Image

ജോലിക്കാരി വലിച്ചെറിഞ്ഞ അണ്ണാന്‍ കടിച്ച മാമ്പഴത്തിന് പിഴ 25,000; ടണ്‍ കണക്കിന് മാലിന്യം ഒഴുക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്നു: എം.ജി. ശ്രീകുമാര്‍

Published on 03 April, 2025
ജോലിക്കാരി വലിച്ചെറിഞ്ഞ അണ്ണാന്‍ കടിച്ച മാമ്പഴത്തിന് പിഴ 25,000; ടണ്‍ കണക്കിന് മാലിന്യം ഒഴുക്കുന്നത് കണ്ടില്ലെന്ന്  നടിക്കുന്നു: എം.ജി. ശ്രീകുമാര്‍

കൊച്ചി: ആശുപത്രികളും ഫാക്ടറികളും ദിവസവും ടണ്‍ കണക്കിന് മാലിന്യമാണ് കായലിലൂടെ ഒഴുക്കുന്നത്. അത് കണ്ടില്ലെന്ന് നടിക്കുന്ന അധികൃതര്‍ തന്റെ വീട്ടില്‍ നിന്നും ജോലിക്കാരി വലിച്ചെറിഞ്ഞ മാമ്പഴത്തിനാണ് 25,000 രൂപ പിഴയിട്ടതെന്ന് ഗായകന്‍ എം.ജി. ശ്രീകുമാര്‍.

എറണാകുളത്തെ മുളകുകാട് ഗ്രാമപഞ്ചായത്താണ് ഗായകന് പിഴ ചുമത്തിയത്. വീട്ടില്‍ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ ഒരു വിനോദസഞ്ചാരി പകര്‍ത്തി അധികൃതരെ അറിയിക്കുകയായിരുന്നു.

വീട്ടില്‍ നിന്ന് ജോലിക്കാരി വലിച്ചെറിഞ്ഞത് മാലിന്യമല്ലെന്നും മാമ്പഴമാണെന്നുമാണ് അദ്ദേഹം പറയുന്നത്. ബോള്‍ഗാട്ടിയിലെ വീട്ടില്‍ വളരെ ചുരുങ്ങിയ ദിവസം മാത്രമേ താമസിക്കാറുള്ളൂവെന്നും അല്ലാത്ത സമയങ്ങളില്‍ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് മറ്റിടങ്ങളിലാണ് ഉണ്ടാകാറുള്ളതെന്നും എം.ജി. ശ്രീകുമാര്‍ വിശദീകരിച്ചു.

അതിനാല്‍ വലിയ മാലിന്യമൊന്നും ആ വീട്ടില്‍ കാണില്ല. വീട്ടുമുറ്റത്തെ മാവില്‍ നിന്ന് മാമ്പഴം താഴേക്ക് വീഴും. ആ തരത്തില്‍ അണ്ണാന്‍ കടിച്ചെറിഞ്ഞ മാമ്പഴമാണ് വെളുത്ത പേപ്പറില്‍ പൊതിഞ്ഞ് വീട്ടുജോലിക്കാരി കായലിലെ വെള്ളത്തിലേക്ക് ഇട്ടത്. അതിന്റെ വിഡിയോ ആരോ എടുത്ത് അയച്ചു കൊടുത്തു. ആ സമയത്ത് താന്‍ വീട്ടിലുണ്ടായിരുന്നില്ല. പിഴ ചുമത്തിയ കാര്യം അധികൃതര്‍ വിളിച്ചു പറയുകയായിരുന്നു.

വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പിഴയൊടുക്കാന്‍ നോട്ടീസ് ഒട്ടിച്ചത് ശ്രദ്ധയില്‍ പെടുകയും ചെയ്തു. ജോലിക്കാരി ചെയ്തത് തെറ്റാണ്. ഒരിക്കലും അങ്ങനെ ഒരു സാധനവും വലിച്ചെറിയാന്‍ പാടില്ല. വീട്ടുടമസ്ഥനെന്ന ഉത്തരവാദിത്തമുള്ളത് കൊണ്ടാണ് 25000 രൂപ പിഴയടക്കാന്‍ തയാറായതെന്നും അദ്ദേഹം വ്യക്തമാക്കി. അതിലൂടെ മാതൃകയായി മാറാനാണ് ശ്രമിച്ചത്. മാങ്ങയണ്ടിക്ക് 25000 രൂപ പിഴയൊടുക്കേണ്ടി വരുന്നത് സംഭവം ആദ്യമായായിരിക്കുമെന്നും എം.ജി. ശ്രീകുമാര്‍ പറഞ്ഞു. മാലിന്യമല്ല, മാങ്ങയാണ് കായലിലേക്ക് ഇട്ടതെന്ന് എവിടെ തെളിയിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രികളില്‍ നിന്ന് ടണ്‍ കണക്കിന് മാലിന്യങ്ങളാണ് നദികളിലൂടെ ഒഴുകുന്നത്. അതൊന്നും ശ്രദ്ധിക്കാന്‍ ആരുമില്ല. ഒരു മാമ്പഴം കായലിലേക്ക് ഇട്ടതിന് 25000 രൂപ പിഴയൊടുക്കിയെങ്കില്‍ വലിയ വലിയ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ എത്ര വലിയ പിഴയൊടുക്കേണ്ടി വരുമെന്നും എം.ജി. ശ്രീകുമാര്‍ ചോദിച്ചു.

കൊച്ചിയിലെത്തിയ വിനോദസഞ്ചാരി പകര്‍ത്തിയ വിഡിയോയിലാണ് എം.ജി. ശ്രീകുമാറിന്റെ വീട്ടില്‍ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. ഈ വിഡിയോ തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷിനെ ടാഗ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുകയും ചെയ്തു. തെളിവ് സഹിതം പരാതി നല്‍കിയാല്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഉടന്‍ തന്നെ നടപടിയെടുക്കുകയായിരുന്നു.

 

Join WhatsApp News
Annaan 2025-04-03 21:37:28
ഒരു മാമ്പഴം ... അതും വെള്ളകടലാസ്സിൽ പൊതിഞ്ഞാണ് എറിഞ്ഞത്...അതും mgs ഇല്ലാത്ത നേരത്തു അണ്ണാൻ കൃത്യമായി ചപ്പിയിട്ട മാമ്പഴം! ! കൈയ്യോട് പിടിച്ചപ്പോൾ കിടന്നു മോങ്ങുന്നു . . ഭൂലോക തരികിട ! ഇനിയും “അണ്ണാൻ ചപ്പിയാൽ ഒരു ഇരൂപതയ്യായിരം ” എന്നാക്കാം. പഴയ പതിനായിരം marakkam
Sree Kuttappan 2025-04-03 22:48:22
ചുമ്മാ വെടി പറയല്ലേ എംജി സാറേ. സാധാരണഗതിയിലെ കുഞ്ഞു മീനുകളെ ആയിരുന്നു കയ്യോടെ കുറ്റങ്ങൾക്ക് പിടിച്ചോണ്ടിരുന്നത്. ഇപ്പോൾ ഒരു വമ്പൻ സ്രാവിനെ ഇത്തരം കുറ്റങ്ങൾക്ക് പിടിച്ചത് നന്നായി. ആ വിദേശിക്ക് എങ്കിലും ഇത്തരം വമ്പൻ സ്രാവുകൾക്കെതിരെ റിപ്പോർട്ട് ചെയ്യാനുള്ള ധൈര്യം ഉണ്ടായി. ആളുകൾ പറയുന്നത് കുറെ അധികം നാളുകളായി താങ്കളും താങ്കളുടെ സർവന്റും എല്ലാം മാലിന്യങ്ങളും കടലിൽ വലിച്ചെറിയുകയായിരുന്നു എന്നാണ്. എന്നാൽ താങ്കൾ ഒരു വമ്പൻ സിനിമ പാട്ടുകാരൻ ആയതുകൊണ്ട്, ധാരാളം പണവും സ്വാധീനവും ഉള്ളതുകൊണ്ട് പോലീസുകാർക്ക് താങ്കൾക്ക് ടിക്കറ്റ് തരാൻ ഭയമായിരുന്നു എന്നാണ് കേട്ടത്. പാട്ടുപാടാനും മറ്റുമായി 365 ദിവസവും വെളിയിലാണോ? ? എത്ര വമ്പൻ ആയാലും നുണ പറയരുത്. തകർപ്പൻ പാട്ടാണ് താങ്കളുടെ. Jillan Jillan അടിപൊളി പാട്ട് കൊള്ളാം പക്ഷേ നിയമങ്ങൾ ലംഘിക്കരുത്. ഇനിയെങ്കിലും ആളുകൾ പറയുന്നത് ശരിയാണെങ്കിൽ കായലിൽ മാലിന്യം വലിച്ചെറിയരുത്. ഒരിടയ്ക്ക് പത്രത്തിൽ വായിക്കുകയുണ്ടായി താങ്കൾ ഒരു വമ്പൻ ആയതുകൊണ്ട് കായലിലേക്ക് നീട്ടി താങ്കൾ മണിമന്ദിരം വീട് വെച്ചിട്ടും നിയമപാലകർ അത് കണ്ണടച്ചു എന്ന്. ഇതെല്ലാം കേട്ടതാണ് ശരിയാണോ എന്ന് അറിയില്ല. എന്നാൽ മുതലാളിമാരുടെയും വമ്പൻമാരുടെയും സിനിമക്കാരുടെയും എല്ലാം വൃത്തികേടുകൾ ധാരാളമായി കേൾക്കുന്നതുകൊണ്ടും അറിയുന്നതുകൊണ്ടും ശരിയാകാനാണ് സാധ്യത. എന്നാലും നമ്മുടെ ഫോക്കാനാ FOMA, അമേരിക്കൻ മലയാളികൾ താങ്കളെ പൊക്കിയെടുത്ത് കൊണ്ട് നടക്കും അതിൽ സംശയമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക