Image

ടിക് ടോക്കിനു ട്രംപ് 75 ദിവസം കൂടി നൽകി; ചൈന പക്ഷെ അനുമതി നൽകിയില്ലെന്നു റിപ്പോർട്ട് (പിപിഎം)

Published on 05 April, 2025
 ടിക് ടോക്കിനു ട്രംപ് 75 ദിവസം കൂടി നൽകി; ചൈന പക്ഷെ അനുമതി നൽകിയില്ലെന്നു റിപ്പോർട്ട് (പിപിഎം)

ചൈനയുടെ മേൽ 34% ഇറക്കുമതി തീരുവ ചുമത്തിയതിനു പിന്നാലെ, ചൈനീസ്  ടിക് ടോക് ആപ് വിൽക്കാൻ യുഎസിൽ അതിന്റെ ഉടമകളായ ബൈറ്റ്ഡാൻസിനു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് 75 ദിവസം കൂടി നീട്ടിക്കൊടുത്തു.

ചൈനീസ് കമ്പനിയോട് മഹാമനസ്കത കാണിക്കയാണെന്ന് ട്രംപ് സൂചിപ്പിച്ചെങ്കിലും ഒരു ഡീൽ ഉണ്ടാക്കാൻ ചൈനയുടെ അനുമതി ഇല്ലെന്നു  ബൈറ്റ്ഡാൻസ് വൈറ്റ് ഹൗസിനെ അറിയിച്ചെന്നാണ് അസോഷ്യേറ്റഡ് പ്രസ് റിപ്പോർട്ട്.

ബൈറ്റ്ഡാൻസ് പറഞ്ഞു: "യുഎസ് ഗവൺമെൻറുമായി പ്രശ്നപരിഹാരത്തിനു ഞങ്ങൾ ചർച്ച നടത്തി വരികയായിരുന്നു. നിർണായക വിഷയങ്ങൾ പരിഹരിക്കാനുണ്ട്. എന്തു കരാറും ചൈനീസ് നിയമത്തിനു വിധേയമായിരിക്കും."

ഓഹരികൾ യുഎസ് കമ്പനിക്കു വിൽക്കാൻ ബൈറ്റ്ഡാൻസിനു യുഎസ് കോൺഗ്രസ് ജനുവരി 19 വരെ സമയം നൽകിയിരുന്നു. ട്രംപ് അധികാരമേറ്റ ജനുവരി 20നു ട്രംപ് അത് നീട്ടിക്കൊടുത്തു. പല യുഎസ് കമ്പനികളും മുന്നോട്ടു വന്നെങ്കിലും മില്യൺ കണക്കിന് ആളുകൾക്ക് താല്പര്യമുള്ള ആപ്പ് വിൽക്കാനില്ല എന്നാണ് ബൈറ്റ്ഡാൻസ് പറഞ്ഞത്.  

ടിക് ടോക്കിനെ രക്ഷിക്കാൻ തന്റെ ഭരണകൂടം ഒട്ടേറെ ശ്രമിച്ചെന്നും അതിൽ വലിയ പുരോഗതി ഉണ്ടായെന്നും ട്രംപ് അവകാശപ്പെട്ടു. അതിനു കൂടുതൽ സമയം ആവശ്യമായതു കൊണ്ടാണ് നീട്ടുന്നത്. "നമ്മുടെ താരിഫിൽ ചൈനയ്ക്കു സന്തോഷമില്ലെന്നു അറിയാം. എന്നാൽ അവരുമായി വിശ്വാസത്തോടെ തുടർന്നും പ്രവർത്തിക്കാം എന്നാണ് പ്രതീക്ഷ.

"ഒരു കാര്യം തെളിയുന്നു. താരിഫ് ആണ് ഏറ്റവും ശക്തമായ സാമ്പത്തിക ആയുധം. നമ്മുടെ ദേശസുരക്ഷയ്ക്കു ഏറ്റവും അനിവാര്യം. ടിക് ടോക് അടഞ്ഞു പോകണം എന്നു നമുക്ക് ആഗ്രഹമില്ല. ചൈനയും ടിക് ടോക്കുമായി ഡീൽ ഉറപ്പിക്കാൻ കഴിയുമെന്നു നമ്മൾ പ്രത്യാശിക്കുന്നു."

ഓറക്കിൾ, ആമസോൺ, ഒൺലിഫാൻസ്‌ എന്നിങ്ങനെ പല കമ്പനികളും ടിക് ടോക് വാങ്ങാൻ താല്പര്യം കാട്ടിയിരുന്നു.

Trump gives 75 days more to TikTok 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക