പ്രസിഡന്റ് ട്രംപ് കൊണ്ടുവന്ന താരിഫുകളുടെ പേരിൽ തനിക്കെതിരെ കടുത്ത വിമർശനം ഉയർത്തിയ ശതകോടീശ്വരൻ എലോൺ മസ്‌കിനു മറുപടിയുമായി വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാറോ. മസ്കിനു സ്വന്തം താല്പര്യങ്ങൾ മാത്രമാണ് പ്രധാനമെന്നു അദ്ദേഹം തിരിച്ചടിച്ചു.
താരിഫ് പ്രഖ്യാപിച്ചപ്പോൾ 'അമേരിക്കയുടെ മോചന ദിനം' ആഘോഷിച്ച ട്രംപുമായി ഭിന്നത പ്രകടിപ്പിച്ച അദ്ദേഹത്തിന്റെ വിശ്വസ്തൻ മസ്‌ക് പ്രസിഡന്റിന്റെ നീക്കം മൂലം ഉണ്ടാവുന്ന പ്രത്യാഘാതങ്ങൾക്കു നവാറോയെ കുറ്റം ചാരുകയാണ് ചെയ്തത്. ഹാർവാർഡിൽ നിന്നു പിഎച് ഡി എടുത്ത അദ്ദേഹത്തെ മസ്‌ക് പരിഹസിക്കയും ചെയ്തു.
"ഡി ഓ ജി ഇ ജോലി ചെയ്യുമ്പോൾ എലോൺ മികവ് കാട്ടുന്നു," നവാറോ ഫോക്സ് ന്യൂസിൽ പറഞ്ഞു. "പക്ഷെ ഇവിടെ സംഭവിക്കുന്നത് എന്താണെന്നു ഞങ്ങൾക്ക് അറിയാം. എലോൺ കാറുകൾ വിൽക്കുന്നയാളാണ്. അദ്ദേഹം സ്വന്തം താത്പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്."
താരിഫ് തീർച്ചയായും മസ്കിന്റെ ടെസ്‌ല കാറുകളെ സാരമായി ബാധിക്കുമെന്ന് നവാറോ പറഞ്ഞു. ടെക്സസിലെ ഫാക്ടറിയിലാണ് ടെസ്‌ല നിർമിക്കുന്നതെങ്കിലും അവയുടെ ഭാഗങ്ങൾ ഗണ്യമായ തോതിൽ ചൈന, മെക്സിക്കോ, ജപ്പാൻ, തായ്‌വാൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് വരുന്നത്.
ഈ രാജ്യങ്ങളുടെ മേൽ ട്രംപ് കനത്ത തീരുവ ചുമത്തിയിട്ടുണ്ട്.
മസ്‌കുമായി തനിക്കു ഭിന്നതയൊന്നും ഇല്ലെന്നു നവാറോ പറഞ്ഞു. "നോക്കൂ, ഇവിടെ ഭിന്നതയൊന്നുമില്ല. എലോണിനു വലിയൊരു മൈക്രോഫോൺ ഉണ്ട്: എക്‌സ്. അദ്ദേഹത്തിനു തോന്നുന്നത് പറയുന്നതിൽ ഞങ്ങൾക്കു പ്രശ്നമൊന്നുമില്ല. ഞങ്ങൾക്കു പക്ഷെ കാര്യങ്ങൾ അറിയാമെന്നു അമേരിക്കൻ ജനത മനസിലാക്കണം."
യൂറോപ്പിൽ ബിസിനസ് താല്പര്യങ്ങൾ ഏറെയുള്ള ശതകോടീശ്വരനു ട്രംപിന്റെ താരിഫുകൾ വിപണിയിൽ ഉണ്ടാക്കിയ പ്രത്യാഘാതം മൂലം $11 ആസ്തികളാണ് നഷ്ടമായത്.
നവറോയെ ചൂണ്ടി മസ്‌ക് എക്‌സിൽ എഴുതിയിരുന്നു: "ഹാർവാർഡിൽ നിന്ന് ഇക്കണോമിക്സിൽ പിഎച് ഡി എടുത്തതു മോശപ്പെട്ട കാര്യമാണ്, നല്ല കാര്യമല്ല. അതിന്റെ ഫലമായി അഹംഭാവം/തലച്ചോറ് പ്രശ്നങ്ങൾ ഉണ്ടാവുന്നു." എക്‌സിൽ ഒരാളുടെ കുറിപ്പിനോട് പ്രതികരിക്കയായിരുന്നു മസ്‌ക്.
യൂറോപ്പിന്റെ മേൽ കനത്ത തീരുവ ചുമത്തിയതിനോടും മസ്‌ക് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. യുഎസ്-യൂറോപ്പ് വ്യാപാര ബന്ധങ്ങൾ സ്വതന്ത്രമായി നടത്തണമെന്നു അദ്ദേഹം നിർദേശിച്ചു. "സീറോ താരിഫ്" എന്ന ആശയമാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചത്. "ഫലത്തിൽ ഒരു സ്വതന്ത്ര വ്യാപാര മേഖല."
Navarro hits back at Musk