സിത്താരയുടെ ശവദാഹം കഴിഞ്ഞു . അവളുടെ അച്ഛൻ തിരികെ വന്നു ജനനിയുടെ സമീപമിരുന്നു . ചെറിയച്ഛൻ അഭിനന്ദനുമായി സംഭാഷണത്തിൽ ഏർപ്പെട്ടു .
മിത്ര അമ്മയോടും സുമേദിനോടുമൊപ്പം കുറച്ചു സമയം ചിലവഴിച്ചു .
വളരെ ബുദ്ധിമുട്ടിയാണ് അമ്മ അവനു രണ്ട് ഇഡ്‌ലി കൊടുത്തത് .
അമ്മയെയും സുമേദിനെയും അഭിനന്ദൻ തിരികെ പോകുമ്പോൾ വീട്ടിൽ കൊണ്ടാക്കാമെന്നു പറഞ്ഞു .
നാളെ വരാമെന്നു പറഞ്ഞു സംപ്രീതിയും യാത്രയായി .
ഡോക്ടർ ചന്ദ്രലേഖ ആരും കേൾക്കാതെ മിത്രയോടു പറഞ്ഞു
" ഓട്ടോപ്സി റിസൾട്ട് രണ്ടു ദിവസത്തിനകം ലഭിക്കും , ആർക്കും ഇവിടെ ഒരു സംശയവും തോന്നരുത് . ഡോക്ടർ ഭാസ്കറും അഭിനന്ദനും ആൾറെഡി DIG യെ കണ്ടു .മിത്ര പറഞ്ഞത് പോലെ ഇതൊക്കെ വെളിയിൽ അറിഞ്ഞാൽ അത് ഇത്രയും വർഷം ഭംഗിയായി കൊണ്ടുപോയ ഈ ഇൻസ്റ്റിട്യൂട്ടിന്റെ റെപ്യൂറ്റേഷനെ ബാധിക്കും .
ആരും വെളിയിൽ അറിയാതെ DIG രണ്ടു ഓഫീസെഴ്സിനെ നിയമിച്ചിട്ടുണ്ട് . അവർ ഇവിടെ ഉണ്ടായിരുന്നു. ഇന്നലെയും ഇന്നും , നാളെയുമായി അവർ ഓരോരുത്തരെയും ചോദ്യം ചെയ്യും ."
സംഘമിത്രക്കു രണ്ടു ദിവസമായി തീരെ സമാധാനമില്ല . ഇതുകൂടി കേട്ടപ്പോൾ വയറ്റിൽ നിന്നും ഒരു കത്തൽ :
എങ്ങനെ ഇതിനെയെല്ലാം അതിജീവിക്കും .
" എന്താ മിത്ര ആലോചിക്കുന്നത് ..? ഡോക്ടർ അവളുടെ മുഖഭാവം കണ്ടു ചോദിച്ചു .
" രണ്ടു ദിവസമായി വല്ലാത്ത ഒരു ഭയം . ആരായിരിക്കും എന്തിനായിരിക്കും ഈ കുട്ടികളോട് ഇങ്ങനെ ചെയ്യുന്നത് ?
അതും ജനനി , തന്റെ മകൾക്കുവേണ്ടി മാത്രമല്ല ഗോഡ്സ് ഹോം ആരംഭിച്ചത് . ഇത് അടച്ചുപൂട്ടിയാൽ എല്ലാ കുഞ്ഞുങ്ങളെയും അത് ബാധിക്കില്ലേ.. ?"
" ഭൂമിയിലെ ഏറ്റവും സങ്കീർണ്ണമായ യന്ത്രമാണ് മനുഷ്യ മനസ്സ്. എല്ലാ ചിന്തകളുടെയും പെരുമാറ്റത്തിന്റെയും ഉറവിടം അതാണ് . അതിൽ കൂടി കടന്നുപോകുന്നത് എന്താണെന്ന്
പ്രസിദ്ധരായ മനഃശാസ്ത്രജ്ഞർക്കു പോലും കണ്ടുപിടിക്കാൻ സാധിക്കില്ല .
let the police do their job . നമ്മൾ സഹകരിച്ചാൽ മതി.. "
" ശരി.. "
" ഞങ്ങൾ ഇറങ്ങുകയാണ്. ഓട്ടോപ്സി റിസൾട്ട് വരുമ്പോൾ ഡോക്ടർ സീതാലക്ഷ്മി വിവരം അറിയിക്കും . ഞങ്ങൾ നാളെ വരാം .
എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി . രണ്ടുമൂന്നു കുട്ടികൾക്കുള്ള മരുന്നു ഞാൻ ഡിസ്പെൻസറിയിൽ ജാനറ്റ് നഴ്സിനെ ഏൽപ്പിച്ചിട്ടുണ്ട്.. "
ഡോക്ടർ ചന്ദ്രലേഖ , ജനനിയുടെ കൈപിടിച്ച് യാത്ര പറഞ്ഞു വണ്ടിയിൽ കയറി യാത്രയായി .
കുറച്ചു സമയത്തിനകം , സിത്താരയുടെ അച്ഛനും കൊച്ചച്ഛനും .. അവരും നാളെ
വരാമെന്നു പറഞ്ഞു .
അഭിനന്ദൻ സംഘമിത്രയുടെ കൈയിൽനിന്നും ഫ്ലാറ്റിന്റെ താക്കോൽ വാങ്ങി . അമ്മയെയും സുമേദിനെയും വണ്ടിയിൽ കയറ്റി , കൊണ്ടുപോയി . രാത്രിയിൽ വരാമെന്നയാൾ പറഞ്ഞപ്പോൾ മിത്ര വിലക്കി .
അതിനു മറുപടി പറയാതെ , അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തു .
വിനോദിനിചേച്ചിയും , പദ്മാക്കയും എല്ലായിടവും വൃത്തിയാക്കുന്നു .
പൂക്കൾ എല്ലായിടത്തും ചിതറിക്കിടപ്പുണ്ട് .
സംഘമിത്ര ജനനിയുടെ മുറിയിലേക്ക് പോയി .
അവർ കിടക്കുയാണ് . കിടക്കവിരി മാറ്റാമെന്ന് പറഞ്ഞിട്ടവർ സമ്മതിച്ചില്ല .
ആ മുറിയിലെ ചെറിയ സോഫയിൽ തലചായ്ച്ചു മിത്രയിരുന്നു .
" നിനക്ക് അമ്മയുടെ കൂടെ വീട്ടിൽ പോകാൻ വയ്യായിരുന്നോ .. ? കുറച്ചു ദിവസമായില്ലേ ഈ അലച്ചിൽ.. "
" അത് കുഴപ്പമില്ല , രണ്ടു ദിവസം കഴിയട്ടെ .. "
ജനനി കണ്ണടച്ച് കിടന്നു .
എന്തൊക്കെ ആയിരിക്കും ആ മനസ്സിൽ കൂടി കടന്നു പോകുന്നത് ?
തീർച്ചയായും അവരെ വേദനയിൽ ആഴ്ത്തുന്ന ഒരു ചോദ്യമുണ്ടാവും കറുപ്പുനിറം വീണ ആ കൺതടത്തിൽ .
അനുഭവങ്ങളുടെ കാഴ്ചകൾ നിഴലിച്ചു നില്ക്കുന്ന, കണ്ണുകളിലേക്ക് ആർദ്രത പടർത്തുന്ന ഒരു സത്യം സിത്താര , അവൾ ഇനി ഇല്ല .
ഇത്രയും കാലം ജനനി ജീവിച്ചു തീരുകയായിരുന്നോ അതോ മകൾക്കായി മരിച്ചു തീരുകയായിരുന്നോയെന്ന്.
ഒരു പക്ഷെ നിസ്വാർത്ഥമായ ഈ മനസ്സിന് ഈ ലോകത്ത് ബാക്കി ജീവിതം ജീവിച്ചു തീർക്കാനാകുമോ .. ?
പിന്നെ മറ്റൊരു കാര്യം ചിന്തിക്കാൻ സത്യത്തിൽ പേടി തോന്നുന്നു.
ആ നിമിഷത്തിലേക്ക് എത്തിപ്പെട്ടാൽ , ദൈവമേ ആരായിരിക്കും ഈ കൊടുംപാതകം ചെയ്തത് ? എന്തിനു ?
മെഹുറുനിഷ ആയിരിക്കില്ല എന്നു മനസ്സുപറഞ്ഞു .
സിസ്റ്റർ ജാനെറ്റ് ? അവരാണ് മരുന്നെടുത്തു കൊടുക്കുന്നത് . പക്ഷെ അവരെന്തിനു... ?
ഡോക്ടർ ചന്ദ്രലേഖ പറഞ്ഞതുമാതിരി മനസ്സുപോലെ സങ്കീർണ്ണവും നിഗൂഢവുമായ ഒരു കാര്യത്തെക്കുറിച്ച് നമുക്ക് എങ്ങനെ പ്രവചിക്കാൻ സാധിക്കും ..?
ഒരുനിമിഷം മയക്കത്തിലേക്ക് വീണപ്പോൾ ജനനി ചോദിച്ചു .
" മിത്ര ..നമ്മുടെ കുഞ്ഞിനെ ആരെങ്കിലും അറിഞ്ഞോണ്ട് അപായപ്പെടുത്തിയാതാണോ ? അവൾ എന്ത് ദ്രോഹമാണ് ചെയ്തതു ?
സത്യത്തിൽ കുറച്ചു ദിവസമായി മിത്രയും ഇതിനുത്തരം തേടുകയായിരുന്നു .
കുറച്ചു കാലം മുമ്പ് വായിച്ച ഒരു കാര്യം ഓർമവന്നു .
സ്പെഷ്യൽ ചിൽഡ്രൻ , അവർ ദൈവത്തിനു സ്പെഷ്യലാണ് . അവരെ നോക്കാൻ പ്രാപ്തിയുള്ളവരുടെ കൈയ്യിലേ അവരെ ദൈവം ഏൽപിക്കൂ .. പിന്നെ വളരെ പരിണമിച്ച ആത്മാക്കൾ, അവർ വിശ്രമ ജീവിതത്തിനു ഭൂമിയിലേക്ക് വരുമെന്ന് - അവരാണ് സ്പെഷ്യൽ ചിൽഡ്രൻ.
അവർക്കൊരു നിയോഗമുണ്ട് . സിത്താര അവളുടെ നിയോഗം കഴിഞ്ഞു മടങ്ങി.
മറ്റൊരുപാട് ആത്മാക്കൾക്ക് തങ്ങാൻ ഒരിടമൊരുക്കി , അവൾ യാത്രയായി . പക്ഷെ അവളുടെ ഈ ലോകത്തെ വാസം ഹ്രസ്വമാക്കാൻ ആർക്കും അവകാശമില്ല .
ഈ അവസരത്തിൽ ഈ കാര്യം ജനനിയോട് പറയുന്നത് ഉചിതമല്ല .
" സത്യമായിട്ടും ചേച്ചി ചോദിച്ച ഈ ചോദ്യം ഞാൻ എന്നോട് തന്നെ ചോദിക്കുകയാണ്.. "
" മെഹറുനിഷ അല്ലെന്നു എനിക്ക് തോന്നുന്നു.. "
"ഉം , എനിക്കും .."
അഭിനന്ദനും അമ്മയും ആ സമയത്ത് അവിടേക്കു വന്നു . ഭാഗ്യത്തിന് സ്കൂളിൽ വീൽചെയർ സൗകര്യമുണ്ട് .
രാത്രിക്കുള്ള ഭക്ഷണം അവർ ഏർപ്പാടാക്കി . കൂടാതെ ജനനിക്കും മിത്രക്കും കുറച്ചു പഴങ്ങളും ഭക്ഷണവും കൈയിൽ കൊണ്ടുവന്നു .
ജനനി ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമാകുന്നു . അഭിനന്ദൻറെ അമ്മ ഭക്ഷണം കഴിക്കാൻ പറഞ്ഞിട്ടും അവർ കൂട്ടാക്കിയില്ല . അപ്പോൾ ആയമ്മ പറഞ്ഞു ..
" ജനനി ഭക്ഷണം കഴിക്കാതെ ഞാൻ ഇവിടെ നിന്നും പോകില്ല.
ഞാനും ഇവിടെ താമസിക്കും.
പിന്നെ ഇങ്ങനെയിരുന്നാൽ സുഖമില്ലാതെ ആകും .
നമ്മളെ വിട്ടുപോയ ആ കുഞ്ഞു , അവളുടെ പ്രിയപ്പെട്ട അമ്മ സുഖമില്ലാതെ ആകുന്നതു കാണാൻ ആഗ്രഹിക്കുന്നുണ്ടോ ?
" എന്തിനാ അമ്മേ ഞാനിനി ജീവിക്കുന്നത്.. ?"
" ജനനവും , മരണവും നമ്മുടെ കൈയിൽ ആണോ , ഇനിയും എത്രയോ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് .
ശരിയാ,
ഈ സ്കൂൾ തുടങ്ങിയത് മോൾക്ക് വേണ്ടിയാണ് . അവളുടെ സ്മരണ നമ്മൾ നിലനിർത്തണം .
ഇപ്പോൾ ഒന്നും പറയേണ്ട.
കുറച്ചു കഞ്ഞി എങ്കിലും കുടിക്കൂ.. "
സ്വന്തം അമ്മയെ ആണ് അപ്പോൾ ജനനിക്കു ഓർമ്മവന്നത് .
അവർ എഴുന്നേറ്റു കുറച്ചു കഞ്ഞി കുടിച്ചു .
അമ്മ നിർബന്ധിച്ച് ഒരു പഴവും കഴിപ്പിച്ചു .
കുറച്ചു സമയം അവർ അവിടെ ചിലവിട്ടു .
സുമേദിനും അമ്മക്കുമുള്ള ഭക്ഷണ കാര്യങ്ങൾ ഏർപ്പാടാക്കിയെന്ന് അഭിനന്ദൻ അറിയിച്ചു .
അവരെ യാത്രയാക്കാൻ പുറത്തേക്കിറങ്ങിയപ്പോൾ , ഡോക്ടർ സീതാലക്ഷമിയുടെ ഫോൺ വന്നു .
" റോഡെന്റിസൈഡ് പോയ്സണിങ് അതായത് , എലിവിഷം കൊണ്ടുള്ള മരണം.. "
അതാണ് സിത്താരക്ക് സംഭവിച്ചത് .
തുടരും...