ആലപ്പുഴ: ആലപ്പുഴ സി.പി.എമ്മിൽ വിഭാഗീയത വീണ്ടും തലപൊക്കി. ആലപ്പുഴ ഏരിയയിലെ തുമ്പോളിയിൽ നാല് ബ്രാഞ്ച് സെക്രട്ടറിമാരടക്കം 56 പേരുടെ കൂട്ടരാജി. പാർട്ടി പുറത്താക്കിയയാളെ ലോക്കൽ കമ്മിറ്റിയിൽ അംഗമാക്കിയതിനെതിരെ കഴിഞ്ഞ ഒക്ടോബറിൽ നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചാണ് ഇത്രയുംപേർ ഒന്നിച്ച് പാർട്ടി വിട്ടത്.
തുമ്പോളി നോർത്ത് ബി ബ്രാഞ്ച് സെക്രട്ടറി സെബാസ്റ്റ്യൻ, തുമ്പോളി സെന്‍റർ ബ്രാഞ്ച് സെക്രട്ടറി കരോൾ വോയ്റ്റീവ, മംഗലം ബ്രാഞ്ച് സെക്രട്ടറി ജീവൻ, മംഗലം സൗത്ത് ബി ബ്രാഞ്ച് സെക്രട്ടറി ജോബിൻ എന്നിവരാണ് ലോക്കൽ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. ഇതിനൊപ്പമാണ് 56 പാർട്ടി അംഗങ്ങളും രാജിവെച്ചത്.
പാർട്ടി അംഗത്വം നിലനിർത്താനുള്ള പരിശോധനയിൽ 67 പേർക്ക് പുതുക്കാനായിട്ടില്ല. പ്രാദേശിക നേതാക്കളുടെ നിലപാടിനെ എതിർത്തവരുടെ അംഗത്വമാണ് ഇത്തരത്തിൽ തഴഞ്ഞതെന്ന് ആക്ഷേപമുണ്ട്. വാർഡ് കൗൺസിലർ ഉൾപ്പെടുന്ന ചില ബ്രാഞ്ചുകളിൽ മെംബർഷിപ് നിലനിർത്തുന്ന പരിശോധന നടന്നിട്ടില്ലെന്നും പരാതിയുണ്ട്. ലോക്കൽ കമ്മിറ്റിയുടെ നിലപാടിൽ പ്രതിഷേധിച്ച് നേരത്തേ രാജിവെച്ച ഒരു ബ്രാഞ്ച് സെക്രട്ടറി സി.പി.ഐയിൽ ചേർന്നിരുന്നു.
ഒക്ടോബറിൽ ലോക്കൽ സമ്മേളനത്തിലാണ് വിഭാഗീയത പ്രകടമായത്. വാർഡ് തെരഞ്ഞെടുപ്പിൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന്‍റെ പേരിൽ പുറത്താക്കിയയാളെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ ഒരു വിഭാഗം ശ്രമിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എയെ പരസ്യമായി അസഭ്യം പറഞ്ഞയാളെ ഉൾപ്പെടുത്താനാവില്ലെന്ന എതിർപ്പ് അവഗണിച്ച് ലോക്കൽ കമ്മിറ്റി അംഗമാക്കിയതിനെതിരെ ഒരുവിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി.