സിനിമ എന്താണെന്നോ രാഷ്ട്രീയം എന്തിനാണെന്നോ അറിയാത്ത , അഥവാ അറിഞ്ഞാൽത്തന്നെ തങ്ങളുടെ അറിവിൽ പെട്ടതിനപ്പുറം അതൊന്നുമില്ല എന്ന് തീരുമാനിച്ച കുറേ അൽപ്പന്മാർ നേതാക്കളെ വാഴ്ത്തിയും സൂപ്പർ താരങ്ങളെ പുകഴ്ത്തിയും പോസ്റ്റുകൾ ഇടുമ്പോൾ അതിനെ വെല്ലുവിളിച്ച് എതിർ ടീമുകൾ പോസ്റ്റിടും . അതിനെ കൊലവിളിച്ച് ഈ ടീം പ്രതിരോധിക്കും . ഈ ക്വട്ടേഷൻ മെസേജുകൾക്കിടയിൽ സീരിയസ്സായി കാര്യങ്ങൾ കാണുന്ന കുറേ പോസ്റ്റുകളൊക്കെ ഇടക്കിടെ കടന്നു വരാറുണ്ട് . എന്നാൽ അതൊന്നും ,ഇത് കാണുന്ന സീരിയസ്സായ മനുഷ്യർ പോലും ശ്രദ്ധിക്കാറില്ല . നാട്ടുപ്പതിനായിരത്തിൻ്റെ നട്ടപ്പിരാന്തിനാണ് ഇലക്ഷനിലായാലും എഫ് ബി യിലായാലും വോട്ട് . നിലപാടുകളുള്ളവർ ഇവിടെ സ്വതന്ത്ര സ്ഥാനാർത്ഥികളേക്കാൾ അപമാനിതരാണ് . അഭിനയ ശൈലി കൊണ്ട് മോഹൻലാലിനോളം ആഭിമുഖ്യം ഒരിക്കലും മമ്മൂട്ടിയോട് തോന്നാത്ത ഒരാളാണ് ഇതെഴുതുന്നത് . എന്നാൽ മോഹൻലാലിനോടുള്ള പ്രിയം നെഞ്ചിൽ കൊണ്ടു നടന്ന എൺപത് - തൊണ്ണൂറു കളിൽ തന്നെ മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങൾ എൻ്റെ സ്വന്തമായിരുന്നു . തനിയാവർത്തനത്തിലെ ബാലൻ മാഷും ന്യൂഡൽഹിയിലെ ജികെയും അമരത്തിലെ അച്ചൂട്ടിയും വടക്കൻ വീരഗാഥയിലെ ചന്തുവുമൊന്നും മോഹൻലാലോ അല്ല കമലഹാസൻ തന്നെ ചെയ്താലും എനിക്കിഷ്ടമാവില്ല .
എന്നാൽ fb യിലെഴുതുമ്പോൾ വായിക്കുന്ന ശിശുക്കൾക്ക് ഒരേ ഒര് നിർബന്ധം - പറ , ഞാൻ ആരുടെ ഫാൻ ?
ഉത്തരം ഇതാ - സിനിമയുടെ കാര്യത്തിൽ മികച്ച സിനിമയുടെ . രാഷ്ട്രീയത്തിൻ്റെ കാര്യത്തിൽ സമൂഹത്തിന് ഗുണം ചെയ്യുന്ന എന്തിൻ്റെയും കൂടെ .
അര നൂറ്റാണ്ടിനിടയിൽ പത്താം വയസ്സു തൊട്ട് സിനിമകാണുന്നുണ്ട് - പത്തായിരം സിനിമകളെങ്കിലും കണ്ടു കാണും . മലയാളം കൂടാതെ - തമിഴ് , ഇംഗ്ലീഷ് . . ഇറാനിയൻ . ഇപ്പോ ഇറങ്ങിയ തമിഴ് പെരുസ് വരെ കണ്ടു - എല്ലാം വച്ച് ഞാൻ നിരൂപണം നടത്തുന്നു - മാർക്കോയാണ് ദൃശ്യപരമായി ഏറ്റവും വിഷമയമായ സിനിമ . എന്നാൽ ആശയപരമായി, കാളകൂടമാണ് എമ്പുരാൻ .
രാഷ്ട്രീയം റിയലിസ്റ്റിക്ക് അലിഗറിയായോ ഫാൻ്റസിയായോ സറ്റയറായോ ആവിഷ്കരിക്കാം . അത് കലാകാരൻ്റെ സ്വാതന്ത്ര്യം . എന്നാൽ , മറ്റു വിഷയങ്ങൾ പോലെ ഭ്രമാത്മകവും ഭാവനാത്മവുമായി മാത്രം കൈകാര്യം ചെയ്യാനുള്ള ഒരു വിഷയമല്ല അത് . എത്രയൊക്കെ ഭാവനാത്മക ന്യായം ഉന്നയിച്ചാലും ശരി , വസ്തുതകളെ പാടേ നിരാകരിച്ചു കൊണ്ട് കെട്ടുകഥകൾ ഇറക്കിക്കളിക്കുന്നത് രാഷ്ട്രീയത്തെ മാത്രമല്ല അനുവാചകരുടെ / പ്രേക്ഷകരുടെ പൊതുബോധത്തെയും സാമൂഹ്യ വിവേകത്തെയും പരിഹസിക്കലാണ് . തികച്ചും നിർമ്മിതമായ ഒരു പ്രമേയം വളരെ യഥാർത്ഥ സ്വഭാവത്തിൽ അവതരിപ്പിച്ച് ലൂസിഫറും എമ്പുരാനും ചെയ്ത രാജ്യദ്രോഹം ചെറുതല്ല . ഇവിടെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഭരിക്കുന്ന ഗവൺമെൻ്റിൻ്റെ പക്ഷം ചേർന്നല്ല . കേവലമായി ഒരു പൗരൻ്റെ സ്ഥാനത്തു നിന്നായാലും രാഷ്ട്രീയ കഥ എന്ന വ്യാജേന രാഷ്ട്രത്തെ അപഹസിക്കുന്ന ഈ രണ്ട് സിനിമകളെയും അംഗീകരിക്കാൻ കഴിയില്ല
( തുടരും )