സി.പി.എമ്മിലെ സൈദ്ധാന്തികനും പ്രായോഗിക വാദിയും സാംസ്‌കാരിക മുഖവുമായ മറിയം അസക്‌സാണ്ടര്‍ ബേബി എന്ന എം.എ ബേബിയുടെ കൈകളിലാണ് ഇനി ഇന്ത്യന്‍ നിരത്തിലെ പാര്‍ട്ടിയുടെ സ്റ്റീയറിങ്. പ്രായത്തിന്റെ ഇളവ് നേടിയ സാക്ഷാല്‍ പിണറായി വിജയന് പോലും ലഭിക്കാത്ത കസേരയാണ് പ്രത്യയശാസ്ത ബുദ്ധിജീവിയായ ബേബിക്ക് ലഭിച്ചിരിക്കുന്നത്. അതിനാല്‍ സാങ്കേതികമായി പിണറായിക്ക് മുകളിലുള്ള അധികാര കേന്ദ്രമായിരിക്കും, ഇ.എം.എസിന് ശേഷം പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പദത്തിലെത്തിയ തനി മലയാളിയായ എം.എ ബേബി.
ബേബിക്ക് ഇന്നലെ (ഏപ്രില്‍ 5) എഴുപത്തിയൊന്നാം പിറന്നാളായിരുന്നു. വാസ്തവത്തില്‍ ഈ ജനറല്‍ സെക്രട്ടറി സ്ഥാനം പാര്‍ട്ടി അദ്ദേഹത്തിന് കൊടുത്ത പിറന്നാള്‍ സമ്മാനമാണ്. ''രാജ്യം അനുഭവിക്കുന്ന വെല്ലുവിളികളാണ് പാര്‍ട്ടിയുടെയും വെല്ലുവിളികള്‍. രാജ്യത്ത് 80,000-ത്തിലധികം പാര്‍ട്ടി ബ്രാഞ്ചുകളുണ്ട്. കൂടാതെ ഇന്റര്‍മീഡിയേറ്ററി കമ്മറ്റികളുണ്ട്. ഈ കമ്മിറ്റികളെല്ലാം സജീവമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ കൈക്കൊണ്ട രാഷ്ട്രീയ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കഴിയും. സംഘടനാപരമായ ഒരു പുനശാക്തീകരണത്തിലേക്ക് പോകേണ്ടതുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്റെ ഇടപ്പെടല്‍ ശേഷി വര്‍ധിപ്പിക്കുന്നതിന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങളിലൂടെ കഴിയും...'' എന്നാണ് പുതിയ ജനറല്‍ സെക്രട്ടറിയുടെ ആദ്യത്തെ പ്രതികരണം.
കേരളത്തില്‍ തുടര്‍ ഭരണം നേടിയെടുക്കാന്‍ വേണ്ടി പാര്‍ട്ടിയും മുന്നണിയും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അത് യാഥാര്‍ത്ഥ്യമാവുമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ മൂന്നാം വട്ടവും അധികാരത്തിലേറുകയെന്നത് ഇനി അത്ര എളുപ്പമുള്ള കാര്യമല്ല. ഭരണ വിരുദ്ധ വികാരവും ബി.ജെ.പിയുടെ ശക്തിയാര്‍ജിക്കലും ഒരു ഘടകമാണ്. സി.പി.എമ്മിന്റെ നല്ലൊരു ശതമാനം വോട്ടുകള്‍ ബി.ജെ.പിയിലേയ്ക്ക് പോയിട്ടുണ്ടെന്ന് 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് തന്നെ വിലയിരുത്തിയിട്ടുണ്ട്. ഒരുകാലത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ടായിരുന്ന ഉറച്ച ജനകീയാടിത്തറയ്ക്ക് വിള്ളലുണ്ടായെന്ന സത്യം അംഗീകരിച്ചുകൊണ്ടുവേണം ബേബിക്ക് സഞ്ചരിക്കാന്‍.
ഇ.എം.എസ് നമ്പൂതിരിപ്പാടോ ഹര്‍കിഷന്‍ സിങ് സുര്‍ജിത്തോ നയിച്ച കാലത്തെ പാര്‍ട്ടിയല്ല എം.എ ബേബിയുടെ കൈകളില്‍ ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. നരേന്ദ്രമോദിയും അമിത് ഷായും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഇന്നു മുതല്‍ സി.പി.എമ്മിന്‍ നിന്ന് മറുപടി പറയേണ്ടത് ബേബിയാണ്. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഇദ്ദേഹം എങ്ങനെയായിരിക്കും അഡ്രസ് ചെയ്യുകയെന്നതും കാണേണ്ടിയിരിക്കുന്നു. എന്നാല്‍ അഖിലേന്ത്യാ തലത്തില്‍ നല്ല പ്രതിഛായയുള്ള ബേബി തികഞ്ഞ ജനകീയനുമാണ്.
2012 മുതല്‍ പോളിറ്റ് ബ്യൂറോയിലുള്ള എം.എ ബേബി ഏറ്റവും സീനിയറായ നേതാവാണ്. സീതാറാം യെച്ചൂരിയും എം.എ ബേബിയും ഡല്‍ഹി കേന്ദ്രമാക്കി ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നവരാണ്. അതുകൊണ്ട് യെച്ചൂരിക്ക് ശേഷം ആരെന്ന ചോദ്യത്തിന് ബേബിയുടെ പേര് ഉയര്‍ന്നു വന്നതില്‍ വലിയ അത്ഭുതമെന്നുമില്ല. നിലവില്‍ പാര്‍ട്ടിയുടെ അന്താരാഷ്ട്ര വിഭാഗത്തിന്റെ പ്രധാന ചുമതലക്കാരന്‍ കൂടിയാണ് എം.എ ബേബി. 12 വര്‍ഷം രാജ്യസഭയിലും 10 വര്‍ഷം നിയമസഭയിലും അംഗമായിരുന്ന എം.എ ബേബിക്ക് സംഘടനാ സംവിധാനത്തിനൊപ്പം പാര്‍ലമെന്ററി സംവിധാനവും ഹൃദിസ്ഥമാണ്. സാധാരണക്കാരായ പാര്‍ട്ടിക്കാരുമായുള്ള ബന്ധം അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നു. ഇ.എം.എസ്, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി എന്നീ ജനറല്‍ സെക്രട്ടറിമാര്‍ക്കൊപ്പം ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ച പാരമ്പര്യമാണ് എം.എ ബേബിയുടെ സമ്പാദ്യം.
കൊല്ലം പ്രാക്കുളം സ്വദേശിയായ എം.എ ബേബി, അദ്ധ്യാപകനായിരുന്ന കുന്നത്ത് പി.എം അലക്‌സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളില്‍ ഇളയവനായി 1954 ഏപ്രില്‍ 5-നാണ് ജനിച്ചത്. ചെറുപ്രായം മുതല്‍ വളര്‍ന്നുവന്നത് കമ്യൂണിസ്റ്റ് സാഹചര്യങ്ങളിലാണ്. പ്രാക്കുളം എന്‍.എസ്.എസ് ഹൈസ്‌കൂളില്‍ ആരംഭിച്ച എം.എ ബേബിയുടെ വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പദത്തില്‍ എത്തി നില്‍ക്കുന്നത്. വിഭാഗീയത കൊടികുത്തി വാണ കാലത്തും സംയമനത്തോടെ ബേബി നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തെ ഏവര്‍ക്കും സ്വീകാര്യനാക്കിയത്.
1974-ല്‍ എസ്.എഫ്.ഐയുടെ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗമായി ഡല്‍ഹിയിലെത്തിയ എം.എ ബേബി, 1975-ല്‍ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, 1977-ല്‍ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റിയംഗം, 1979-ല്‍ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്, 1983-ല്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി 1984-ല്‍ സി.പി.എം സംസ്ഥാന സമിതി അംഗം, 1987-ല്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളില്‍ സൗമ്യവും ദീപ്തവുമായ പ്രവര്‍ത്തനം കാഴ്ചവച്ചു. രാജ്യത്ത് ആറുവര്‍ഷം ഡി.വൈ.എഫ്.ഐ നയിച്ച ബേബിയില്‍ നിന്ന് ആ സ്ഥാനം ഏറ്റെടുത്തത് കഴിഞ്ഞവര്‍ഷം അന്തരിച്ച സീതാറാം യെച്ചൂരിയയാണ്.
1978-ല്‍ എസ്.എഫ്.ഐയുടെ പട്‌ന സമ്മേളനമാണ് ബേബിയെ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത്. അതേ വര്‍ഷമാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഇ.എം.എസ് ചുമതലയേല്‍ക്കുന്നത്. ഇ.എം.എസിനൊപ്പം ആരംഭിച്ചതാണ് ബേബിയുടെ ഡല്‍ഹി പ്രവര്‍ത്തനം എന്ന് ചുരുക്കം. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ ബേബി ക്രൂരമായ പൊലീസ് മര്‍ദനത്തിന് ഇരയായി. പിന്നീട് നിരവധി പാര്‍ട്ടി പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കിയതും ബേബിയായിരുന്നു.
1989-ലാണ് കേന്ദ്ര കമ്മിറ്റി അംഗമായത്. 1992-ല്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായി. 1997-ല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ബേബി 2002 മുതല്‍ 2004 വരെ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2012 മുതല്‍ പൊളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിച്ചുവരികയാണ്. 1986 മുതല്‍ 1998 വരെ രാജ്യസഭാംഗമായി. 32-ാം വയസ്സില്‍ രാജ്യസഭാംഗമായ ബേബി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞവരില്‍ ഒരാളാണ്. 2006-ല്‍ ആദ്യമായി കുണ്ടറയില്‍നിന്ന് നിയമസഭാംഗമായി. തുടര്‍ന്ന് വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ, സംസ്‌കാരികം വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2011-ല്‍ കുണ്ടറയില്‍നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2014-ല്‍ കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ആര്‍.എസ്.പിയുടെ എന്‍.കെ പ്രേമചന്ദ്രനോട് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ സ്ഥാപക കണ്‍വീനറായിരുന്ന ബേബി ഡല്‍ഹി കേന്ദ്രമായി 'സ്വരലയ' എന്ന കലാസാംസ്‌കാരിക സംഘടന രൂപവത്കരിക്കുന്നതില്‍ മുന്‍കയ്യെടുത്തു. പാര്‍ട്ടി പരിപാടികള്‍ക്കൊപ്പം കൊണ്ടുനടന്ന സ്വരലയ എന്ന സാംസ്‌കാരിക സംഘടന ഉയര്‍ന്ന നിലവാരമുള്ള കലാപരിപാടികള്‍ അവതരിപ്പി അകിലേന്ത്യാ ശ്രദ്ധ നേടി. ഇന്ത്യയിലെയും വിദേശത്തേയും മികച്ച കലാകാരന്മാരെല്ലാം സ്വരലയയുടെ ഭാഗമായി.
പറഞ്ഞ വാക്ക് പാലിക്കാന്‍ എം.എ ബേബിയെക്കഴിഞ്ഞ് മറ്റാരുമില്ലെന്നാണ് പറയപ്പെടുന്നത്. അതിനൊരു ഉദാഹരണം ചൂണ്ടിക്കാട്ടാം. കുണ്ടറ എം.എല്‍.എ ആയിരിക്കുമ്പോഴാണ് ബേബി കൊല്ലം ലോക്‌സഭാ സീറ്റിലേയ്ക്ക് മല്‍സരിച്ചത്. തോറ്റാല്‍ എം.എല്‍.എ സ്ഥാനും രാജിവയ്ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പോളിറ്റ് ബ്യൂറോ അംഗം കൂടിയായ ബേബി അന്ന് എന്‍.കെ പ്രേമചന്ദ്രനോട് തോറ്റു. തുടര്‍ന്ന് രാജിവയ്ക്കുകയാണെന്നു പാര്‍ട്ടിയെ അറിയിച്ചെങ്കിലും സി.പി.എം സംസ്ഥാന കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും അതു തള്ളിക്കളഞ്ഞു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് ബേബി നിയമസഭയില്‍ എത്തിയത്.
ബെറ്റി ലൂയിസ് ആണ് എം.എ ബേബിയുടെ ഭാര്യ. മകന്‍ അശോക് ബെറ്റി നെല്‍സണ്‍ സംഗീത-കലാ പ്രിയനായ പിതാവിനൊപ്പം സംഗീത വഴിയിലാണ്. പ്രശസ്ത സംഗീത സംവിധായകന്‍ എം ജയചന്ദ്രന്റെ സംഘത്തിലും തൈക്കുടം ബ്രിഡ്ജ് ബാന്‍ഡിലും എല്ലാം സുപരിചിതനാണ് ബെറ്റി നെല്‍സണ്‍. സനിധയാണ് മരുമകള്‍. തനയ്, റാന്‍ എന്നിവര്‍ പേരക്കൂട്ടികള്‍.