പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കും നടപടികൾക്കും എതിരെ ശനിയാഴ്ച്ച യുഎസ് നഗരങ്ങളിൽ പ്രതിഷേധം അരങ്ങേറി. ട്രംപിന്റെ വലം കൈയ്യായി നിന്ന് ആയിരങ്ങളെ പിരിച്ചു വിടുന്ന എലോൺ മസ്കിനെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യങ്ങൾ മുഴക്കി.
ആറു ലക്ഷത്തോളം പേർ പങ്കെടുത്തു എന്നു കണക്കാക്കപ്പെടുന്ന പ്രകടനങ്ങളിൽ മുദ്രാവാക്യം ജനാധിപത്യത്തെയും അവകാശങ്ങളെയും തൊട്ടു കളിക്കരുത് എന്നതായിരുന്നു: 'Hands off!' രാജ്യവ്യാപകമായി 150 സംഘടനകൾ 1,200 റിലേറെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.
പിരിച്ചുവിടൽ, ബലം പ്രയോഗിച്ചുള്ള നാടു കടത്തൽ, ആഗോള താരിഫുകളും അവയുടെ പ്രത്യാഘാതമായി വരാൻ പോകുന്ന വിലക്കയറ്റം, ഇതൊക്കെയാണ് 50 സംസ്ഥാനങ്ങളിലും യുഎസ് ഭരണപ്രദേശങ്ങളിലും അരങ്ങേറിയ പ്രകടനങ്ങളിൽ പ്രധാന വിഷയങ്ങൾ. എതിർക്കുന്നവരെ അടിച്ചമർത്തുന്ന ട്രംപിന്റെ നയവും രോഷം ഉയർത്തി.
വാഷിംഗ്‌ടൺ, ഫ്ലോറിഡയിൽ ട്രംപിന്റെ വസതിക്കു സമീപം, കൂടാതെ സെന്റ് അഗസ്റ്റിൻ, സോൾട്ട് ലേക്ക് സിറ്റി, കെന്റക്കി ഫ്രാങ്ക്ഫോർട്ട് എന്നിവിടങ്ങളിൽ പ്രകടനങ്ങൾ തെരുവുകൾ നിറഞ്ഞു. മൻഹാട്ടൻ, ഷിക്കാഗോ, അറ്റ്ലാന്റ എന്നിവിടങ്ങളിലും കൂറ്റൻ പ്രകടനങ്ങൾ അരങ്ങേറി.
ചരിത്രത്തിലെ ഏറ്റവും നഗ്നമായ അധികാര ദുർവിനിയോഗം എന്നാണ് പ്രകടനക്കാർ ട്രംപിന്റെ നടപടികളെ വിശേഷിപ്പിച്ചത്. പ്രകടനങ്ങൾ അരങ്ങേറുമ്പോൾ ട്രംപ് ഫ്ലോറിഡയിലെ ജൂപിറ്ററിലുള്ള ഗോൾഫ് ക്ലബ്ബിൽ ഗോൾഫ് കളിക്കുകയായിരുന്നു.
Anti-Trump protests staged across US