രാജ്യസഭയിൽ വഖഫ് ഭേദഗതി ബില്ലിനെ എതിർത്ത് ജോൺ ബ്രിട്ടാസ് എംപി. ജനങ്ങൾക്കിടയിൽ എല്ലാവിധത്തിലും ഭിന്നിപ്പുണ്ടാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഭരണഘടനയിൽ വിശ്വാസമുണ്ടെങ്കിൽ വഖഫ് ബിൽ പിൻവലിക്കണമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. രാജ്യസഭയില് സംസാരിക്കുന്നതിനിടെ മുനമ്പത്തെക്കുറിച്ചും കേരളത്തിലെ ബിജെപിയെക്കുറിച്ചും ജോൺ ബ്രിട്ടാസ് പരാമർശിച്ചു.
ക്രിസ്ത്യാനികളുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നവരുണ്ടെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. കഴിഞ്ഞ വർഷം മാത്രം ക്രിസ്ത്യാനികൾക്കെതിരെ 700 ആക്രമണങ്ങളാണ് നടന്നത്. നിരവധി പള്ളികൾ കത്തിച്ചു. നവി മുംബൈയിൽ തടവിൽ കഴിയുന്നതിനിടെ മരിച്ച സ്റ്റാൻ സ്വാമിയെ മറക്കാൻ പറ്റുമോ എന്ന് ജോൺ ബ്രിട്ടാസ് എംപി ചോദിച്ചു. പാർക്കിൻസൺസ് രോഗം വന്ന് ഒരു തുള്ളിവെള്ളം ഇറക്കാൻ പറ്റാതെ ആ മനുഷ്യനെ നിങ്ങൾ കൊന്നുവെന്ന് ജോൺ ബ്രിട്ടാസ് എംപി ആഞ്ഞടിച്ചു. ക്രിസ്ത്യൻ മിഷണറി പ്രവർത്തകൻ ഗ്രഹാം സ്റ്റെയിൻസിനെ ചുട്ടുകൊന്നത് മറക്കാൻ കഴിയുമോ എന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു. മുപ്പത് വെള്ളിക്കാശിന് യേശു ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത ഒരു കഥാപാത്രമുണ്ട് ബൈബിളിൽ. അങ്ങനെയുള്ള കഥാപാത്രങ്ങളാണ് ഇവിടെ ഇരിക്കുന്നത്. കുരിശിന്റെ പേരിലും ക്രിസ്ത്യാനിയെന്ന് പറഞ്ഞ ചില ആളുകളുണ്ട്. അവർ യഥാർത്ഥത്തിൽ യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്തവരാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.