Image

ഗെസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ വിലക്കി സുരേഷ് ഗോപി

Published on 05 April, 2025
  ഗെസ്റ്റ് ഹൗസിൽ  മാധ്യമങ്ങളെ വിലക്കി സുരേഷ് ഗോപി

കൊച്ചി: എറണാകുളത്തെ ഗെസ്റ്റ് ഹൗസിൽ നിന്ന് മാധ്യമങ്ങളെ പുറത്താക്കാൻ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായതിനെപ്പറ്റി ഇന്നു മാധ്യമപ്രവർത്തർ ചോദിച്ചപ്പോൾ‌ പ്രതികരിക്കാൻ വിസമ്മതിച്ച സുരേഷ് ഗോപി, മാധ്യമങ്ങളെ അവിടെ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന്, മാധ്യമങ്ങൾ ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നെന്നും അതിനാൽ പുറത്തുപോകണമെന്നും ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ വഴി മാധ്യമപ്രവർത്തകരെ അറിയിക്കുകയായിരുന്നു.‌ താൻ പുറത്തിറങ്ങുമ്പോൾ ഒരു മാധ്യമപ്രവർത്തകർ പോലും ഉണ്ടാവരുതെന്ന് സുരേഷ് ഗോപി നിർദേശിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

വെള്ളിയാഴ്ച, ജബൽപൂരിൽ വൈദികരെ മർദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി ക്ഷുഭിതനായിരുന്നു. ' നിങ്ങൾ ആരാ? നിങ്ങൾ ആരോടാണ് ചോദിക്കുന്നത്? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ? ഇവിടുത്തെ ജനങ്ങളാണ് വലുത്'' എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും അടക്കമുള്ളവർ കൊച്ചിയിൽ എത്തുമ്പോൾ സാധാരണ താമസിക്കാറുള്ളത് എറണാകുളം ഗെസ്റ്റ് ഹൗസിലാണ്. ഇവിടെയെത്തുന്നവരുമായി മാധ്യമപ്രവർത്തകർ കൂടിക്കാഴ്ച നടത്താറുമുണ്ട്. ഇന്ന് രാവിലെ ഗെസ്റ്റ് ഹൗസിലെത്തിയ സുരേഷ് ഗോപിയോടും പതിവു പോലെ പ്രതികരണം തേടിയെങ്കിലും അദ്ദേഹം മിണ്ടാതെ മുറിയിലേക്ക് പോകുകയായിരുന്നു.ഇതിനു ശേഷമാണ് മാധ്യമങ്ങളെ ഗെസ്റ്റ് ഹൗസിന്റെ ലോബിയിൽ നിന്ന് പുറത്താക്കണമെന്ന് ഗൺമാൻ വഴി റിസപ്ഷനിസ്റ്റിനെ അറിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക