നാഷനൽ സെക്യൂരിറ്റി ഏജൻസി (എൻ എസ് എ) ഡയറക്‌ടർ എയർ ഫോഴ്‌സ് ജനറൽ തിമോത്തി ഹോ ഉൾപ്പെടെ ഏജൻസിയുടെ ആറു ഉന്നതരെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാഴാഴ്ച്ച നീക്കം ചെയ്തു. വൈറ്റ് ഹൗസിലെ മൂന്ന് എൻ എസ് എ ഉദ്യോഗസ്ഥരും അതിൽ ഉൾപ്പെടുന്നു.
പിരിച്ചു വിടലിനു കാരണമൊന്നും ട്രംപ് പറഞ്ഞില്ല. എന്നാൽ തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ലോറ ലൂമർ അതിനു ട്രംപിനെ പ്രേരിപ്പിച്ചു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലൂമർ വൈറ്റ് ഹൗസിൽ എത്തി ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെയാണ് നടപടി ഉണ്ടായത്.
'ന്യൂ യോർക്ക് ടൈംസ്' പറയുന്നത് ലൂമർ ട്രംപിനു എഴുതി കൊടുത്ത ലിസ്റ്റിൽ ഉണ്ടായിരുന്നവരാണ് പുറത്തായത് എന്നാണ്. അവർ ട്രംപിനോട് കൂറുള്ളവർ അല്ലെന്നു ലൂമർ ട്രംപിനെ ബോധ്യപ്പെടുത്തി എന്നു പത്രം പറയുന്നു.
ലൂമർ തന്നെ കണ്ടുവെന്ന് ട്രംപ് സമ്മതിച്ചു. പക്ഷെ അവർ തന്റെ മേൽ സ്വാധീനം ചെലുത്തിയെന്ന റിപ്പോർട്ട് അദ്ദേഹം തള്ളി.
പെന്റഗണും വൈറ്റ് ഹൗസും മൗനം പാലിച്ചു.
ജനറൽ തിമോത്തി ഹോവിന്റെ സിവിലിയൻ ഡപ്യൂട്ടി വെൻഡി നോബിൾ പുറത്തായ ആറു പേരിൽ ഉൾപ്പെടുന്നുവെന്നു 'വാഷിംഗ്‌ടൺ പോസ്റ്റ്' അറിയിച്ചു. അദ്ദേഹത്തെ പെന്റഗണിൽ അണ്ടർ സെക്രട്ടറി ഫോർ ഡിഫെൻസിന്റെ ഓഫിസിലേക്കു മാറ്റി.
ഹോവിന്റെ കീഴിൽ സൈബർ കമാൻഡ് ഡെപ്യൂട്ടി ഡയറക്റ്ററായ ലെഫ്. ജനറൽ വില്യം ജെ. ഹാർട്മാനെ പ്രസിഡന്റ് എൻ എസ് എ ആക്റ്റിംഗ് ഡയറക്റ്ററായി നിയമിച്ചു.
സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിയിൽ റാങ്കിംഗ് മെംബറായ മാർക്ക് വാർണർ (ഡെമോക്രാറ്റ്-വിർജീനിയ) ജനറൽ ഹോവിനെ നീക്കം ചെയ്ത നടപടിയെ അപലപിച്ചു. "ജനറൽ ഹോ യൂണിഫോമിൽ നമ്മുടെ രാജ്യത്തെ ആദരണീയമായി 30 വർഷത്തിലേറെ സേവിച്ചു. യുഎസ് മുൻപുണ്ടാവാത്ത സൈബർ ഭീഷണികൾ നേരിടുന്ന സമയത്തു അദ്ദേഹത്തെ പിരിച്ചു വിടുന്നത് അമേരിക്കക്കാരെ എങ്ങിനെയാണ് കൂടുതൽ സുരക്ഷിതരാക്കുക?"
സിഗ്നൽ ആപ്പിൾ നിർണായക രഹസ്യങ്ങൾ ചോർന്നതിനു ഉത്തരവാദികളായവരെ ട്രംപ് സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2024 ഫെബ്രുവരി മുതലാണ് ജനറൽ ഹോ എൻ എസ് എ മേധാവിയായത്.
Trump fires NSA director