മധുര: സിഎംആർഎൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. പാർട്ടി കോൺഗ്രസിനിടെ വന്ന കേസ് സംബന്ധിച്ചു കേരളത്തിലെ സിപിഎം പ്രതിനിധികൾ സംയുക്ത പ്രതിരോധം ഉയർത്താൻ ശ്രമിച്ചെങ്കിലും നേതൃത്വത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ ഇപ്പോൾ പരസ്യമായി പുറത്തുവന്നിട്ടുണ്ട്.
പൊളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ടിനൊപ്പം നിരവധി കേരള നേതാക്കളും ഇതിനെ രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും പ്രതികരിച്ചു. എന്നാൽ പശ്ചിമ ബംഗാൾ സെക്രട്ടറി മുഹമ്മദ് സലിം പാർട്ടിക്ക് ഈ വിഷയത്തിൽ യാതൊരു ബന്ധവുമില്ലെന്ന അഭിപ്രായമാണ് പറഞ്ഞത്. എസ്‌എഫ്‌ഐഒ കേസുമായി ബന്ധപ്പെട്ട വ്യക്തികൾ നിയമപരമായ മാർഗം തിരഞ്ഞെടുക്കുമെന്ന് മുഹമ്മദ് സലിം വ്യക്തമാക്കി. ഇതോടെയാണ് വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളും ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും പുറത്തുവന്നത്.