ടൊറന്റോ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വിദേശ നിര്‍മ്മിത വാഹനങ്ങള്‍ക്കുള്ള 25% താരിഫിനെതിരെ കാനഡ കൗണ്ടര്‍ താരിഫുകള്‍ ചുമത്തുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. CUSMA സ്വതന്ത്ര വ്യാപാര കരാറിന് അനുസൃതമല്ലാത്ത, യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങള്‍ക്കും 25% താരിഫ് കാനഡ ചുമത്തും, അദ്ദേഹം വ്യക്തമാക്കി. 1965-ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ വാഹന ഉടമ്പടി ഒപ്പുവച്ചതിന് ശേഷം ദശാബ്ദങ്ങളായി സൃഷ്ടിക്കപ്പെട്ട കാനഡ-യുഎസ് ഓട്ടോ സെക്ടര്‍ ട്രംപിന്റെ പ്രഖ്യാപനത്തോടെ താറുമാറായതായും കാര്‍ണി പറഞ്ഞു.
കാനഡയുടെ കൗണ്ടര്‍ താരിഫുകളില്‍ നിന്ന് വാഹന നിര്‍മ്മാതാക്കള്‍ക്ക് ആശ്വാസം ലഭിക്കുന്നതിന് കാനഡ പ്രത്യേക പദ്ധതിക്ക് രൂപം നല്‍കുമെന്നും മാര്‍ക്ക് കാര്‍ണി പറഞ്ഞു. എന്നാല്‍, കാനഡയില്‍ ഉല്‍പ്പാദനവും നിക്ഷേപവും നിലനിര്‍ത്തുന്നിടത്തോളം കാലം മാത്രമായിരിക്കും ഈ സഹായമെന്നും അദ്ദേഹം അറിയിച്ചു. യുഎസ് താരിഫ് കാരണം ജോലി നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്കും നഷ്ടം നേരിടുന്ന കമ്പനികള്‍ക്കും ആശ്വാസം നല്‍കുന്നതിന് 200 കോടി ഡോളര്‍ സ്ട്രാറ്റജിക് റിലീഫ് ഫണ്ട് അനുവദിക്കുമെന്ന് മാര്‍ക്ക് കാര്‍ണി പ്രഖ്യാപിച്ചിരുന്നു.