Image

ട്രംപിന് ചൈനയുടെ തിരിച്ചടി; യുഎസ് ഉത്പന്നങ്ങൾക്കുമേൽ 34 ശതമാനം തീരുവ ഏർപ്പെടുത്തി.

രഞ്ജിനി രാമചന്ദ്രൻ Published on 04 April, 2025
ട്രംപിന് ചൈനയുടെ തിരിച്ചടി; യുഎസ് ഉത്പന്നങ്ങൾക്കുമേൽ 34 ശതമാനം തീരുവ ഏർപ്പെടുത്തി.

ചൈനീസ് ഉത്പന്നങ്ങൾക്ക് പകരച്ചുങ്കം ഏർപ്പെടുത്തിയ ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തിന് മറുപടിയുമായി ചൈന. അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന മുഴുവൻ ഉത്പന്നങ്ങൾക്കും 34 ശതമാനം അധിക ഏർപ്പെടുത്തി. ഏപ്രിൽ പത്താംതീയതി മുതൽ ഉയർന്ന തീരുവ ഈടാക്കുന്നത് പ്രാബല്യത്തിൽവരും. ചൈനയിൽനിന്ന് ചില റെയർ എർത്ത് മൂലകങ്ങൾ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ചൈനയും അമേരിക്കയും തമ്മിലുള്ള ഈ ചുങ്ക പ്രതിസന്ധി വ്യാപാര യുദ്ധത്തിന് പുതിയ രൂപം നൽകുമെന്നതിനാൽ, ആഗോള സാമ്പത്തിക വ്യവസ്ഥ പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ് വിപണികൾ.

ബുധനാഴ്ചയാണ് ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങൾക്കുമേൽ പകരച്ചുങ്കം ഏർപ്പെടുത്തിക്കൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം വന്നത്. ഇക്കൊല്ലം ആദ്യം അമേരിക്ക, ചൈനയ്ക്കു മേൽ 20 ശതമാനം തീരുവ ചുമത്തിയിരുന്നു. ബുധനാഴ്ച വീണ്ടും 34 ശതമാനം തീരുവ കൂടെ പ്രഖ്യാപിച്ചതോടെ ചൈനയ്ക്കു മേൽ അമേരിക്ക ചുമത്തിയ നികുതി 54 ശതമാനമായിമാറി.......

യുഎസിലേക്കുള്ള സമേറിയം, ടെർബിയം, സ്‌കാൻഡിയം, യിട്രിയം തുടങ്ങിയ മീഡിയം-ഹെവി റെയർ എർത്ത് മൂലകങ്ങളുടെ കയറ്റുമതിയിലാണ് ചൈന നിയന്ത്രണം കൊണ്ടുവന്നിട്ടുള്ളത്. ഇത് ഏപ്രിൽ നാല് മുതൽ നിലവിൽവരും. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്നവയാണ് ഈ മൂലകങ്ങളിൽ അധികവും.

ഇറക്കുമതി തീരുവയ്ക്ക് പുറമെ, ചൈനയിൽ നിന്നുള്ള മറ്റ് ഇറക്കുമതികൾക്കും യുഎസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചൈനയിൽ നിന്നെത്തുന്ന 800 ഡോളർ താഴെ വിലയുള്ള പാഴ്‌സലുകൾക്ക് അനുവദിച്ചിരുന്ന നികുതി ഇളവുകളും നിർത്തലാക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ എത്തുന്ന പാഴ്‌സലുകൾക്ക് 30 ശതമാനം നികുതിയോ ഓരോ ഉത്പന്നത്തിനും 25 മുതൽ 50 ഡോളർ വരെ നികുതി ഈടാക്കാനുമാണ് നിർദേശിച്ചിരിക്കുന്നത്.

ബുധനാഴ്ചയാണ് വിവിധ രാജ്യങ്ങൾക്ക് മേൽ ചുമത്തുന്ന തീരുവ സംബന്ധിച്ച് ട്രംപിൻറെ പ്രഖ്യാപനമുണ്ടായത്.അമേരിക്കയുമായി വ്യാപാരബന്ധമുള്ള 60 രാജ്യങ്ങൾക്കാണ് പകരച്ചുങ്കം ചുമത്തിയിരിക്കുന്നത്. അമേരിക്കയിൽ എത്തുന്ന എല്ലാ ഉത്പന്നങ്ങൾക്കും പത്ത് ശതമാനം അടിസ്ഥാന തീരുവയായി ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യക്ക് 26 ശതമാനം, യൂറോപ്യൻ യൂണിയന് 20 ശതമാനം, വിയറ്റ്‌നാമിന് 46 ശതമാനം, ജപ്പാന് 24 ശതമാനം, തായ്‌വാന് 32 ശതമാനം, ദക്ഷിണ കൊറിയയ്ക്ക് 25 ശതമാനം,തായ്‌ലന്റിന് 36 ശതമാനവുമാണ് യു.എസ്. ഏർപ്പെടുത്തിയിട്ടുള്ള ഉയർന്ന പകരച്ചുങ്കങ്ങൾ.

സാമ്പത്തിക രംഗത്തെ വിമോചന ദിനമായി വിശേഷിപ്പിച്ച ഏപ്രിൽ രണ്ടാം തീയതിയിലെ പ്രഖ്യാപനത്തിൽ നിന്ന് അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായ കാനഡയേയും മെക്‌സിക്കൊയേയും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ട്രംപ് അധികാരത്തിൽ എത്തിയതിന് പിന്നാലെ ചുമത്തിയ 25 ശതമാനം തീരുവയിൽ ഇളവ് നൽകിയിട്ടില്ല. 1962-ലെ ട്രേഡ് ആക്ട് സെക്ഷൻ 232 അനുസരിച്ച് 25 ശതമാനം താരിഫ് നൽകുന്ന വാഹനങ്ങൾ, സ്‌പെയർ പാർട്‌സുകൾ, സ്റ്റീൽ, അലുമിനിയം തുടങ്ങിയവയെ പുതിയ തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചൈനയും അമേരിക്കയും തമ്മിലുള്ള ഈ ചുങ്ക പ്രതിസന്ധി വ്യാപാര യുദ്ധത്തിന് പുതിയ രൂപം നൽകുമെന്നതിനാൽ, ആഗോള സാമ്പത്തിക വ്യവസ്ഥ പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ് വിപണികൾ.

 

 

English summery:

China hits back at Trump; imposes a 34% tariff on U.S. products.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക