Image

നാടു കടത്തിയ മെരിലാൻഡ് നിവാസിയെ തിങ്കളാഴ്ചയോടെ തിരിച്ചെത്തിക്കണമെന്നു കോടതി ഉത്തരവ് (പിപിഎം)

Published on 05 April, 2025
 നാടു കടത്തിയ മെരിലാൻഡ് നിവാസിയെ തിങ്കളാഴ്ചയോടെ  തിരിച്ചെത്തിക്കണമെന്നു കോടതി ഉത്തരവ് (പിപിഎം)

വെനസ്വേലൻ കുറ്റവാളികൾ എന്നാരോപിക്കപ്പെട്ടവർക്കൊപ്പം എൽ സാൽവദോറിലേക്കു നാടു കടത്തിയ മെരിലാൻഡ് നിവാസിയെ തിങ്കളാഴ്ച ഉച്ചയോടെ തിരിച്ചു കൊണ്ടുവരണമെന്നു ട്രംപ് ഭരണകൂടത്തിനു കോടതി ഉത്തരവ് നൽകി. കിൽമാർ അർമാൻഡോ അബ്രീഗോ ഗാർഷ്യ (29) എന്ന സാൽവദോർ സ്വദേശിയുടെ ഭാര്യയും മൂന്നു മക്കളും യുഎസ് പൗരത്വം ഉള്ളവരാണ്. ഭീകരരെ കഠിനമായി കൈകാര്യം ചെയ്യുന്ന സാൽവദോർ ജയിലിൽ അടച്ചിട്ടുള്ള അദ്ദേഹത്തെ കൊണ്ടുപോയത് ഭരണപരമായ പിഴവാണെന്നു ഗവൺമെന്റ് സമ്മതിച്ചിട്ടുളളതാണ്.

എന്നാൽ ഫെഡറൽ ജഡ്‌ജ്‌ പോള സിനിസിന്റെ ഉത്തരവിനെതിരെ അപ്പീൽ പോകുമെന്നാണ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് പറഞ്ഞത്.

ഗാർഷ്യയെ അറസ്റ്റ് ചെയ്തു നാടുകടത്തിയതിനു ഒരു നിയമസാധുതയും ഇല്ലെന്നു ജഡ്‌ജ്‌ ചൂണ്ടിക്കാട്ടി. രണ്ടു വിമാനങ്ങളിലായി വെനസ്വേലക്കാരെയും സാൽവദോർ പൗരന്മാരെയും നാടുകടത്തുന്നത് തടഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവും ഉണ്ടായിരുന്നു. വിമാനങ്ങൾ ഉടൻ തിരിച്ചിറക്കാനാണ് ജഡ്‌ജ്‌ ജെയിംസ് ബോസ്‌ബർഗ് ആവശ്യപ്പെട്ടത്. പക്ഷെ അപ്പോഴേക്ക് വിമാനങ്ങൾ സാൽവദോറിൽ എത്തിയെന്നാണ് ഗവൺമെന്റ് പറയുന്നത്.

ഗാർഷ്യ സാൽവദോറിലെ കുപ്രസിദ്ധമായ എംഎസ്-13 എന്ന സംഘത്തിൽ അംഗമാണെന്നു ഗവൺമെന്റ് പറയുന്നു. എന്നാൽ അതിനു യാതൊരു തെളിവും അവർ ഹാജരാക്കിയിട്ടില്ല എന്ന് ജഡ്‌ജ്‌ സിനിസ് ചൂണ്ടിക്കാട്ടി.

അത്തരം നിലപാടുകൾ എടുക്കുന്ന കോടതികളെ കടന്നാക്രമിക്കുക എന്ന രീതിയാണ് ട്രംപ് ഭരണകൂടം കൈക്കൊണ്ടു വരുന്നത്. ഭരണകൂടത്തോട് സംസാരിക്കാൻ 24 മണിക്കൂർ നൽകണമെന്നു ജസ്റ്റിസ് ഡിപ്പാർട്മെന്റ് അഭിഭാഷകൻ ഇറേസ് റുവേനി അഭ്യർഥിച്ചെങ്കിലും തിങ്കളാഴ്ച്ച ഗാർഷ്യയെ തിരിച്ചെത്തിക്കണം എന്ന ഉത്തരവിൽ ജഡ്‌ജ്‌ ഉറച്ചു നിന്നു.

US judge orders deported Salvadoran to be brought back 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക