Image

കൊച്ചി മാർക്കറ്റിങ് സ്ഥാപനത്തിലെ തൊഴിൽ പീഡനം; മന്ത്രി ശിവൻകുട്ടി റിപ്പോർട്ട് തേടി

Published on 05 April, 2025
കൊച്ചി  മാർക്കറ്റിങ് സ്ഥാപനത്തിലെ തൊഴിൽ പീഡനം;  മന്ത്രി  ശിവൻകുട്ടി റിപ്പോർട്ട് തേടി

കൊച്ചി: മാർക്കറ്റിങ് കമ്പനിയായ ഹിന്ദുസ്ഥാന്‍ പവർ ലിങ്ക്‌സിലെ തൊഴില്‍ പീഡനത്തില്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഒരു സ്ഥലത്തും നടക്കാന്‍ പാടില്ലാത്ത സംഭവമാണിതെന്നും മന്ത്രി പറഞ്ഞു. ‘ശക്തമായ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ഒരു തരത്തിലുള്ള തൊഴില്‍ പീഡനവും അനുവദിക്കില്ല. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റ് നടപടികളിലേക്ക് കടക്കും. ഇത്തരം കാര്യങ്ങള്‍ അംഗീകരിച്ച് മുന്നോട്ട് പോകില്ല. ഇത്തരത്തില്‍ ഒരു സ്ഥാപനത്തെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഒരു തൊഴിലാളിയാണെങ്കില്‍ പോലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല’, മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

പത്തിരുപത് വര്‍ഷമായി കലൂരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ പവർ ലിങ്ക്‌സ്. ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്തവരോടാണ് മാനേജരുടെ ക്രൂര പീഡനം. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മേല്‍ത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കും അയച്ചു നല്‍കും. ആറ് മാസത്തെ ട്രെയിനിങ് എന്ന് പറഞ്ഞ് ജോലിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്കെതിരെയാണ് ഈ ക്രൂര പീഡനം. കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെ പോലെ നടത്തിക്കുക, നായ്ക്കളെ പോലെ ഭക്ഷണം കഴിപ്പിക്കുക, വായില്‍ ഉപ്പ് വാരിയിട്ട് തുപ്പാന്‍ അനുവദിക്കാതിരിക്കുക, നിലത്ത് നിന്ന് ഭക്ഷണം നക്കിപ്പിക്കുക തുടങ്ങിയ പീഡനങ്ങളാണ് തൊഴിലാളികള്‍ക്ക് നേരെ നടക്കുന്നത്.

 പല വീടുകള്‍ കയറി സാധനങ്ങൾ വില്‍ക്കുകയാണ് തൊഴിലാളികളുടെ ടാര്‍ഗറ്റ്. എന്നാല്‍ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നവരെയാണ് ഇത്തരത്തിൽ ക്രൂര പീഡനങ്ങൾക്ക് ഇരയാക്കുന്നത്.

ഇതേസമയം നടന്നത് തൊഴില്‍ പീഡനമല്ലെന്ന് ദൃശ്യങ്ങളില്‍ കാണുന്ന യുവാവ് മൊഴി നല്‍കി. തൊഴില്‍ വകുപ്പിനും പൊലീസിനുമാണ് യുവാവ് മൊഴി നല്‍കിയത്. മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ മാനേജര്‍ മാസങ്ങള്‍ക്ക് മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

ദൃശ്യങ്ങള്‍ പുറത്തുവന്നത് തന്റെ അറിവില്ലാതെയാണെന്നും സ്ഥാപന ഉടമയെ മോശക്കാരനാക്കാനായി മുന്‍ ജീവനക്കാരന്‍ മനാഫ് മാസങ്ങള്‍ മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും യുവാവ് മൊഴിയില്‍ പറയുന്നു. താന്‍ ഇപ്പോഴും ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക