Image

നന്മതൻ തളിരുകൾ... (കവിത: നൈന മണ്ണഞ്ചേരി)

Published on 06 April, 2025
നന്മതൻ തളിരുകൾ... (കവിത: നൈന മണ്ണഞ്ചേരി)

ചിരികൾ മറന്നൊരു ദുരിത ജന്മങ്ങളിൽ

ഓർമ്മകൾ നിറയും തകർന്ന ചിത്രങ്ങളിൽ..

ജീവന്റെ  അസ്തമയ താളങ്ങൾ മറയുമ്പോൾ

ഒരു കണ്ണുനീർക്കണം മിഴികളിൽ നിറയുന്നു..    


നന്മ നൽകും തണൽ മരമായ ജീവിതം

ജന്മസുകൃതമായി ഓർമ്മയിൽ നിറയുന്നു

കണ്ണുനീർ വറ്റിയ കാലത്തിൻ നൊമ്പരം

വൃദ്ധസദനത്തിൻ ഏകാന്ത ജാലകം..


ഈണം നിലച്ചൊരു താരാട്ടിനോർമ്മകൾ

വീണു കിടക്കുന്നു ഭൂതകാലങ്ങളിൽ

മറ്റുള്ളവർക്കായി ഓടിയ നാളുകൾ..

ശിഷ്ട ജീവിത പുണ്യമായ് നിറയുന്നു..
 

ഇനിയും നിലയ്ക്കാത്ത ശാപ വചനങ്ങളിൽ

സ്വന്തവും ബന്ധവും അന്യമാം നാളിലും

പാഴ്മരമുള്ളിലും തളിരിട്ടു നിൽക്കുന്നു

കാലമുണക്കാത്ത നന്മ തൻ തളിരുകൾ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക