ചെന്നൈ: മെഡിക്കൽ പ്രവേശനത്തിനുള്ള രാജ്യ വ്യാപക പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനുള്ള തമിഴ്‌നാട് ഗവൺമെന്‍റിന്‍റെ ബില്ലിന് അംഗീകാരം നൽകാതെ രാഷ്ട്രപതി ദ്രൗപതി മുർമു. പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ മെഡിക്കൽ രംഗത്തേക്ക് പ്രവേശിപ്പിക്കാൻ സംസ്ഥാനത്തെ അനുവദിക്കണമെന്ന ദീർഘകാല പോരാട്ടത്തിനാണ് തിരിച്ചടിയേറ്റത്. കഴിഞ്ഞ വർഷം ജൂണിൽ നീറ്റ് സമ്പ്രദായം നിർത്തലാക്കാനും സ്കൂൾ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോഴ്‌സുകളിലേക്ക് പ്രവേശനം തീരുമാനിക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കാനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കിയിരുന്നു.
2021ലും 2022ലും സംസ്ഥാന നിയമസഭ രണ്ട് തവണ പാസാക്കുകയും കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്ത ബില്ല് നിരസിച്ചതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയെ അറിയിച്ചു. അതിർത്തി നിർണയം, ഹിന്ദി അടിച്ചേൽപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ നിലവിൽ കേന്ദ്ര സർക്കാരും സ്റ്റാലിനും തമ്മിൽ വിയോജിപ്പുകൾ നിലനിൽക്കുന്നുണ്ട്. തമിഴ്‌നാടിനെ അപമാനിച്ചുവെന്നും ഫെഡറലിസത്തിലെ കറുത്ത ഘട്ടം എന്നും സ്റ്റാലിൻ ഇതിനെ വിശേഷിപ്പിച്ചു.
‘തമിഴ്നാട് സർക്കാർ ആവശ്യമായ എല്ലാ വിശദീകരണങ്ങളും നൽകിയിട്ടും നീറ്റിൽ നിന്നുള്ള ഇളവ് കേന്ദ്ര സർക്കാർ നിരസിച്ചു’ സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു.