'എമ്പുരാൻ' സിനിമ വിവാദങ്ങൾക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി മുരളി ഗോപി. തൂലികയും മഷിക്കുപ്പിയും ചേർത്തുവെച്ച ഒരു ഫോട്ടോയാണ് മുരളി ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
മുരളി ഗോപി പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങൾക്കകം നിരവധി പേരാണ് പിന്തുണച്ച് കമന്റുമായി എത്തിയിരിക്കുന്നത്. ‘തൂലികയുടെ കരുത്ത് ഇനിയും പ്രതീക്ഷിക്കുന്നു, വർഗീതയ്‌ക്കെതിരെ ചലിക്കുന്ന ആ തൂലികയോട് എന്നും ബഹുമാനം’ തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് വരുന്നത്.
എമ്പുരാന്‍ തിയേറ്ററുകളില്‍ പുറത്തിറങ്ങിയതിന് പിന്നാലെ വൻ വിവാദമാണ് ഉയർന്നത്. ഗോധ്ര സംഭവവും ഗുജറാത്ത് കലാപവും അടക്കമുള്ള വിഷയങ്ങള്‍ ചിത്രത്തില്‍ പ്രതിപാദിച്ചത് ചൂണ്ടിക്കാട്ടി സംഘ്പരിവാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ചിത്രം റീ എഡിറ്റ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചു. ഇതിന് പിന്നാലെ ഖേദപ്രകടനവുമായി നടന്‍ മോഹന്‍ലാലും പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മുതൽ ചിത്രത്തിന്റെ റീ എഡിറ്റ് ചെയ്ത പതിപ്പാണ് തിയേറ്ററുകളിൽ ഓടുന്നത്.