ഹൂസ്റ്റണ്‍: ഈ വസന്തകാലത്ത് ഹൂസ്റ്റണ്‍ വളരെ മനോഹരമാണ്. അസാലിയ പുഷ്പങ്ങളും ചുവന്ന് പരിമളം പരത്തുന്ന റോസാപ്പൂക്കളും എവിടെയും കാണാം. പ്രകൃതിക്കെന്നപോലെ കവികള്‍ക്കും സാഹിത്യ പ്രതിഭകള്‍ക്കും പ്രിയപ്പെട്ടതാണ് വസന്തകാലം. കാരണം അതിന്റെ കാല്‍പനിക സൗന്ദര്യം മറ്റേതൊരു ഋതുവിനേക്കാളും അവരുടെ ഭാവനയെ ജ്വലിപ്പിക്കുന്നതാണ്. ഇത് ഏറ്റവും ജനപ്രിയമാണ്, പുനരുജ്ജീവനത്തിന്റെ പ്രതീകവുമാണ്. വൃക്ഷലതാദികളില്‍ പുതിയ ഇലകള്‍ തളിര്‍ത്ത് വരികകയും പൂക്കള്‍ വിരിയുകയും ചെയ്യുന്നു, കാലാവസ്ഥ ചൂടാകുന്നു, ചുറ്റുമുള്ളതെല്ലാം ശാന്തമായി തോന്നുന്നു.
ഈ സുന്ദരകാലത്തിന്റെ ആവേശമുള്‍ക്കൊണ്ട്, വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രതിമാസ യോഗവും ഇതള്‍ വിരിഞ്ഞ് സമ്പന്നമായി.
യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്റ് ചെറിയാന്‍ മഠത്തിലേത്ത് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്തു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും പബ്‌ളീഷിങ് കോ-ഓര്‍ഡിനേറ്ററും കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ഭാവി പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. സാഹിത്യത്തെയും അതിന്റെ വിവിധ സങ്കേതങ്ങളെയും കാലികമായ പ്രവണതകളെ പറ്റിയുമൊക്കെ വളരെ ആരോഗ്യകരമായി ചര്‍ച്ച ചെയ്തുകൊണ്ടാണ് കഴിഞ്ഞ 35 സംവത്സരങ്ങളായി റൈറ്റേഴ്‌സ് ഫോറം ജൈത്രയാത്ര തുടരുന്നതെന്ന് അവര്‍ വ്യക്തമാക്കി.
പരിണതപ്രജ്ഞരായ നിരവധി വിശിഷ്ട വ്യക്തികള്‍ ഈ സാഹിത്യ കൂട്ടായ്മയുടെ വേദിയില്‍ എത്തുകയും സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവും മതപരവുമായ വിഷയങ്ങളെ കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഏതു വിഷയത്തെക്കുറിച്ചും തുറന്ന മനസ്സോടുകൂടി സാഹിത്യ സംവാദങ്ങള്‍ നടത്തുകയെന്നതാണ് റൈറ്റേഴ്‌സ് ഫോറത്തിന്റെ പരമപ്രധാനമായ ലക്ഷ്യം. ഈ വിശാല വീക്ഷണം എഴുത്തുകാരെ വ്യത്യസ്ത തലങ്ങളില്‍ തങ്ങളുടെ രചനകള്‍ നടത്താന്‍ പ്രാപ്തമാക്കുന്നുവെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
ഇക്കഴിഞ്ഞ 29-ാം തീയതി ഞായറാഴ്ച സ്റ്റാഫോര്‍ഡല്‍ ചേര്‍ന്ന യോഗത്തിലെ പ്രധാന അജണ്ട ഡോ. സണ്ണി എഴുമറ്റൂരിന്റെ ഏറ്റവും പുതിയ രചനയായ 'എ ബേണിങ് ക്വസ്റ്റ്യന്‍' എന്ന പുസ്തകത്തിന്റെ പ്രകാശനമാണ്. വിവിധ വിഷയങ്ങളില്‍ അവഗാഹമുള്ള അദ്ദേഹത്തിന്റെ 57-ാമത്തെ പുസ്തകമാണിത്. ശവസംസ്‌കാര ചടങ്ങുകളുടെ സാമൂഹികവും സാംസ്‌കാരികവും കച്ചവടപരവുമായ വിവിധ വശങ്ങളെക്കുറിച്ചാണ് 'എ ബേണിങ് ക്വസ്റ്റ്യന്‍' പ്രതിപാദിക്കുന്നത്. ക്രിസ്ത്യന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം അവര്‍ പുനരുദ്ധാനത്തില്‍ വിശ്വിസിക്കുന്നു. അതുകൊണ്ടാണ് കിഴക്കോട്ട് ദര്‍ശനമായി ഭൗതിക ശരീരം സംസ്‌കരിക്കുന്നത്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അതാണ് ശരി. എന്നാല്‍ ശവദാഹം തെറ്റാണെന്നുണ്ടോ...? ശവസംസ്‌കാരത്തിന്റെ സാമ്പത്തിക വശങ്ങളെക്കുറിച്ചും പുസ്തകം വിചിന്തനം ചെയ്യുന്നുണ്ട്.
സാമുവല്‍ തോമസ് ഡോ. സി.എം ജേക്കബിന് നല്‍കിക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്തു. ഡോ. സി.എം ജേക്കബ്, സാമുവല്‍ തോമസ്, പാസ്റ്റര്‍ മാണി വര്‍ഗീസ്, മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു തുടങ്ങിയവര്‍ ഈ കൃതിയെ അനുമോദിച്ച് സംസാരിച്ചു. രചയിതാവ് ഏവര്‍ക്കും നന്ദി പറഞ്ഞു. ഇതിനിടെ ജേക്കബ് സാം ചൊല്ലിയ കവിത ഹൃദ്യമായി. യോഗത്തില്‍ ജോണ്‍ മാത്യു 'ഉടയാടകള്‍ക്കും ആത്മാവ്' എന്ന റിയലിസ്റ്റിക് കഥ അവതരിപ്പിച്ചു. ഇന്ദ്രജാലപ്രതീതി ജനിപ്പിക്കുന്ന ഈ കഥ ചര്‍ച്ച ചെയ്യപ്പെട്ടു. സുരേന്ദ്രന്‍ നായര്‍, റോയി തോമസ്, ടോം വിരിപ്പന്‍, ജോസഫ് തച്ചാറ, ഷാജി പാംസ്, ജേക്കബ് സാം, കുര്യന്‍ മ്യാലില്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
തുടര്‍ന്ന് ടൊറന്റോയിലെ ജോണ്‍ ഇളമതയുടെ 'ജീവിക്കാന്‍ മറന്നു പോയവര്‍' എന്ന നോവലും പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ കോപ്പി എ.സി ജോര്‍ജില്‍ നിന്ന് ബോബി മാത്യു സ്വീകരിച്ചുകൊണ്ടായിരുന്നു പ്രകാശന കര്‍മം. ആദ്യകാല കുടിയേറ്റക്കാരുടെ കഥയാണിത്. വലിച്ചുവാരിക്കൂട്ടി വിജയിക്കാനുള്ള നെട്ടോട്ടം, അതിന്റെ ആകുലത, മാനസിക പിരിമുറുക്കം, പാശ്ചാത്യ നാട്ടില്‍ നിന്ന് അപ്രതീക്ഷിതമായി തരക്കേടില്ലാത്ത വരുമാനമുണ്ടായപ്പോള്‍ ഉന്നത ബിരുദധാരിയായിരിക്കണം തന്റെ ജീവിത പങ്കാളിയെന്ന് നിര്‍ബന്ധം പിടിച്ചവരുടെ കഥയാണ് 'ജീവിക്കാന്‍ മറന്നു പോയവര്‍'. അറ്റോര്‍ണി ഇന്നസെന്റ്, കൊച്ചിന്‍ ഷാജി തുടങ്ങിയവരും ചര്‍ച്ചയില്‍ സംബന്ധിച്ചു. റൈറ്റേഴ്‌സ് ഫോറത്തിന്റെ മുന്‍ പ്രസിഡന്റ് അഡ്വ. ഡോ. മാത്യു വൈരമണ്‍ ആയിരുന്നു സാഹിത്യ ചര്‍ച്ചയുടെ മോഡറേറ്റര്‍.
അടുത്ത മീറ്റിങ് കവിതാ മാസത്തിന്റെ ആഘോഷമായി നടത്തുമെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി മോട്ടി മാത്യു കൃതജ്ഞത പ്രകാശിപ്പിച്ചു.