യുഎസ് സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നതെന്നു സാമ്പത്തിക വിദഗ്ദ്ധരും ബ്രോക്കറേജുകളും താക്കീതു ചെയ്യുന്നു. പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച ആഗോള തീരുവകളുടെ പ്രത്യാഘാതമാണിത്.
ജെപി മോർഗൻ ചേസ് പറയുന്നു: "താരിഫുകളുടെ ഭാരത്തിൽ ജി ഡി പി ചുരുങ്ങുമെന്നാണ് ഞങ്ങൾ കാണുന്നത്. 1.3ൽ നിന്നു വളർച്ച -0.3% ആയി കുറയും."
സാമ്പത്തിക പ്രവർത്തനങ്ങൾ ശോഷിക്കുമ്പോൾ ജോലിക്കു ആളെ എടുക്കുന്നത് കുറയുമെന്നു ബാങ്കിന്റെ ചീഫ് എക്കണോമിസ്റ്റ് മൈക്കൽ ഫെറോളി പറഞ്ഞു. ഓവർടൈമും ഇല്ലാതാവും. തൊഴിലില്ലായ്മ 5.3% ആയി ഉയരും.
ജൂണിൽ യുഎസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കുമെന്നാണ് ഫെറോളി പ്രതീക്ഷിക്കുന്നത്. പിന്നീട് അടുത്ത ജനുവരിയിലും. ഉത്പാദനം വർധിക്കാതെ നാണയപ്പെരുപ്പം ഉണ്ടാവുന്ന അവസ്ഥ ഫെഡ് നയങ്ങൾ തീരുമാനിക്കുന്നവരെ വിഷമത്തിലാക്കും.
സിറ്റി ബാങ്ക് വിദഗ്‌ധർ ഈ വർഷത്തെ വളർച്ചാ നിരക്ക് വെറും 0.1% ആയാണ് കാണുന്നത്. യുബിഎസ് അവരുടെ പ്രതീക്ഷ വെറും 0.4% ആയി കുറച്ചു.
യുബിഎസ് ചീഫ് എക്കണോമിസ്റ്റ് ജോനാഥൻ പിങ്ഗൾ പറഞ്ഞു: "യുഎസിലേക്കുള്ള ഇറക്കുമതി 20 ശതമാനത്തിലധികം കുറയും എന്നാണ് ഞങ്ങളുടെ കണക്ക്. ജിഡിപി ഭാഗമായിട്ടുള്ള ഇറക്കുമതിയുടെ പങ്ക് 1986നു മുൻപുള്ള തലത്തിലേക്ക് കുറയും."
നിരക്കുകൾ പുതുക്കാൻ തിരക്കൊന്നും കാണുന്നില്ലെന്നു ഫെഡ് ചെയർ ജെറോം പവൽ വെള്ളിയാഴ്ച്ച പറഞ്ഞു. ഏറ്റവും ഒടുവിലത്തെ പ്രതിമാസ തൊഴിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം സംസാരിച്ചത്. മാർച്ചിൽ കൂടുതൽ പേർക്ക് തൊഴിൽ ലഭിച്ചതായും എന്നാൽ തൊഴിലില്ലായ്മ നേരിയ തോതിൽ കൂടിയതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ട്രംപിന്റെ താരിഫുകൾ വോൾ സ്ട്രീറ്റിൽ വലിയ വീഴ്ചയാണ് ഉണ്ടാക്കിയിട്ടുള്ളത്.
Experts fear US recession