രാജ്യത്തെ ഗ്രസിച്ച അസ്വസ്ഥതയെ പരാമർശിച്ചു മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. 2024 തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനോടു തോറ്റ ശേഷം പൊതുവേദികളിൽ കാണാതിരുന്ന ഹാരിസ് വെള്ളിയാഴ്ച്ച കാലിഫോർണിയയിൽ ലീഡിംഗ് വിമെൻ ഡിഫൈൻഡ് ഉച്ചകോടിയിൽ തിങ്ങി നിറഞ്ഞ സദസിൽ സംസാരിക്കയായിരുന്നു.
"രാജ്യത്തു ഒട്ടേറെ ഭീതിയുണ്ട്," ഹാരിസ് പറഞ്ഞു. "പലതും സംഭവിക്കുമെന്നു നമുക്ക് അറിയാമായിരുന്നു. പലതും."
രാഷ്ട്രീയം വിട്ടു പോകുന്നില്ലെന്നു ഹാരിസ് സൂചിപ്പിച്ചു. "ഞാൻ ഇവിടെ തന്നെയുണ്ട്, എങ്ങും പോകുന്നില്ല. ഞാൻ ഉറപ്പു പറയുന്നു."
2026ൽ കാലിഫോർണിയ ഗവർണർ തിരഞ്ഞെടുപ്പിൽ അവർ സ്ഥാനാർഥിയാകും എന്നാണ് കരുതപ്പെടുന്നത്. അതുണ്ടായാൽ അവർക്കു വൻ ജനപിന്തുണ ലഭിക്കുമെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്.
പരിചിതമായ പുഞ്ചിരി തൂകി എത്തിയ ഹാരിസിനു നിറഞ്ഞ കരഘോഷമായിരുന്നു. ട്രംപിനെ അവർ പരാമർശിച്ചില്ല.
ട്രംപിനു മുൻപ് രണ്ടു തവണ പ്രസിഡന്റ് ആയിരുന്ന ബരാക്ക് ഒബാമ അതിനിടെ ഹാമിൽട്ടൺ കോളജിൽ നടന്ന ഒരു ചടങ്ങിൽ ഫെഡറൽ ഗവൺമെന്റിൽ നിന്നു ട്രംപ് നടത്തുന്ന പിരിച്ചു വിടൽ, കൂട്ട നാടുകടത്തൽ, വിമർശകർക്ക് എതിരായ ആക്രമണം എന്നിങ്ങനെയുള്ള നയങ്ങളെ വിമർശിച്ചു. "ഞാൻ പൊതുവേദിയിൽ സംസാരിക്കുന്നത് കുറേക്കാലം കൂടിയാണ്, പക്ഷെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു കൊണ്ടിരിക്കയാണ്."
ട്രംപ് കൊണ്ടുവന്ന താരിഫുകൾ അമേരിക്കയ്ക്കു ഗുണം ചെയ്യുമെന്ന് ഒബാമ കരുതുന്നില്ല. എന്നാൽ മനുഷ്യാവകാശങ്ങളുടെ മേലുള്ള വൈറ്റ് ഹൗസിന്റെ കടന്നാക്രമണമാണ് തന്നെ കൂടുതൽ അസ്വസ്ഥനാക്കുന്നത് എന്നദ്ദേഹം പറഞ്ഞു. "അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കുന്ന വിദ്യാർഥികളെ തടഞ്ഞില്ലെങ്കിൽ യുണിവേഴ്സിറ്റികളെ ഭീഷണിപ്പെടുത്തുന്ന ഫെഡറൽ ഗവൺമെന്റ് ആശങ്ക ഉയർത്തുന്നു. അഭിഭാഷകർക്ക് ആർക്കൊക്കെ വേണ്ടി വാദിക്കാം എന്ന വ്യവസ്ഥ നിശ്ചയിക്കുകയും വഴങ്ങാത്തവരെ നിരോധിക്കയും ചെയ്യുന്ന വൈറ്റ് ഹൗസ് നയം നമ്മൾ അമേരിക്കക്കാർക്ക് സ്വീകരിക്കാവുന്നതല്ല.
Harris, Obama flay Trump policies