Image

മലയാളി വൈദികർക്ക് ജബൽപൂരിൽ മർദനമേറ്റ സംഭവം ലോക്സഭയിൽ

Published on 03 April, 2025
മലയാളി വൈദികർക്ക് ജബൽപൂരിൽ മർദനമേറ്റ സംഭവം ലോക്സഭയിൽ

മലയാളി വൈദികർക്ക് ജബൽപൂരിൽ മർദനമേറ്റ സംഭവം ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. വൈദികർക്കെതിരെ നടന്നത് ന്യൂനപക്ഷങ്ങൾക്കെതിരായ ക്രൂരമായ ആക്രമണമാണെന്നും വിശ്വാസികളുടെയും വൈദികരുടെയും ഭരണഘടനാവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. തീവ്ര ഹിന്ദുത്വവാദികളാലാണ് ആക്രമിക്കപ്പെട്ടത്. ഹിന്ദുത്വവാദികളുടെ അസഹിഷ്ണുത വെളിപ്പെട്ടു.നിയമപാലനത്തിലും മത സ്വാതന്ത്ര്യത്തിലും ആശങ്ക ഉയർത്തുന്ന സംഭവമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി.

ജബൽപൂരിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികരെ വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ മർദിച്ചതിന്റെ ​ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് എംപിമാർ പാർലമെന്റിൽനിന്ന് ഇറങ്ങിപ്പോയി.

അതേസമയം, പുരോഹിതര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഡീന്‍ കുര്യാക്കോസ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഏപ്രില്‍ ഒന്നിനാണ് പുരോഹിതർക്ക് നേരെ ആക്രമണമുണ്ടായത്. ജൂബിലി 2025 ആഘോഷങ്ങളുടെ ഭാഗമായി പള്ളികള്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഇതിന്റെ വീഡിയോ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

മധ്യപ്രദേശിലെ ജബൽപൂരിൽ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് മലയാളി വൈദികരെ മർദിച്ച് വിശ്വഹിന്ദു പരിഷത്ത്. രണ്ട് മലയാളി  കത്തോലിക്കാ വൈദികര്‍ ഉള്‍പ്പെട്ട   സംഘത്തിന് നേരെയാണ് ക്രൂരമായ ആക്രമണമുണ്ടായത്. ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം മര്‍ദിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും മർദനമേറ്റ  ഫാദര്‍ ഡേവിസും ഫാദര്‍ ജോര്‍ജും വ്യക്തമാക്കി.  പോലീസ് സ്റ്റേഷനിൽ ഉദ്യോ​ഗസ്ഥരുടെ മുന്നിലിട്ടാണ് സ്ത്രീകൾ അടക്കമുള്ള സംഘം വൈദികരെ മർദിച്ചത്. ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചെത്തിയ സംഘം ക്രൂരമായി മർദിച്ചെന്നും അസഭ്യം പറ‍ഞ്ഞെന്നും  ഫാ. ഡേവിസ്   പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക