Image

വഖ്ഫ് ഇസ്ലാമിൽ മാത്രമോ? ആസിം മുഹമ്മദ് തോളൂർ

Published on 03 April, 2025
വഖ്ഫ് ഇസ്ലാമിൽ മാത്രമോ? ആസിം മുഹമ്മദ് തോളൂർ

വഖ്ഫ് സമ്പ്രദായം ഇസ്ലാം മതത്തിൽ മാത്രമാണോ? മതപരമായ ആചാര അനുഷ്ഠാനങ്ങൾക്കും ജീവകാരുണ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും വേണ്ടി ദൈവപ്രീതി ഉദ്ദേശിച്ചുകൊണ്ട് ഒരു വസ്തു നീക്കിവെക്കുന്നതിനാണ് "വഖ്ഫ്" എന്ന് ഇസ്ലാമിൽ നിർവ്വചിക്കുന്നത്. എന്നാൽ മറ്റു മതങ്ങളിലും ഇത്തരം സമ്പ്രദായം നിലവിലുണ്ട് എന്ന് കാണാം. 

ഹിന്ദുമതത്തിൽ ക്ഷേത്രങ്ങൾക്കും മതപരമായ ആവശ്യങ്ങൾക്ക് വേണ്ടി ഭൂമിയോ സ്വത്തോ സമർപ്പിക്കുന്ന സമ്പ്രദായം നൂറ്റാണ്ടുകളായി പ്രാബല്യത്തിലുണ്ട്. ബിസി 1500 മുതൽ ഇത് നിലവിലുണ്ട് എന്ന് ചരിത്രരേഖകളിൽ കാണാം. ഋഗ്വേദത്തിൽ ദേവന്മാർക്ക് ദാനം നൽകുന്നതിനെക്കുറിച്ച് പരാമർശിക്കുന്നു. ഈ ദാനങ്ങൾ യാഗശാലകൾക്കും പുരോഹിതന്മാർക്കും വേണ്ടിയായിരുന്നു. എ ഡി 300 മുതൽ 550 വരെയുള്ള ഗുപ്ത സാമ്രാജ്യത്തിന്റെ കാലത്ത് രാജാക്കന്മാർ ക്ഷേത്രങ്ങൾക്ക് വലിയ തോതിൽ ഭൂമിദാനം ചെയ്തു. ഈ ഭൂമിയെ "ബ്രഹ്മദേയ" അല്ലെങ്കിൽ "ദേവദായ" (ദൈവത്തിനു സമർപ്പിക്കപ്പെട്ടത്) എന്നാണ് അറിയപ്പെട്ടിരുന്നത്. ഗുപ്ത ശിലാലിഖിതങ്ങളിൽ ക്ഷേത്രങ്ങൾക്ക് വേണ്ടി ഗ്രാമങ്ങൾ തന്നെ ദാനം ചെയ്തതിന്റെ തെളിവുകൾ ഉണ്ട്. ഈ സമ്പ്രദായം വർഷങ്ങൾ കഴിയുന്തോറും മാറിവരുന്ന ഭരണങ്ങൾക്കും കാലവ്യത്യാസങ്ങൾക്ക് അനുസരിച്ചും പരിഷ്കരണങ്ങൾക്ക് വിധേയമായിക്കൊണ്ടിരുന്നു. ബ്രിട്ടീഷ് കാലത്താണ് ക്ഷേത്രസ്വത്തുകൾ നിയന്ത്രിക്കാൻ റിലീജിയസ് എൻഡോവ്മെൻറ് ആക്ട് കൊണ്ടുവരുന്നത്. 1951 ലെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് ആക്ട് പ്രകാരമാണ് നിലവിൽ ക്ഷേത്ര സ്വത്തുക്കൾ ഭരിക്കപ്പെടുന്നത്. സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ ദേവസ്വം ബോർഡുകൾക്കാണ് ഇവയുടെ നടത്തിപ്പ് അവകാശം.

ക്രിസ്ത്യൻ മതത്തിൽ പള്ളികൾക്കും മതപരമായ പ്രവർത്തനങ്ങൾക്കും വേണ്ടി സ്വത്ത് സമർപ്പിക്കുന്ന സമ്പ്രദായം 'ചർച്ച് ട്രസ്റ്റ് ' , 'എൻഡോവ്മെന്റ് ' എന്നീ രീതിയിൽ നടക്കുന്നു. പള്ളികൾക്ക് ഭൂമിദാനം ചെയ്യുക അവിടെ നിന്നുള്ള വരുമാനം ദരിദ്രർക്കുള്ള സഹായത്തിനോ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കുക എന്നത് തന്നെയാണ് ഉദ്ദേശം. ഇന്ത്യയിൽ ഇവ 1882ലെ ഇന്ത്യൻ ട്രസ്റ്റ് ആക്ട് അല്ലെങ്കിൽ 1860ലെ സൊസൈറ്റിസ് രജിസ്ട്രേഷൻ ആക്ട് പ്രകാരമാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്.

സിഖ് മതത്തിൽ ഗുരുദ്വാരകൾക്കും സമുദായ സേവനങ്ങൾക്കും വേണ്ടി സ്വത്ത് നീക്കിവെക്കുന്ന സമ്പ്രദായത്തിന് "ഗുരുദ്വാര സ്വത്ത്" , "സംഗതിൻ്റെ സ്വത്ത്" എന്നൊക്കെയാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ 1925ലെ സിഖ് ഗുരുദ്വാര ആക്ട് പ്രകാരം ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പോലുള്ള സ്ഥാപനങ്ങളാണ് ഈ സ്വത്തുക്കളെ ഭരിക്കുന്നത്.

ബുദ്ധമതത്തിൽ വിഹാരങ്ങൾക്കും സന്യാസിമാർക്കും വേണ്ടി ഭൂമിയോ സ്വത്തോ ധാനം ചെയ്യുന്ന സമ്പ്രദായത്തിന് സംഘത്തിൻറെ സ്വത്ത് എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ ഇവ ട്രസ്റ്റ് ആക്ട് അല്ലെങ്കിൽ സംസ്ഥാന നിയമങ്ങൾ പ്രകാരമാണ് ഭരിക്കപ്പെടുന്നത്. 

ജൈനമതത്തിൽ ജൈനക്ഷേത്രങ്ങൾക്കും ധർമ്മശാലകൾക്കും വേണ്ടി സ്വത്ത് സമർപ്പിക്കുന്ന സമ്പ്രദായത്തിന് "ജൈന ട്രസ്റ്റ് " , "തീർത്ഥങ്കര സ്വത്ത്" എന്നൊക്കെ അറിയപ്പെടുന്നു. 1882ലെ ട്രസ്റ്റ് ആക്ട് പ്രകാരം ആണ് ഇവ രജിസ്റ്റർ ചെയ്യപ്പെടുന്നത്.

മതകാര്യങ്ങൾ സുഗമമാകുന്നത് പോലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ സേവനങ്ങൾക്കും ഇത്തരം സമ്പ്രദായങ്ങൾ വലിയ മുതൽക്കൂട്ടാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക