റിപ്പബ്ലിക്കൻ ചായ്‌വ് പ്രകടമാക്കിയിട്ടുള്ള റാസ്മ്യുസൻ നടത്തിയ സർവേയിൽ ഇതാദ്യമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അംഗീകാരം -- അപ്പ്രൂവൽ റേറ്റിങ് -- ഇടിഞ്ഞതായി കണ്ടു. ഇത്തരമൊരു സർവേ ഫലം റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗങ്ങൾക്കിടയിൽ ട്രംപിന്റെ കരുത്തു കുറയ്ക്കാൻ ഇടയാക്കുമെന്നു നിരീക്ഷകർ പറയുന്നു.
ഏപ്രിൽ 4നു റാസ്മ്യുസൻ നടത്തിയ ട്രാക്കിങ്ങിൽ ട്രംപിനെ അംഗീകരിച്ചവർ 49% ആണ്. 50% പേർ അദ്ദേഹത്തിന്റെ പ്രവർത്തനം അംഗീകരിക്കാൻ വിസമ്മതിക്കുന്നു.
ട്രംപിന്റെ രണ്ടാം ഭരണത്തിൽ ആദ്യമായാണ് റാസ്മ്യുസൻ ട്രാക്കർ ഇത്തരമൊരു ഫലം കാണിക്കുന്നത്. ഏപ്രിൽ 3നു ആദ്യമായി അദ്ദേഹം 50 ശതമാനത്തിനു താഴേക്കു വഴുതി.
വേറെയും ചില സർവേകളിൽ ഈ പ്രവണത കാണുന്നുണ്ട്. അടുത്തിടെ നടന്ന 10 സർവേകളുടെ ശരാശരി വിലയിരുത്തിയ 'ന്യൂസ്‌വീക്' കണ്ട അംഗീകാരം 47% മാത്രമാണ്. ട്രംപിനെ തള്ളുന്നവർ 49% ഉണ്ട്. മാർച്ച് ആദ്യം ഇത് നേരെ തിരിച്ചായിരുന്നു.
റിപ്പബ്ലിക്കൻ അനുഭവമുള്ള മറ്റൊരു ഗ്രൂപ്പായ ആർ എം ജി റിസർച്ച് മാർച്ച് 26നും ഏപ്രിൽ 3നും ഇടയിൽ നടത്തിയ പോളിംഗിലും വീഴ്ച്ച കണ്ടു. ട്രംപിന് 51% അപ്പ്രൂവൽ ഉണ്ട്, പക്ഷെ മാർച്ചിൽ ഈ സർവേയിൽ 52% ഉണ്ടായിരുന്നു. അന്ന് എതിർത്തവർ 45% ആയിരുന്നത് ഇക്കുറി 47% ആയി.
മാർച്ച് 31-ഏപ്രിൽ 2നു റോയിട്ടേഴ്‌സും ഇപ്‌സോസും ചേർന്ന് 1,486 പേരെ സർവേ ചെയ്തപ്പോൾ കണ്ടത് ട്രംപിന്റെ പ്രവർത്തനം അംഗീകരിക്കുന്നത് 43% പേർ മാത്രം എന്നാണ്. ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയ ശേഷമുള്ള ഏറ്റവും പ്രതികൂലമായ ഫലം. മാർച്ച് 21-23 പോളിംഗിൽ അദ്ദേഹത്തിനു 45% ഉണ്ടായിരുന്നു. ജനുവരി 20നു അധികാരമേറ്റു വൈകാതെ നടത്തിയ സർവേയിൽ 47 ശതമാനവും.
മതിപ്പു കുറയുന്നു എന്ന സൂചന
ജനങ്ങളുടെ ഇടയിൽ പ്രസിഡന്റിനു മതിപ്പു കുറയുന്നു എന്ന സൂചനകളാണ് ഈ സർവേകൾ നൽകുന്നത്.
ടിപ്പ് ഇന്സൈറ്റ്സ് മാർച്ച് 26-28 നു 1,452 പേരെ സർവേ ചെയ്തപ്പോൾ 44% ആണ് ട്രംപിനെ അംഗീകരിച്ചത്. 45% തള്ളിക്കളഞ്ഞു. ജനുവരിയിൽ അവർ നടത്തിയ പോളിംഗിൽ ട്രംപിന് 46% അംഗീകാരം ഉണ്ടായിരുന്നു; 41% മാത്രമാണ് അന്ന് എതിർത്തത്.
ജനുവരിയിൽ മാർക്കറ്റ് യൂണിവേഴ്സിറ്റി ലോ സ്കൂൾ നടത്തിയ സർവേയിൽ ട്രംപിന്റെ അംഗീകാരം 48% ആയിരുന്നു. അന്ന് 52% എതിർത്തു. മാർച്ച് 17-27 നു അവർ സർവേ ആവർത്തിച്ചപ്പോൾ അനുകൂല വോട്ട് 46% ആയി കുറഞ്ഞു. എതിർക്കുന്നവർ 54% ആയി ഉയർന്നു.
സമ്പദ് വ്യവസ്ഥയോടുള്ള ട്രംപിന്റെ സമീപനമാണ് വിലക്കയറ്റത്തിൽ ഞെരുങ്ങുന്ന ജനങ്ങളെ രോഷം കൊള്ളിക്കുന്നത് എന്നാണ് സൂചന. ആഗോള താരിഫുകൾ പ്രഖ്യാപിച്ചതോടെ വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും കടുത്ത ആശങ്കകളായി.
താരിഫുകൾ യുഎസ് സമ്പദ് വ്യവസ്ഥയെ ക്ഷീണിപ്പിക്കുമെന്നു പ്രായപൂർത്തിയായവരിൽ 58% വിശ്വസിക്കുന്നതായാണ് മാർക്കറ്റ് സർവേ കാണിച്ചത്. വിലകൾ ഉയരുമെന്നും അത്രയും പേർ കരുതുന്നു.
ജോ ബൈഡൻ അധികാരമേറ്റ 2021ൽ ഏപ്രിൽ 5നു അദ്ദേഹത്തിന്റെ അപ്പ്രൂവൽ 54% ആയിരുന്നു. എതിർത്തവർ 42%.
Trump's approval slips in surveys