Image

ട്രംപിന് കരാറുകള്‍ പൊളിച്ചെഴുതാമെങ്കില്‍ എന്തുകൊണ്ട് കേരളത്തില്‍ പറ്റില്ല: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

Published on 05 April, 2025
ട്രംപിന് കരാറുകള്‍ പൊളിച്ചെഴുതാമെങ്കില്‍ എന്തുകൊണ്ട് കേരളത്തില്‍ പറ്റില്ല: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

കോഴിക്കോട്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കരാറുകള്‍ പൊളിച്ചെഴുതാമെങ്കില്‍ എന്തുകൊണ്ട് ഇവിടെ പറ്റില്ലെന്നു താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ചോദിച്ചു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോരാട്ടത്തിന്റെ പോര്‍മുഖത്താണ് ക്രൈസ്തവ സമുദായമുള്ളതെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. കുടിയിറക്കലിന്റെ മുന്നിലാണുള്ളത്. സര്‍ക്കാര്‍ കണ്ണുതുറക്കണം. നമ്മുടെ വീട്ടില്‍ പന്നിയിറച്ചി ഉണ്ടോയെന്ന് ഒരു വനപാലകനും വീട്ടില്‍ കയറി പരിശോധിക്കരുത്. അങ്ങനെ കയറാന്‍ ഒരു വനപാലകനേയും അനുവദിക്കരുത്. വനപാലകര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ സമ്മേളനം. ആസിയാന്‍ കരാര്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. അതിന് ശേഷമാണ് കാര്‍ഷിക മേഖല തകര്‍ന്നത്, അദ്ദേഹം പറഞ്ഞു.

ഇത് സര്‍ക്കാരിനോട് പോരാടാനുള്ള സമയമാണ്. വനംമന്ത്രിക്ക് കണ്ണില്ലെന്നും ആരോ എഴുതുന്ന നിയമങ്ങളില്‍ മന്ത്രി ഒപ്പിട്ട് നല്‍കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കഴിവില്ലെങ്കില്‍ വനംവകുപ്പ് മന്ത്രി രാജിവെക്കണം. ഇനി ഒരു മനുഷ്യനും ഇവിടെ ആന കുത്തി മരിക്കരുത്. ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് എന്തിന് സര്‍ക്കാര്‍ പൂഴ്ത്തിവെക്കുന്നു എന്ന് മുഖ്യമന്ത്രി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പാര്‍ട്ടി ക്രൈസ്തവ സഭയ്ക്ക് അന്യമാണെന്ന് ആരും കരുതേണ്ടെന്ന് താമരശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി ചൂണ്ടിക്കാട്ടി. ഫിക്സഡ് ഡിപ്പോസിറ്റ് ആയി ആരും ഞങ്ങളെ കാണണ്ടായെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കി. വഖഫ് നിയമത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളും അപകടത്തില്‍ പെടുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് തീറെഴുതി കൊടുത്ത ജനതയല്ല ക്രൈസ്തവര്‍. മുനമ്പം നിവാസികള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അഭിപ്രായം കേള്‍ക്കരുത്. മലയോര ജനത മുനമ്പത്തിനോടൊപ്പമാണെന്നും പാംപ്ലാനി പറഞ്ഞു.

ഗതികെട്ടതുകൊണ്ടാണ് സമരത്തിനിറങ്ങിയതെന്നും വെച്ച കാല്‍ പിന്നോട്ട് എടുക്കില്ലെന്നും തലശ്ശേരി അതിരൂപത ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ക്രൈസ്തവ സമുദായത്തിന് അര്‍ഹമായത് നല്‍കണം. ഒരു സമുദായം മാത്രം വളരുന്നതും മറ്റ് സമുദായങ്ങളുടെ അവകാശം കവരുന്നതും ശരിയല്ല. സഭാ നേതൃത്വം വഖഫ് ബില്ലിന് പിന്തുണ നല്‍കാന്‍ എംപിമാരോട് പറഞ്ഞു. അത് അപരാധമായി ചിലര്‍ ചിത്രീകരിക്കാന്‍ നോക്കി. ബില്‍ സമുദായവിഷയമല്ല, സാമൂഹിക നീതിയുടെ വിഷയമാണ്. സകല പൗരന്മാരുടെയും അവകാശം നടപ്പിലാക്കപ്പെടണം. സഭയ്ക്ക് വ്യക്തമായ നിലപാട് സ്വീകരിക്കാനുള്ള അവകാശമുണ്ട്. ക്രിസ്ത്യാനികള്‍ വഖഫിന്റെ പേരില്‍ മാത്രമല്ല ഒറ്റപ്പെടുന്നത്, പാംപ്ലാനി പറഞ്ഞു.

 

 

Join WhatsApp News
Parayil pathrose 2025-04-05 23:53:16
എൻറെ പൊന്നു ബിഷപ്പ് സാറേ, ഇതെന്ത് താരതമ്യ പഠനമാണ് ട്രംപിന്റെ കരാറുകൾ മാറ്റവും, പൊളിച്ചടക്കുകളും, കേരള കൃഷിക്കാരെയും കേരള കുടിയേറ്റവും, മതപ്രശ്നവും ഒക്കെയായി ഒരു താരതമ്യവുമില്ല. ന്യൂനപക്ഷ വർഗീയതയെക്കാൾ ഭയാനകം ഭൂരിപക്ഷ വർഗീയതയാണ് കാരണം ഭരണവും മിക്കവാറും അവരുടെ കൈകളിൽ ആയിരിക്കും. അങ്ങനെയിരിക്കെ ന്യൂനപക്ഷങ്ങളായ മുസ്ലിം ക്രിസ്ത്യാനികളെയും തമ്മിൽ അടുപ്പിക്കുന്നത് ഭൂരിപക്ഷം വർഗീയതയുടെ ഒരു വലിയ തന്ത്രമാണ്. ഭൂരിപക്ഷത്തിന്റെ കയ്യിൽ നിന്ന് കക്കാപ്പിച്ച മേടിച്ച് നിങ്ങൾ ന്യൂനപക്ഷങ്ങൾ തമ്മിൽ ഒരിക്കലും തമ്മിൽ തല്ലരുത്. നിങ്ങളുടെ അച്ഛന്മാരെ കൊല്ലുന്നതും അടിക്കുന്നതും നിങ്ങളുടെ പള്ളികൾ തകർക്കുന്നതും ഭൂരിപക്ഷ വർഗീയ കക്ഷികളും ആർഎസ്എസും മറ്റുമാണ് അല്ലാതെ ന്യൂനപക്ഷമായ ഇസ്ലാം മത വിശ്വാസികൾ അല്ല. അവർജോസഫ് എന്ന ഒറ്റയാളുടെ കൈ വെട്ടി എന്ന് സമ്മതിക്കുന്നു. അത് തെറ്റ്. എന്നാൽ കൈ വെട്ടിയവരുടെ കൂടെയാണ് സഭ നിന്നത്. അതും തെറ്റ്. പക്ഷേ വടക്കേ ഇന്ത്യയിൽ ഈ ഭൂരിപക്ഷക്കാർ എത്ര പേരെയാണ് കൊന്നൊടുക്കിയത്, എത്ര പള്ളികളാണ് തകർത്തത്. അത് നിങ്ങൾ ചിന്തിക്കണം ബിഷപ്പ് സാറേ. പ്രിയപ്പെട്ട മുനമ്പം നിവാസികളെ, ഒരു വികാരം വേലിയേറ്റത്തിൽ, നിങ്ങൾ ബിജെപി വലയത്തിൽ പെടരുത് അവരുടെ വലയിൽ ചാടരുത്. തരം കിട്ടുമ്പോൾ അ ഭൂരിപക്ഷ വർഗീയക്കാർ അവരുടെ തനി നിറം കാണിക്കും. ഭൂരിപക്ഷം മതത്തിലേക്ക് ചാടിയാൽ കർവാപസി, എന്നാൽ ന്യൂനപക്ഷത്തിലേക്ക് ചാടിയാൽ മതപരിവർത്തനം കുറ്റകരം, അല്ലെങ്കിൽ Love Jihad. കേസിനെ ഭയന്നും, Nakka pichha കിട്ടാനുമായി പ്രിയ ബിഷപ്പ് സാറമ്മാരും, അനുയായികളും മുനമ്പം മുനമ്പം എന്നും പറഞ്ഞ് ഒരുപക്ഷെ വലയിൽ വീഴാതെ നോക്കുക. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക