കൊച്ചിയിൽ ഞെട്ടിക്കുന്ന തൊഴിൽ ചൂഷണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. മാർക്കറ്റിങ് സ്ഥാപനമായ ഹിന്ദുസ്ഥാൻ പവർ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ടാർഗറ്റ് പൂർത്തിയാകാത്തവരെ നായ്ക്കളുടെ ബെൽറ്റ് കഴുത്തിൽ ഇട്ട് നടത്തിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീടുകളിൽ പാത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും വിൽക്കാൻ എത്തുന്ന ആളുകളെയാണ് ഇത്തരത്തിൽ ദിവസവും ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ ഉപദ്രവിക്കുന്നത്.
സ്ഥാപനത്തിൽ തൊഴിൽ ചൂഷണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ഈ സ്ഥാപനത്തിൽ ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ തൊഴിലാളികളെ അടിവസ്ത്രത്തിൽ നിർത്തുന്നതും അസഭ്യം പറയുന്നതും പതിവാണെന്ന് പരാതിക്കാരൻ പറയുന്നു. ഒരു ദിവസം 2000 രൂപയ്ക്ക് താഴെയാണ് വില്പനയെങ്കിൽ അതിനനുസരിച്ച് അവർ ശിക്ഷകൾ തരുന്നതാണ് പതിവ്. ദിവസം ഒരു കച്ചവടവും കിട്ടാത്തവരാണെങ്കിൽ അവരെ രാത്രിയിൽ വിളിച്ചുവരുത്തി നനഞ്ഞ തോർത്ത് കൊണ്ട് ശരീരം മുഴുവൻ അടിക്കുകയും അസഭ്യം പറയുകയും ചെയ്യും.
സ്ഥാപന ഉടമ ഉബൈദിന്റെ പേരിൽ പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. മുൻപും ഇതേ കേസിൽ ഇയാൾ ജയിലിൽ പോയിരുന്നു. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്.
സ്ഥാപനത്തിൽ ജോലിക്കായി എത്തുന്ന സ്ത്രീകളെ ദുരുപയോഗം ചെയ്തുവെന്ന പീഡന കേസിലെ പ്രതി കൂടിയാണ് സ്ഥാപനഉടമയായ ഉബൈദ്.