Image

കായികതാരങ്ങള്‍ തോല്‍വിയുടെ കാരണം പഠിക്കണം: മുരളീധരന്‍

സനില്‍ പി. തോമസ് Published on 04 April, 2025
കായികതാരങ്ങള്‍ തോല്‍വിയുടെ  കാരണം പഠിക്കണം: മുരളീധരന്‍

വിജയവും തോല്‍വിയും സ്‌പോര്‍ട്‌സിന്റെ ഭാഗമാണ്. വിജയത്തില്‍ ആഹ്ലാദിക്കുകയും തോല്‍വിയില്‍ നിരാശപ്പെടുകയും സാധാരണമാണ്. പക്ഷേ, എന്തുകൊണ്ടാണ് തോറ്റതെന്ന് പലരും വിലയിരുത്താറില്ല. നമ്മുടെ കായിതാരങ്ങളുടെ പൊതുസമീപനത്തെക്കുറിച്ച് ബാഡ്മിന്റന്‍ കോച്ച് എസ്. മുരളീധരന്‍ സംസാരിച്ചത് ശ്രദ്ധേയമായിരുന്നു. ഈ വര്‍ഷം ദ്രോണാചാര്യ അവാര്‍ഡ് നേടിയ എസ് മുരളീധരന് പത്തനംതിട്ട ജില്ലാ ബാഡ്മിന്റന്‍ അസോസിയേഷന്‍ തിരുവല്ല സെന്റ് മേരീസ് ടെന്നിസ് അക്കാദമിയില്‍ ഒരുക്കിയ സ്വീകരണയോഗത്തിലാണ് മേല്‍പ്പറഞ്ഞ വിഷയം ചര്‍ച്ചയായത്.

"തോല്‍ക്കുന്ന താരങ്ങള്‍, തങ്ങള്‍ എന്തുകൊണ്ടു തോറ്റുവെന്നു പരിശോധിക്കണം. വിജയിച്ച എതിരാളിയുടെ പ്രകടനവും വിലയിരുത്തണം". സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം പറഞ്ഞു. മുന്‍ ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം കൂടിയായ മുരളീധരന്‍ താന്‍ പണ്ട് ഫൈനലില്‍ 0-15, 0-15ന്(അക്കാലത്ത് 15 പോയിന്റിലായിരുന്നു ഗെയിം) പരാജയപ്പെട്ട കഥ പറഞ്ഞു കൊണ്ടാണ് തോല്‍വിയുടെ കാരണം പഠിച്ചെടുത്ത അനുഭവം വിശദീകരിച്ചത്.
ബാഡ്മിന്റന്‍ മത്സരം തുടങ്ങും മുമ്പ് ഒന്നോ രണ്ടോ സ്‌ട്രോക്കുകള്‍ക്ക് അവസരം കിട്ടുമ്പോള്‍ എതിരാളിയുടെ ദൗര്‍ബല്യം മനസ്സിലാക്കാന്‍ ശ്രമിക്കണം. ഒപ്പം അയാളുടെ മികവ് എവിടെയെന്നും ശ്രദ്ധിക്കണം
ആജീവനാന്ത സംഭാവനയ്ക്കാണ് എസ്. മുരളീധരന് ദ്രോണാചാര്യ കിട്ടിയത്. അത് ലഭിച്ചതാകട്ടെ അദ്ദേഹത്തിന്റെ എണ്‍പതാം ജന്മദിനത്തിന്റെ തലേന്നും. 15 ലക്ഷം രൂപയാണ് സമ്മാനത്തുക.(അതത് വര്‍ഷത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള ദ്രോണാചാര്യ അവാര്‍ഡ് തുക 10 ലക്ഷം രൂപയാണ്).

ആറു പതിറ്റാണ്ട് ദീര്‍ഘിച്ച ബാഡ്മിന്റന്‍ ബന്ധം അദ്ദേഹം എണ്‍പതു വയസ്സിലും തുടരുന്നു. കാലിക്കറ്റ് സര്‍വകലാശാല കോച്ചും കായിക വകുപ്പ് മേധാവിയുമായിരുന്നു മുരളീധരന്‍. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ കാലിക്കറ്റ് വനിതകള്‍ 11 തവണയും പുരുഷന്മാര്‍ 14 തവണയും അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ ബാഡ്മിന്റന്‍ ചാമ്പ്യന്മാരായി. 2005 ല്‍ വിരമിച്ചു.

രാജ്യാന്തര ബാഡ്മിന്റന്‍ അമ്പയറും റഫറിയും പലതവണ ഇന്ത്യന്‍ ടീം മാനേജരുമായി മുരളീധരന്‍. ഇപ്പോള്‍ ബാഡ്മിന്റന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും കേരള ഒളിംപിക് അസോസിയേഷന്റെയും വൈസ് പ്രസിഡന്റ്. വിവിധ രാജ്യാന്തര ടൂര്‍ണ്ണമെന്റുകളില്‍ കോമ്പറ്റീഷന്‍ ഡയറക്ടര്‍ ആയിരുന്നു. സംസ്ഥാന ജൂനിയര്‍ കിരീടം ചൂടി 1960 ല്‍ തുടങ്ങിയ ജൈത്രയാത്ര. 1964 മുതല്‍ 71 വരെ സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍. 1968 ലും 69 ലും ഇന്ത്യന്‍ ടീമില്‍. ഇന്ത്യയുടെ ആറാം റാങ്ക് താരമായിരുന്നു .കേരള ബാഡ്മിന്റന്‍ അസോസിയേഷന്‍ സി.ഇ.ഒയും സീനിയര്‍ വൈസ് പ്രസിഡന്റുമായി ഇപ്പോഴും സംസ്ഥാന തലത്തില്‍ സജീവം.

ഒ.എം.നമ്പ്യാര്‍ ആണ് ദ്രോണാചാര്യ നേടിയ ആദ്യ മലയാളി. 1985ല്‍ ആയിരുന്നത്. മുരളീധരന്റെ ശിഷ്യന്‍ ഒളിംപ്യന്‍ യു.വിമല്‍കുമാറിന് 2019 ല്‍ ദ്രോണാചാര്യ ലഭിച്ചിരുന്നു. ആ ജീവനാന്ത സംഭാവന കണക്കിലെടുത്ത് ദ്രോണാചാര്യ കേരളത്തില്‍ നിന്ന് ഇതിന് മുമ്പ് കെ.പി. തോമസ്, എ.കെ.കുട്ടി, പി.എ.റാഫേല്‍, ടി.പി.ഔസേപ്പ് എന്നിവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

പത്തനംതിട്ട ബാഡ്മിന്റന്‍ അസോസിയേഷന്റെ മെമെന്റോ സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ എസ്.മുരളീധരനു സമ്മാനിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക