വിനോദയാത്രക്കിടെ ഗൂഡല്ലൂരിൽ വെച്ച് കടന്നൽ കുത്തേറ്റ് മരിച്ച ആയഞ്ചേരി സ്വദേശി പുതിയോട്ടിൽ സാബിറിന് വിടചൊല്ലി നാട്. രാത്രി 8.30 മണിയോടെ ള്ളിയാട് ജുമ മസ്‌ജിദിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. വള്ളിയാട് പ്രദേശത്തെ സാമുഹിക കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്ന സാബിറിൻ്റെ അപ്രതീക്ഷിത വിയോഗം നാടിനെയാകെ ദുഃഖത്തിലാക്കി. നിരവധി പേരാണ് സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയത്.
വിദേശത്തായിരുന്ന സാബിർ ഇക്കഴിഞ്ഞ റമദാൻ 29നാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ഉടനെ തന്നെ പ്രദേശത്തെ യുവജന കൂട്ടായ്‌മയായ ഹരിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലമായ ഇഫ്ത്‌താർ സംഗമം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് സാബിറായിരുന്നു. പെരുന്നാളിന് ബന്ധു വീടുകളിലെ സന്ദർശനത്തിന് ശേഷം കൂട്ടുകാരായ സിനാൻ, ആസിഫ് എന്നിവരോടൊത്ത് ഊട്ടിയിലേക്ക് വിനോദയാത്ര പോകുകയായിരുന്നു.
തിരിച്ചു വരുന്നതിനിടക്കാണ് ഗൂഡല്ലൂർ സൂചിമലയിൽ പ്രകൃതി ഭംഗി ആസ്വദിക്കുവാനായി ഇറങ്ങിയത്. സാബിറിനെ കടന്നൽക്കൂട്ടം അക്രമിക്കുന്നത് കണ്ടു രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സുഹൃത്ത് ആസിഫിനും മാരകമായി കുത്തേറ്റിരുന്നു. പെട്ടെന്നുതന്നെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത് കൊണ്ടാണ് അപകടമൊഴിവായതെന്ന് ഡോക്റ്റർമാർ പറഞ്ഞു. ആയഞ്ചേരി, വള്യാട് പുതിയോട്ടിൽ ഇബ്രാഹിംമിൻ്റെയും സക്കീനയുടേയും മകനാണ് സാബിർ. ആസിഫ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. സിനാൻ വയനാട്ടിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
English summery:
No more festival celebrations for Sabir; Hometown bids farewell to Ayanjeri resident who died from a hornet sting.