ആന്ധ്രയിൽ നിന്നുള്ള കത്തോലിക്കാ പുരോഹിതനായ ഫാദർ അരുൾ ബാലസ്വാമി കരസാല, 57, ഏപ്രിൽ 3 ന് കൻസാസിലെ ചെറിയ നഗരമായ സെനെക്കയിൽ വെടിയേറ്റ് മരിച്ചു. കൻസാസ് സിറ്റി അതിരൂപത ഏപ്രിൽ 3 ന് ഒരു ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു.
സെനെക്കയിലെ സെന്റ്സ് പീറ്റർ ആൻഡ് പോൾ കാത്തലിക് ചർച്ചിന്റെ പാസ്റ്ററായ ഫാദർ കരസാല ആഴമായ പ്രതിബദ്ധതയുള്ള ആത്മീയ നേതാവും സമൂഹത്തിലെ പ്രിയപ്പെട്ട അംഗവുമാണെന്ന് പരിചിതർ വിശേഷിപ്പിച്ചു. കടപ്പയിൽ നിന്നുള്ള അദ്ദേഹം 20 വർഷത്തിലേറെയായി അതിരൂപതയിൽ സേവനമനുഷ്ഠിച്ചിക്കുന്നു. നെമാഹ-മാർഷൽ മേഖലയിലെ ഡീൻ കൂടിയായിരുന്നു.
പള്ളിയിലെ റെക്ടറിയിൽ വെച്ച് പുരോഹിതന് വെടിയേറ്റുവെന്നും താമസിയാതെ അദ്ദേഹം പ്രാദേശിക ആശുപത്രിയിൽ വച്ച് മരിച്ചതായും ഇടവകയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. നെമാഹ കൗണ്ടി ഷെരീഫ് ഓഫീസിലെ ഡെപ്യൂട്ടികൾ ഉച്ചയ്ക്ക് 2:55 ഓടെ റെക്ടറിയിൽ എത്തിയപ്പോൾ കെട്ടിടത്തിന് പുറത്ത് വെടിയേറ്റ മുറിവുകളോടെ കരസാലയെ കണ്ടെത്തിയതായി കൻസാസ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു .
കരസലയുടെ മരണവുമായി ബന്ധപ്പെട്ട് ഒക്ലഹോമയിലെ തുൾസയിൽ നിന്നുള്ള 66 കാരനായ ഗാരി എൽ. ഹെർമെഷിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായി കൻസാസ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. ഹെർമെഷിനെതിരെ ഇതുവരെ ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടില്ല .
'ഞങ്ങൾക്ക് അറിയാവുന്നതനുസരിച്ച്, ഒരു വൃദ്ധൻ വൈദികന്റെ അടുത്തേക്ക് വന്ന് മൂന്ന് തവണ വെടിവച്ചു. ആരാണ് അയാളെന്നോ എന്തിനാണെന്നോ തനിക്കറിയില്ലെന്നും ഇടവകയുടെ മത വിദ്യാഭ്യാസ ഡയറക്ടർ ക്രിസ് ആൻഡേഴ്സൺ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
'ഇന്ന് രാവിലെ വെടിയേറ്റ് മരിച്ച ഫാ. അരുൾ കരസാലയുടെ ദാരുണമായ വിയോഗ വാർത്ത പങ്കുവെക്കുമ്പോൾ എന്റെ ഹൃദയം തകരുന്നു,' ആർച്ച്ബിഷപ്പ് ജോസഫ് എഫ്. നൗമാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. 'ഈ വിവേകശൂന്യമായ അക്രമ പ്രവൃത്തി വഴി നഷ്ടപ്പെട്ട പ്രിയപ്പെട്ട പുരോഹിതന്റെയും സുഹൃത്തിന്റെയും വേർപാടിൽ ഞങ്ങൾ ദുഃഖിപ്പിക്കുന്നു.'
വെടിവയ്പ്പിന്റെ സാഹചര്യങ്ങളെക്കുറിച്ചും മറ്റും അധികൃതർ ഇതുവരെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
തന്റെ പ്രസ്താവനയിൽ, ആർച്ച്ബിഷപ്പ് നൗമാൻ ഫാ. കരസാലയെ സമർപ്പിതനും തീക്ഷ്ണതയുമുള്ള പാസ്റ്റർ എന്ന് ചൂണ്ടിക്കാട്ടി. ഫാ. കരസാലയുടെ ദുഃഖിതരായ കുടുംബത്തിനും ഇടവകക്കാർക്കും വേണ്ടി മാത്രമല്ല, കുറ്റവാളിക്കുവേണ്ടിയും പ്രാർത്ഥിക്കാൻ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.
'ഈ ദുഃഖസമയത്ത്, ഫാ. കരസാലയെ ദൈവത്തിന്റെ കാരുണ്യത്തിന് ഏൽപ്പിക്കാം. ഇന്ത്യയിലെ കടപ്പയിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തെയും, സെനെക്കയിലെ അദ്ദേഹത്തിന്റെ ഇടവക സമൂഹത്തെയും, അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവരെയും പ്രാർത്ഥനയിൽ അനുസ്മരിക്കാം,' ആർച്ച് ബിഷപ്പ് പറഞ്ഞു. 'കുറ്റവാളിക്ക് വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം, ദൈവം അയാളുടെ ഹൃദയത്തെ സ്പർശിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യട്ടെ.'
ഏപ്രിൽ 3 നു വൈകുന്നേരം കൊല്ലപ്പെട്ട വൈദികനുവേണ്ടി പ്രാർത്ഥന സംഘടിപ്പിച്ചു. നൈറ്റ്സ് ഓഫ് കൊളംബസ് ജപമാല അർപ്പിച്ചു, തുടർന്ന് 7:30 ന് സെന്റ്സ് പീറ്റർ ആൻഡ് പോൾ ഇടവകയിൽ ആർച്ച് ബിഷപ്പ് നൗമാൻ ദിവ്യബലി അർപ്പിച്ചു .
കൻസസിലെ യുഎസ് സെനറ്റർ റോജർ മാർഷലും അനുശോചനം രേഖപ്പെടുത്തി. 'ഫാദർ കരസാലയുടെ ദുഖാർത്ഥരായ കുടുംബം, സുഹൃത്തുക്കൾ, ഇടവകക്കാർ എന്നിവർക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഇത് ആരാണ് ചെയ്തതെന്ന് നമുക്ക് കണ്ടെത്തണം, നീതി നടപ്പാക്കണം.'
കരസാല 1994-ൽ പുരോഹിതനായി അഭിഷിക്തനായി. 2004 മുതൽ കൻസാസിൽ. 2011-ൽ അദ്ദേഹം യുഎസ് പൗരനായി.
details to follow