കോഴിക്കോട്: വെള്ളാപ്പള്ളി നടേശൻ നടത്തിയ വിദ്വേഷ പരാമർശത്തിനെതിരെ പി.ഡി.പി രംഗത്ത്. മലപ്പുറത്ത് നൂറ്റാണ്ടുകളായി നാനാജാതി മതവിഭാഗങ്ങള്‍ സാഹോദര്യത്തിലും സൗഹാര്‍ദ്ദത്തിലുമാണ് കഴിഞ്ഞുവരുന്നതെന്നും വിദ്വേഷത്തിന്റെ വിഷം പരത്തുന്ന പരാമര്‍ശത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്നും പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍അലി ദാരിമി ആവശ്യപ്പെട്ടു. മലപ്പുറത്തെ ആക്ഷേപിക്കുകയും മതവിദ്വേഷം പ്രചരിപ്പിക്കുകയും കലാപാഹ്വാനം മുഴക്കുകയും ചെയ്‌ത വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലാ പൊലീസ് മേധാവിക്ക് പരാതിയും നല്‍കി.
നിലമ്പൂര്‍ എസ്.എന്‍.ഡി.പി യൂണിയൻ നടത്തിയ കണ്‍വെന്‍ഷനില്‍ വര്‍ഗീയ വിദ്വേഷവും മതസ്പര്‍ദ്ധയും വളര്‍ത്തുന്ന പരാമര്‍ശം നടത്തിയ യോഗം ജനറല്‍ സെക്രട്ടറിക്കെതിരെ മലപ്പുറത്തെ ഈഴവ ജനത പ്രതികരിക്കണമെന്ന് ജാഫര്‍അലി ദാരിമി പറഞ്ഞു. മലപ്പുറത്തിന്റെ സമാധാന സാമൂഹിക സാഹോദര്യത്തില്‍ വിഷം കലക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറിന്റെ എച്ചില്‍ നക്കിയായി വെള്ളാപ്പള്ളി മാറുന്നത് അപമാനമാണ്. യഥാര്‍ത്ഥ മലപ്പുറത്തെ തിരിച്ചറിയാന്‍ കുറച്ച് കാലം മലപ്പുറത്ത് വന്ന് താമസിച്ച് മാനവികത പഠിക്കണം. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായി പലതും തട്ടിയെടുക്കുന്നു എന്ന പ്രചാരണത്തിന്റെ മുനയൊടിഞ്ഞപ്പോള്‍ മലപ്പുറത്തെ വളഞ്ഞിട്ടാക്രമിക്കാനാണ് വെള്ളാപ്പള്ളിയുടെ നീക്കം. വിദ്വേഷ പ്രചാരകരെ നിലക്ക് നിര്‍ത്താന്‍ ശക്തമായ നിയമ നടപടിയാണുണ്ടാകണമെന്നും ജാഫര്‍ അലി ദാരിമി ആവശ്യപ്പെട്ടു.