിഗോറിയൻ കലണ്ടർ. അതുവരെ ഏപ്രിൽ 1ന് തുടങ്ങിയിരുന്ന പുതുവർഷം പുതിയ കലണ്ടറിൽ ജനുവരി ഒന്നിലേക്ക് മാറ്റി.
അന്ന് വാർത്താവിനിമയ ഉപാധികൾ നാമമാത്രമായിരുന്നു. അതിനാൽ രാജപരിഷ്‌കാരങ്ങൾ ജനങ്ങളിൽ എത്തുന്നതിന് കുറച്ചു വർഷങ്ങൾ എടുക്കുകയും ചെയ്തു. അങ്ങനെ ആ കാലത്ത് കുറെപേർ ജനുവരി 1നും ചിലർ ഏപ്രിൽ 1നും പുതുവത്സരം ആഘോഷിച്ചു. പുതിയ കലണ്ടർ നിലവിൽ വന്ന ശേഷവും ഏപ്രിൽ 1ന് പുതുവത്സര ആഘോഷിച്ചവരെ പുതുലോകം ”മണ്ടന്മാർ” എന്ന് വിളിക്കാൻ തുടങ്ങി. മാത്രമല്ല പുത്തൻ പരിഷ്‌കാരങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാകാത്ത യാഥാസ്ഥിതികരായ ചിലിരെയും കൂടി പരിഹിസിച്ചു കൊണ്ടാണ് ഏപ്രിൽ 1 വിഡ്ഢിദിനം ആഘോഷിക്കുന്നതെന്നാണ് ഒരു വാദം. ഏപ്രിൽ ഒന്നിന് അങ്ങനെ ആളുകളെ പറ്റിക്കാൻ നുണകളും മറ്റും പ്രചരിപ്പിക്കുന്ന രീതി അവിടെനിന്നാണ് തുടങ്ങിയത്തെന്ന് ചരിത്രം. കലണ്ടർ മാറ്റത്തെ അംഗീകരിക്കാത്ത റിബലുകളോ വിപ്ലവകാരികളോ ആയിരുന്നു മറുപക്ഷം എന്നും അവരെ തേജോവധം ചെയ്യാനാണ് പ്രബലരായ മറു പക്ഷം വിഡ്ഢിദിനം ആഘോഷിക്കുന്നതെന്നും വാദമുണ്ട്.
English summery:
What is this April Fool's? Do you know the story and history behind that day?